|    Dec 6 Tue, 2016 8:23 am
FLASH NEWS

സഹകരണ ബാങ്കുകളില്‍ നിക്ഷേപം സ്വീകരിക്കാന്‍ അപ്രഖ്യാപിത വിലക്ക്

Published : 13th November 2016 | Posted By: G.A.G

bank

ഹനീഫ എടക്കാട്

തിരുവനന്തപുരം: പിന്‍വലിച്ച 500, 1000 നോട്ടുകള്‍ ഉപഭോക്താക്കള്‍ക്ക് സഹകരണ ബാങ്കുകളിലെയും പ്രാഥമിക സഹകരണ സംഘങ്ങളിലെയും അക്കൗണ്ടില്‍ നിക്ഷേപിക്കാമെന്ന റിസര്‍വ് ബാങ്ക് നിര്‍ദേശം ലംഘിക്കപ്പെടുന്നു. സഹകരണ മേഖലയിലെ പല ബാങ്കുകളും കഴിഞ്ഞ ദിവസം പിന്‍വലിച്ച നോട്ട് സ്വീകരിച്ചില്ല. നിലവില്‍ അക്കൗണ്ടുള്ള കറന്റ്, സേവിങ്‌സ് ഉടമകള്‍ക്ക് പിന്‍വലിച്ച നോട്ട് നിക്ഷേപിക്കാനുള്ള അവസരമാണ് ഇതോടെ നിഷേധിക്കപ്പെട്ടത്. തങ്ങള്‍ക്കു മുകളില്‍ നിന്നുള്ള നിര്‍ദേശമുണ്ടെന്നും അതുകൊണ്ടാണ് നോട്ട് സ്വീകരിക്കാത്തതെന്നുമാണ് ബാങ്ക് അധികൃതര്‍ ഉപഭോക്താക്കളോടു പറഞ്ഞത്. അതേസമയം, ജില്ലാ ബാങ്കുകളും ഇവയുടെ ശാഖകളിലും പിന്‍വലിച്ച നോട്ട് സ്വീകരിച്ചിട്ടുമുണ്ട്. നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് അധികൃതര്‍ ഇറക്കിയ നിര്‍ദേശം ചില ബാങ്ക് അധികൃതരില്‍ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. ഇതാണ് നിക്ഷേപം സ്വീകരിക്കാതിരുന്നതിനു കാരണമായതെന്നാണു കരുതുന്നത്.നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനം വന്ന 8ന് രാത്രിയില്‍ നോട്ട് സ്വീകരിക്കുന്നതിനും മാറ്റി നല്‍കുന്നതിനും സഹകരണമേഖലയിലെ ബാങ്കുകളെ ഉള്‍പ്പെടുത്തിയിരുന്നില്ല. തുടര്‍ന്ന് സംസ്ഥാന മന്ത്രിസഭ അടിയന്തരമായി കൂടുകയും കേന്ദ്രത്തോടും റിസര്‍വ് ബാങ്കിനോടും അഭ്യര്‍ഥിച്ചതിന്റെ ഫലമായാണ് അസാധുവാക്കിയ നോട്ട് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കാനുള്ള അനുമതി നല്‍കിയത്. അപ്പോഴും നോട്ട് മാറ്റിനല്‍കാന്‍ അനുമതി നല്‍കിയതുമില്ല. ഇതിനിടെ അക്കൗണ്ടില്ലാത്തവര്‍ക്ക് പുതിയ അക്കൗണ്ട് തുടങ്ങി കൈയിലുള്ള അസാധുവായ നോട്ട് നിക്ഷേപിക്കാനും സഹകരണ ബാങ്കുകള്‍ സമ്മതിച്ചില്ല. നേരത്തേ കറന്റ്, സേവിങ്‌സ് അക്കൗണ്ടുള്ളവര്‍ക്കു മാത്രമേ, നിക്ഷേപിക്കാന്‍ അനുമതിയുള്ളൂവെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. ഇതിനിടെയാണ് ചില ബാങ്കുകള്‍ നിലവില്‍ അക്കൗണ്ടുള്ളവരുടെയും പഴയനോട്ട് സ്വീകരിക്കാതെ മടക്കി അയച്ചത്. ഫലത്തില്‍ സഹകരണ ബാങ്ക് അധികൃതരിലുണ്ടായ ആശയക്കുഴപ്പം ഉപഭോക്താക്കളെയാണ് വട്ടംചുറ്റിക്കുന്നത്. സംസ്ഥാനത്ത് നാഷനലൈസ്ഡ് ബാങ്കുകള്‍ക്കൊപ്പം നിക്ഷേപം കൊണ്ടും വായ്പ നല്‍കുന്നതിലും ഏതാണ്ട് ഒപ്പത്തിനൊപ്പമെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നവയാണ് സഹകരണ മേഖലയിലെ ബാങ്കുകള്‍. നാട്ടിന്‍പുറത്തെ സാധാരണക്കാര്‍ക്ക് അക്കൗണ്ടുള്ളതും ഇവിടങ്ങളിലാണ്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. ഇവര്‍ക്ക് പഴയനോട്ട് നഷ്ടമാവാതെ നിക്ഷേപിക്കാനുള്ള അവസരമാണ് ഇതോടെ നിഷേധിക്കപ്പെടുന്നത്. നോട്ട് അസാധുവാക്കിയ കഴിഞ്ഞ 8ന് സംസ്ഥാനത്തെ ചില സഹകരണബാങ്കിന്റെ സായാഹ്‌ന ശാഖകള്‍ പ്രവൃത്തി സമയം കഴിഞ്ഞും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഇവിടങ്ങളില്‍ കള്ളപ്പണം നിക്ഷേപിക്കപ്പെട്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ആദായനികുതി വിഭാഗം പരിശോധിക്കുമെന്ന ഭീതിയാണ് നിക്ഷേപം സ്വീകരിക്കാന്‍ ബാങ്കുകള്‍ മടികാണിക്കുന്നതെന്നും സൂചനയുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 359 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day