|    Dec 11 Sun, 2016 9:34 am

സാക്കിര്‍ നായിക്കിനെതിരേ കേന്ദ്രം ഇന്റര്‍പോള്‍ സഹായം തേടുന്നു; വെബ്‌സൈറ്റും ബ്ലോഗും ബ്ലോക്ക് ചെയ്തു

Published : 22nd November 2016 | Posted By: SMR

ന്യൂഡല്‍ഹി: പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും പ്രബോധകനുമായ സാക്കിര്‍ നായിക്കിനെ വിളിച്ചുവരുത്തി ചോദ്യംചെയ്യാന്‍ ദേശീയ അന്വേഷണ ഏജന്‍സി ശ്രമം നടത്തുന്നു. നായിക് ഇന്ത്യയിലേക്ക് തിരിച്ചുവരുന്നില്ലെങ്കില്‍ അദ്ദേഹത്തിന് ജാമ്യമില്ലാ വാറണ്ട് അയക്കാനാണ് എന്‍ഐഎ ആലോചിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
നായിക് ഇന്ത്യയിലെ അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാവുന്നില്ലെങ്കില്‍ അദ്ദേഹത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച്  ഇന്റര്‍പോളിന്റെ സഹായം തേടിയേക്കുമെന്നും റിപോര്‍ട്ടുണ്ട്. അദ്ദേഹത്തിനെതിരേ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികളാണ് ഏജന്‍സി നടത്തുന്നതെന്നാണ് സൂചന. സാക്കിര്‍ നായിക് ഇപ്പോള്‍ സൗദി അറേബ്യയില്‍ ആണെന്നാണ് എജന്‍സികള്‍ കരുതുന്നത്. അങ്ങനെയെങ്കില്‍, ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ പുറപ്പെടുവിച്ചാല്‍  സൗദിഅറേബ്യ അദ്ദേഹത്തെ ഇന്ത്യക്ക് കൈമാറേണ്ടി വരും.
സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ യുവാക്കളെ ഭീകരവാദത്തിലേക്ക് ആകര്‍ഷിച്ചുവെന്ന് ആരോപിച്ചാണ് അദ്ദേഹത്തിനെതിരേ യുഎപിഎ പ്രകാരം കുറ്റം ചുമത്തിയിരിക്കുന്നത്. പ്രഭാഷണങ്ങള്‍ പരിശോധിച്ചാണ് കേസെടുത്തതെന്ന് എന്‍ഐഎ അവകാശപ്പെടുന്നു. ഇതേതുടര്‍ന്ന്, മുംബൈയിലെ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനും (ഐആര്‍എഫ്) അനുബന്ധ സ്ഥാപനങ്ങളും കഴിഞ്ഞ ദിവസം എന്‍ഐഎ പരിശോധന നടത്തിയിരുന്നു. ഇന്നലെ ഐആര്‍എഫിന്റെയും അതിന് കീഴിലുള്ള ഇസ്ലാമിക് ഇന്റര്‍നാഷനല്‍ സ്‌കൂളിന്റെയും വെബ്‌സൈറ്റുകളും സാക്കിര്‍ നായിക്കിന്റെ ബ്ലോഗും ബ്ലോക്ക് ചെയ്തിട്ടുണ്ട്.
അതേസമയം, നായിക്കിന്റെ ഫേസ്ബുക്ക് പേജ്, ട്വിറ്റര്‍ അക്കൗണ്ട്, യു ട്യൂബ് വീഡിയോകള്‍ എന്നിവ റദ്ദാക്കാന്‍ ഗൂഗിള്‍, യാഹു തുടങ്ങിയ കമ്പനികളുടെ അധികൃതരുടെ സഹായം തേടിയിട്ടുണ്ടെന്ന് എന്‍ഐ എ വൃത്തങ്ങള്‍ അറിയിച്ചു.
ഐആര്‍എഫ് കൈകാര്യം ചെയ്യുന്ന ഫേസ്ബുക്ക് പേജും മറ്റും ഉപയോഗിച്ചാണ് നായിക്കിന്റെ പ്രസംഗങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും ഈ ഫേസ്ബുക്ക് പേജിന് ഇന്ത്യയൊട്ടുക്കും നിരവധി പ്രേക്ഷകരുണ്ടെന്നും ഇക്കാര്യത്തില്‍ അതിന്റെ അധികൃതരുമായി ബന്ധപ്പെട്ട് പെട്ടെന്ന് നടപടിയെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയവൃത്തങ്ങള്‍ പറഞ്ഞു.
ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിരോധിച്ചിരുന്നു. ഭീകരപ്രവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ച് അഞ്ചു വര്‍ഷത്തേക്കാണ് നിരോധനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 612 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക