|    Dec 10 Sat, 2016 11:55 pm

സാധുജന സംഘത്തിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി റദ്ദാക്കരുതെന്ന് പോലിസ്

Published : 1st December 2016 | Posted By: SMR

കൊച്ചി: ആലുവയിലെ ആലങ്ങാട് സെന്റ്. ജോസഫ് സാധുജന സംഘത്തിന് കോടികളുടെ കള്ളപ്പണമുണ്ടെന്നും ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി റദ്ദാക്കരുതെന്നും പോലിസ് ഹൈക്കോടതിയെ അറിയിച്ചു. നിയമ വിരുദ്ധമായ സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നാരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതു പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് സെന്റ്. ജോസഫ് സാധുജന സംഘം നല്‍കിയ ഹര്‍ജിയില്‍ ആലുവ വെസ്റ്റ് പോലിസ് സ്റ്റേഷനിലെ എസ്‌ഐയാണ് ഇക്കാര്യം വ്യക്തമാക്കി വിശദീകരണം നല്‍കിയത്. സാധുജന സംഘത്തിന്റെ പക്കലുള്ള കണക്കില്‍പെടാത്ത പണം സഹകരണ ബാങ്കുകളിലും മറ്റുമാണ് നിക്ഷേപിച്ചിട്ടുള്ളതെന്നും ലൈസന്‍സില്ലാതെ വന്‍ തോതില്‍ നിക്ഷേപം സ്വീകരിച്ചും പണം പലിശയ്ക്കു നല്‍കിയും സംഘം സര്‍ക്കാരിനെ കബളിപ്പിക്കുകയായിരുന്നുവെന്നും സ്റ്റേറ്റ്‌മെന്റില്‍ പറയുന്നു. സെന്റ്. ജോസഫ് സാധുജന സംഘം മതിയായ ലൈസന്‍സില്ലാതെയാണ് സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതെന്നും ഇതേക്കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ആലങ്ങാട് സ്വദേശി ജൂഡോ പീറ്റര്‍ നല്‍കിയ പരാതിയിലാണ് പോലിസ് കേസെടുത്തത്. സാധുജന സംഘത്തിലെ അംഗങ്ങളുടെ  ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ് 1963ല്‍ സംഘം രജിസ്റ്റര്‍ ചെയ്തത്. കോടതിയുടെ അനുമതിയോടെ സാധുജന സംഘത്തിന്റെ ആലങ്ങാട്ടെ പ്രധാന ഓഫിസിലും നീറിക്കോട്, മാളിയംപീടിക എന്നിവിടങ്ങളിലുള്ള ശാഖാ ഓഫിസുകളിലും പരിശോധന നടത്തി 114 രേഖകള്‍ പിടിച്ചെടുത്തു. ഇവ ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പിച്ചിട്ടുണ്ട്. സംഘത്തിന്റെ അനധികൃത സാമ്പത്തികയിടപാടുകളെക്കുറിച്ച് ഡെപ്യൂട്ടി രജിസ്ട്രാര്‍ ഒഫ് ചിറ്റ്‌സ് നടത്തിയ അന്വേഷണത്തില്‍ റിസര്‍വ് ബാങ്കിന്റെ വ്യവസ്ഥകള്‍ ലംഘിച്ച് ചിട്ടി നടത്തി സംഘം വന്‍ തോതില്‍ നിക്ഷേപങ്ങള്‍ സ്വീകരിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. സാധുജന സംഘത്തിന്റെ പ്രസിഡന്റ് കെ വി പോളിന്റെ രാഷ്ട്രീയ ഗുണ്ടാ സ്വാധീനമുപയോഗിച്ചാണ് അനധികൃത ഇടപാടുകള്‍ നടത്തിവന്നത്. പോലിസിന്റെ അന്വേഷണത്തില്‍ ഇക്കാര്യങ്ങള്‍ കണ്ടെത്തിയതോടെ ആലങ്ങാട് സെന്റ്. ജോസഫ് സാധുജന സംഘത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ അപേക്ഷ അനുവദിച്ചു. ഈ അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി റദ്ദാക്കിയാല്‍ നിയമവിരുദ്ധമായ സാമ്പത്തിക ഇടപാടുകള്‍ പ്രതികള്‍ വീണ്ടും തുടരും. അന്വേഷണത്തില്‍ ഹര്‍ജിക്കാര്‍ക്കു പുറമേ എട്ടുപേരെ പ്രതിചേര്‍ത്തിട്ടുണ്ടെന്നും സ്റ്റേറ്റ്‌മെന്റില്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക