|    Dec 6 Tue, 2016 12:02 am
FLASH NEWS

സഹകരണ ബാങ്കുകളെ കരിവാരിത്തേക്കാന്‍ ശ്രമം; കേന്ദ്ര നീക്കത്തിനെതിരേ പ്രതിരോധം തീര്‍ത്ത് സിപിഎമ്മും കോണ്‍ഗ്രസും

Published : 12th November 2016 | Posted By: SMR

തിരുവനന്തപുരം: നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ സഹകരണ ബാങ്കുകളെ കരിവാരിത്തേക്കാനും തകര്‍ക്കാനുമുള്ള കേന്ദ്ര സഹായത്തോടെയുള്ള ബിജെപി നീക്കത്തിന് തടയിട്ട് സിപിഎമ്മും കോണ്‍ഗ്രസും രംഗത്ത്. സഹകരണ ബാങ്കിലെ കോടിക്കണക്കിന് വരുന്ന നിക്ഷേപത്തില്‍ കള്ളപ്പണമുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നുമാണ് ബിജെപിയുടെ ആവശ്യം.
ബിജെപി നേതാവ് കെ സുരേന്ദ്രന്‍ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, സഹകരണ വകുപ്പു മന്ത്രി എ സി മൊയ്തീന്‍ എന്നിവര്‍ ബിജെപി നീക്കത്തിനെതിരേ രംഗത്തെത്തിയത്. മാത്രവുമല്ല, സകല ബാങ്കുകളിലും പഴയ നോട്ടുകള്‍ സ്വീകരിച്ച് പുതിയ നോട്ട് നല്‍കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയപ്പോള്‍ സഹകരണ ബാങ്ക് ഇതില്‍നിന്ന് ഒഴിവാക്കി. നിലവില്‍ സഹകരണ ബാങ്കില്‍ അക്കൗണ്ടുള്ളവര്‍ക്ക് അസാധുവായ നോട്ട് നിക്ഷേപിക്കാനേ നിര്‍വാഹമുള്ളൂ. ഫലത്തില്‍ സഹകരണ ബാങ്കിനെ തകര്‍ക്കാനുള്ള ശ്രമമാണിതെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. കൂടാതെ ആദായനികുതി വകുപ്പിനെ ഉപയോഗിച്ചുള്ള നീക്കവുമുണ്ട്. കേരളത്തിലെ സഹകരണ ബാങ്കുകളില്‍ ഭൂരിഭാഗവും നിയന്ത്രിക്കുന്നത് സിപിഎമ്മാണ്. കോണ്‍ഗ്രസ്സിനും ലീഗിനും നിരവധി ബാങ്കുകളുടെ നിയന്ത്രണമുണ്ട്. കാസര്‍കോട് ജില്ലയില്‍ ചില ബാങ്കുകള്‍ ബിജെപിക്കാരും നിയന്ത്രിക്കുന്നു.
കേരളത്തിലെ സഹകരണ മേഖലയെക്കുറിച്ചും ബാങ്കുകളെക്കുറിച്ചും അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ച് നുണക്കഥകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും ജനതയുടെ സ്വപ്‌നങ്ങളും പോരാട്ടങ്ങളുമായും സംസ്ഥാന ചരിത്രവുമായും ഇഴപിരിഞ്ഞുകിടക്കുന്ന നീണ്ട ചരിത്രമാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങള്‍ക്കുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.  കേരളത്തിലെ ജനങ്ങളുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കുകള്‍ തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്ന് മന്ത്രി എ സി മൊയ്തീന്‍ ആരോപിച്ചു. പുതുതലമുറ ബാങ്കുകള്‍ക്ക് ജനങ്ങളെ ചൂഷണം ചെയ്യാന്‍ അവസരമുണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇത്തരം പ്രചാരണത്തിനു പിന്നിലെന്നും മന്ത്രി കുറ്റപ്പെടുത്തി.
സഹകരണ മേഖലയുടെ പ്രവര്‍ത്തനം സാര്‍വത്രികമായി അംഗീകരിക്കപ്പെട്ടതാണെന്നും സഹകരണ മേഖലയെ അടച്ചാക്ഷേപിച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്രനീക്കം രാഷ്ട്രീയലക്ഷ്യം വച്ചുള്ളതാണെന്നും കെ പിസിസി പ്രസിഡന്റ് സുധീരന്‍ അഭിപ്രായപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day