|    Oct 26 Wed, 2016 11:19 am

സാക്കിര്‍ നായിക്കിന്റെ പ്രസംഗ-സംവാദ സിഡികള്‍ക്ക് ആവശ്യക്കാരേറുന്നു

Published : 15th July 2016 | Posted By: sdq

കെ എം അക്ബര്‍

ചാവക്കാട്: ലോക പ്രശസ്ത ഇസ്‌ലാമിക പണ്ഡിതന്‍ ഡോ. സാക്കിര്‍ നായിക്കിന്റെ പ്രസംഗ-സംവാദ സിഡികള്‍ക്ക് ആവശ്യക്കാരേറുന്നു. ദിനം പ്രതി കേരളത്തില്‍ വിറ്റഴിയുന്നത് ആയിരക്കണക്കിന് സിഡികള്‍. ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകന്‍ കൂടിയായ സാക്കിര്‍ നായിക്കിനെ ഫേസ്ബുക്കില്‍ പിന്തുടരുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ധനവാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. കൂടാതെ ഒരാഴ്ച്ചക്കിടെ സക്കിര്‍ നായികിന്റെ പ്രസംഗങ്ങള്‍ യൂ ട്യൂബില്‍ കണ്ടവരുടെ എണ്ണത്തിലും ലക്ഷങ്ങളുടെ വര്‍ധനവുണ്ട്. ‘ചോദിക്കാന്‍ ധൈര്യപ്പെടുക’, ‘ദൈവ സങ്കല്‍പ്പം: ഹൈന്ദവത-ഇസ്‌ലാം’, ‘സിമിലാരിറ്റീസ് ഹിന്ദുയിസം ഇസ്‌ലാം’, ‘യേശു ക്രിസ്തു ക്രൂശിക്കപ്പെട്ടുവോ’ തുടങ്ങിയ സിഡികള്‍ ചൂടപ്പം പോലേയാണ് പലയിടങ്ങളിലും വിറ്റഴിയുന്നത്.

 ഇന്നലെ വരെ ഒന്നര കോടിയിലധികം പേര്‍ സാക്കിര്‍ നായിക്കിന്റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തു കഴിഞ്ഞു. സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്യുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യനായിഡുവിന്റെ പ്രസ്താവനയും വന്നതോടെ പല സിഡി വില്‍പ്പന കേന്ദ്രങ്ങളും സാക്കിര്‍ നായിക്കിന്റെ പ്രസംഗ-സംവാദ സിഡികള്‍ പിന്‍വലിച്ചിരുന്നു. zakir-naik

ഇതിനിടയിലാണ് സാക്കിര്‍ നായിക്കിന്റെ പ്രസംഗ-സംവാദ സിഡികള്‍ക്ക് ആവശ്യക്കാര്‍ ഏറിയിട്ടുള്ളത്. യൂ ട്യൂബില്‍ സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ കണ്ട ശേഷം അമുസ്‌ലീകളായ നിരവധി പേര്‍ സാക്കിര്‍ നായിക്കിനെ പിന്തുണച്ച് ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്തത് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇത്തരത്തില്‍ പതിനായിരക്കണക്കിന് പോസ്റ്റുകളും കമന്റുകളും ഫേസ്ബുക്കില്‍ മാത്രം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിലെ സ്പാനിഷ് കഫേയില്‍ ആക്രമണം നടത്തിയവര്‍ക്ക് പ്രചോദനമായെന്ന് ബംഗ്ലാദേശിലെ ഒരു ദിനപത്രം ആരോപിച്ചതോടേയാണ് ഹിന്ദുത്വര്‍ ഉള്‍പ്പെടേയുള്ളവര്‍ സാക്കിര്‍ നായിക്കിനെതിരേ രംഗത്തു വന്നത്. എന്നാല്‍, ധാക്കാ ആക്രമണത്തിന് സാക്കിര്‍ നായിക് പ്രേരണയായെന്ന് തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഇക്കാര്യത്തില്‍ സാക്കിര്‍ നായിക്കിന് എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടായെങ്കില്‍ ഖേദിക്കുന്നതായും ബംഗ്ലാദേശ് ദിനപത്രം ‘ദി ഡെയ്‌ലി സ്റ്റാര്‍’ പിന്നീട് വ്യക്തമാക്കിയെങ്കിലും സാക്കിര്‍ നായിക്കിനെതിരേയുള്ള പ്രതിഷേധത്തില്‍ നിന്നും ഇക്കൂട്ടര്‍ പിന്മാറിയിരുന്നില്ല. ഫേസ്ബുക്കിലെ പ്രമുഖ മലയാള ഗ്രൂപ്പായ റൈറ്റ് തിങ്കേഴ്‌സ് സാക്കിര്‍ നായിക്കിന്റെ ചിത്രം അതിന്റെ കവര്‍ ഫോട്ടോയാക്കിയാണ് പിന്തുണയറിയിച്ചത്. മഅ്ദനി, സാക്കിര്‍ നായിക് ഹൂസ് നെക്‌സ്റ്റ്? എന്ന തലക്കെട്ടും കവര്‍ ഫോട്ടോക്ക് നല്‍കിയിരുന്നു. സാക്കിര്‍ നായിക്കിനെ വളഞ്ഞിട്ട് കുരുക്കാനുള്ള ശ്രമങ്ങള്‍ക്കെതിരേ മുസ്‌ലിം ലീഗ്, എസ്ഡിപിഐ തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളും മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി, പോപുലര്‍ ഫ്രണ്ട്, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ തുടങ്ങി സംഘടനകളും രംഗത്തെത്തിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2,345 times, 2 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day