|    Dec 8 Thu, 2016 1:41 am
FLASH NEWS

സിഎംപി ജോണ്‍ വിഭാഗം സിപിഎമ്മില്‍ ലയിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന്

Published : 25th October 2016 | Posted By: SMR

കല്‍പ്പറ്റ: സിഎംപി ജോണ്‍ വിഭാഗത്തില്‍ നിന്നു രാജിവച്ച് സിപിഎമ്മില്‍ ചേര്‍ന്നതു ടി മോഹനനും ജോസ് പാറപ്പുറവും വിരലിലെണ്ണാവുന്ന ചിലരും മാത്രമാണെന്നു സംസ്ഥാന കമ്മിറ്റി അംഗം സി എം ബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിഎംപി ജോണ്‍ വിഭാഗത്തിലെ ജില്ലാ കമ്മിറ്റി അംഗങ്ങളും സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഇപ്പോഴും സിഎംപിയില്‍ തുടരുകയാണ്. സിപിഎമ്മില്‍ സിഎംപി ജോണ്‍ വിഭാഗം ലയിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. സിപിഎമ്മുമായുള്ള ലയനസമ്മേളനത്തില്‍ പങ്കെടുത്തത് മറ്റ് പാര്‍ട്ടിയിലുള്ള അണികളാണ്. ജില്ലയിലെ സിഎംപി ജോണ്‍ വിഭാഗം ശക്തമാണ്. ടി മോഹനന് പകരമായി പുതിയ ജില്ലാ സെക്രട്ടറി 30നു മുമ്പ് ചുമതലയേല്‍ക്കും. ജില്ലാ ബാങ്ക് അംഗങ്ങളായ രജനി സന്തോഷ്, നിര്‍മല പരേറ്റക്കുന്ന് എന്നിവരുടെ സംഘത്തിലെ ചില അംഗങ്ങള്‍ രാജിവച്ചതായി കാണിച്ച് വയനാട് ജോയിന്റ് രജിസ്ട്രാര്‍ സംഘം ഭരണസമിതി പിരിച്ചുവിട്ടതു നിയമലംഘനമാണ്. ജോയിന്റ് രജിസ്ട്രാറുടെ ഈ നടപടികൊണ്ടുമാത്രം ഇവരെ ജില്ലാ ബാങ്കില്‍ നിന്നു പിന്‍വലിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജില്ലാ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് സിപിഎമ്മില്‍ ചേരാനുള്ള ടി മോഹനന്റെയും ജോസ് പാറപ്പുറത്തിന്റെയും വ്യാമോഹം നടപ്പായില്ല. രജനി സന്തോഷ്, നിര്‍മല പരേറ്റക്കുന്ന് എന്നിവരുടെ സഹകരണ സംഘത്തിന്റെ മിനുട്‌സ് ബുക്ക് ജോസ് പാറപ്പുറത്തിന്റെയും ടി മോഹനന്റെയും കൈവശമാണ്. ഇവരുടെ താല്‍പര്യത്തിന് അനുസരിച്ചാണ് രേഖകള്‍ സൃഷ്ടിക്കുന്നത്. ഭരണസമിതി എങ്ങനെയെങ്കിലും തകര്‍ത്ത് സിപിഎമ്മിനെ പ്രീതിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് ഇവര്‍ നടത്തിയത്. ഇതിനായി കെ വി പോക്കര്‍ ഹാജി, ശകുന്തള ഷണ്‍മുഖന്‍, വി എം പൗലോസ് എന്നിവരുടെ സംഘം വീണ്ടും പിരിച്ചുവിട്ടു. 32ാം വകുപ്പ് അനുസരിച്ച് സംഘം പിരിച്ചുവിടുമ്പോള്‍ ഭരണസമിതിക്ക് നോട്ടീസ് കൊടുക്കണമെന്ന വ്യവസ്ഥപോലും പാലിക്കപ്പെട്ടിട്ടില്ല. സംഘത്തിലെ അംഗങ്ങള്‍ രാജി സമര്‍പ്പിക്കേണ്ടത് സംഘം പ്രസിഡന്റിനാണ്. അല്ലെങ്കില്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ക്ക് നേരിട്ട് സമര്‍പ്പിക്കാം. എന്നാല്‍, ഇതെല്ലാം കാറ്റില്‍പ്പറത്തിയാണ് സഹകരണ വകുപ്പ് സംഘം പിരിച്ചുവിട്ടത്. വാര്‍ത്താസമ്മേളനത്തില്‍ രജനി സന്തോഷ്, നിര്‍മല പരേറ്റക്കുന്ന് എന്നിവരും പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day