|    Dec 6 Tue, 2016 12:08 am
FLASH NEWS

സാഹിത്യ അക്കാദമി 60ാം വാര്‍ഷികാഘോഷം:ദക്ഷിണേന്ത്യന്‍ എഴുത്തുകാരുടെ സംഗമം 10ന്

Published : 9th November 2016 | Posted By: SMR

തൃശൂര്‍: കേരള സാഹിത്യ അക്കാദമിയുടെ 60ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദക്ഷിണേന്ത്യന്‍ എഴുത്തുകാരുടെ സംഗമത്തിന് അക്കാദമി വേദിയൊരുക്കുന്നു. തെലുഗു, കന്നഡ, തമിഴ്, കൊങ്കിണി, മലയാളം ഭാഷകളിലെ പ്രമുഖ എഴുത്തുകാര്‍ സംഗമത്തില്‍ പങ്കെടുക്കും. 2016 നവംബര്‍ 10 വ്യാഴാഴ്ച രാവിലെ 10 മണിക്ക് അക്കാദമി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംഗമം എന്‍ എസ് മാധവന്‍ ഉദ്ഘാടനംചെയ്യും. അക്കാദമി പ്രസിഡന്റ് വൈശാഖന്‍ അധ്യക്ഷത വഹിക്കും. അക്കാദമി സെക്രട്ടറി ഡോ. കെ പി മോഹനന്‍ സംസാരിക്കും. എഴുത്തും പ്രതിരോധവും എന്നതാണ് സംവാദത്തിന്റെ മുഖ്യവിഷയം.അധികാരഘടനയും എഴുത്തും എന്ന വിഷയത്തിലുള്ള സെമിനാറില്‍ തെലുഗു കവി കെ ശിവ റെഡ്ഢി പ്രബന്ധാവതരണം നടത്തും. അശോകന്‍ ചരുവില്‍, തമിഴ് എഴുത്തുകാരന്‍ ബവാ ചെല്ലദുരൈ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ഉപഭോഗപരതയും എഴുത്തും എന്ന വിഷയം തമിഴ് നോവലിസ്റ്റ് പ്രപഞ്ചന്‍ അവതരിപ്പിക്കും. തെലുഗു കവി മെഴ്‌സി മാര്‍ഗരറ്റ്, കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ സത്യപാല്‍ സംസാരിക്കും. ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക് എഴുത്തില്‍ ഭാഷ ഉയര്‍ത്തുന്ന പ്രതിരോധം എന്ന വിഷയത്തില്‍ കന്നഡ കവി ഡോ. ദാമോദരഷെട്ടി പ്രബന്ധം അവതരിപ്പിക്കും. കൊങ്കിണി കവി പരേഷ് നരേന്ദ്ര കാമത്ത്, സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍നായര്‍, അഷ്ടമൂര്‍ത്തി ചര്‍ച്ചയില്‍ പങ്കെടുക്കും. വര്‍ഗ്ഗീയതയും എഴുത്തും എന്ന വിഷയം എന്‍ എസ് മാധവന്‍ അവതരിപ്പിക്കും. കന്നഡ എഴുത്തുകാരി നീല കെ, അക്കാദമി വൈസ് പ്രസിഡന്റ് ഡോ. ഖദീജ മുംതാസ്, കെ രഘുനാഥന്‍ സംസാരിക്കും. അഞ്ചു മണിക്ക് ബഷീര്‍ വേദിയില്‍ സാഹിത്യം പ്രതിരോധത്തിന് എന്ന വിഷയത്തില്‍ തുറന്ന സംവാദം നടക്കും. ആറു മണിക്ക് നടക്കുന്ന കവിസമ്മേളനത്തില്‍ പ്രശസ്ത കവികള്‍ പ്രതിരോധത്തിന്റെ കവിതകളും തുടര്‍ന്ന് കവിയും രംഗവേദി പ്രവര്‍ത്തകനുമായ കരിവെള്ളൂര്‍ മുരളി അതിജീവനസംഗീതവും അവതരിപ്പിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day