|    Dec 8 Thu, 2016 1:45 am
FLASH NEWS

സാമ്പത്തിക പ്രതിസന്ധി; സ്വകാര്യ മേഖലയില്‍ കൂട്ട പിരിച്ചുവിടല്‍

Published : 25th November 2016 | Posted By: SMR

പൊന്നാനി: നോട്ടുകള്‍ അസാധുവാക്കുകയും പണം പിന്‍വലിക്കുന്നതിനു കടുത്ത നിയന്ത്രണവും ഏര്‍പ്പെടുത്തിയതോടെ സംസ്ഥാനത്തെ വ്യാപാര വ്യവസായ രംഗത്ത് വന്‍ ഇടിവ്. നിലവിലെ സാഹചര്യത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത ചെറുതും വലുതുമായ സ്ഥാപനങ്ങള്‍ പകുതിയിലധികം ജീവനക്കാരെയും പിരിച്ചുവിട്ടുകഴിഞ്ഞു.
വസ്ത്രവില്‍പ്പന ശാലകളിലും പ്ലാസ്റ്റിക് ഉല്‍പ്പന്ന മേഖലകളിലും ഹോട്ടലുകളിലും ബേക്കറി രംഗത്തുമാണു കച്ചവടം വന്‍തോതില്‍ കുറഞ്ഞത്. ഓരോ കടക്കാരനും ദിവസവരുമാനത്തിന്റെ 90 ശതമാനവും നഷ്ടത്തിലാണ്. പലര്‍ക്കും വാടകയും തൊഴിലാളികളുടെ കൂലിയും മറ്റു ചെലവുകള്‍ക്കും ആവശ്യമായ തുക ലഭിക്കാതെ വന്നതോടെയാണു ജീവനക്കാരെ പിരിച്ചുവിടാന്‍ തുടങ്ങിയത്.
സംസ്ഥാനത്തെ വിവിധ നഗരങ്ങളിലുള്ള പ്രധാന വസ്ത്രവില്‍പ്പനശാലകളിലൊക്കെയും തൊഴിലാളികളെ പിരിച്ചുവിടുന്നുണ്ട്. ബദല്‍ മാര്‍ഗങ്ങളില്ലെന്നാണു കടയുടമകളുടെ വാദം. 10 ജീവനക്കാര്‍ ഉണ്ടായിരുന്ന ശരാശരി വസ്ത്രവില്‍പ്പനക്കടകളില്‍ ഇപ്പോള്‍ രണ്ടു ജീവനക്കാര്‍ മാത്രമാണുള്ളത്. കിട്ടുന്ന 2000ത്തിനു ചില്ലറ ലഭിക്കാത്തതും ബാങ്കുകളില്‍ പിന്‍വലിക്കാവുന്ന തുകയ്ക്ക് കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതുമാണു കച്ചവടം കുറയാന്‍ കാരണമായത്. നഷ്ടത്തിന്റെ ആഴം കുറയ്ക്കാന്‍ അസാധുവായ നോട്ടുകള്‍ സ്വീകരിച്ച കടകളില്‍ അധികൃതര്‍ പരിശോധന നടത്തിയതോടെ ചെറുകിട കച്ചവടക്കാര്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയാണ്.
നിലവിലെ സാഹചര്യത്തില്‍ നിന്നു പഴയപടിയാവാന്‍ ഒരു വര്‍ഷമെങ്കിലും കാത്തിരിക്കണമെന്നു തൃശൂരിലെ വസ്ത്രവില്‍പ്പനക്കാരനായ റഷീദ് പറയുന്നു. കുന്നംകുളത്തെ പ്രമുഖമായ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്ന ഹോള്‍സെയില്‍ വ്യാപാരശാലയില്‍ നിന്നു കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ പിരിച്ചുവിട്ടത് 80 വനിതാ ജീവനക്കാരെയാണ്. മലബാറില്‍ മൊത്തമായി പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥാപനമായിരുന്നു ഇത്. കച്ചവടം പൂര്‍ണമായി നിലച്ചതോടെ മറ്റു മാര്‍ഗമില്ലായിരുന്നുവെന്നാണ് ഉടമകളുടെ വിശദീകരണം.
സംസ്ഥാനത്താകമാനം വസ്ത്രവില്‍പ്പനശാലയില്‍ നിന്ന് പതിനായിരക്കണക്കിനു പേര്‍ക്കാണു ജോലി നഷ്ടപ്പെട്ടത്. അവശേഷിക്കുന്നവര്‍ക്ക് 30 ശതമാനത്തോളം ശമ്പളം കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.
കച്ചവടം നന്നേ കുറഞ്ഞതോടെ പല വ്യാപാരസ്ഥാപനങ്ങളും അടച്ചുപൂട്ടിക്കഴിഞ്ഞു. വാടകയും ചെലവും നികത്താന്‍ വരുമാനം ലഭിക്കാതെ വന്നതാണു കാരണം. നിര്‍മാണമേഖലകളും പൂര്‍ണമായി നിലച്ച സ്ഥിതിയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day