|    Dec 4 Sun, 2016 9:44 pm
FLASH NEWS

സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ അനുവദിക്കരുത്

Published : 17th November 2016 | Posted By: SMR

രാജ്യത്തെ മൊത്തം കറന്‍സിയുടെ സിംഹഭാഗം വരുന്ന 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനു പിന്നില്‍ ധനശാസ്ത്രപരമായി വിശദീകരിക്കാനാവാത്ത ലക്ഷ്യങ്ങള്‍ കൂടിയുണ്ട് എന്നു വ്യക്തമാക്കുന്ന നടപടികളാണ് നരേന്ദ്ര മോദി ഭരണകൂടം തുടര്‍ന്ന് സ്വീകരിക്കുന്നത്. കേരളത്തിലെ പല സഹകരണ ബാങ്കുകളും റദ്ദാക്കിയ നോട്ടുകള്‍ സ്വീകരിക്കാന്‍ പാടില്ലെന്നു റിസര്‍വ് ബാങ്ക് വ്യക്തമാക്കിയത് സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് എന്നു സംശയിക്കണം. ജില്ലാ സഹകരണ ബാങ്കുകളെയും പ്രാഥമിക സഹകരണ ബാങ്കുകളെയും പഴയ നോട്ടുകള്‍ സ്വീകരിക്കാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ അഭ്യര്‍ഥനയാണ് കേന്ദ്ര ഭരണകൂടം തിരസ്‌കരിക്കുന്നത്. അതിനു പറയുന്ന ന്യായങ്ങളോ തുലോം ബാലിശവും. കള്ളനോട്ടുകള്‍ പരിശോധിക്കാനുള്ള സംവിധാനം സഹകരണ ബാങ്കുകള്‍ക്കില്ല എന്നതാണ് ഒരു കാരണമായി പറയുന്നത്. ഇതു കേട്ടാല്‍ പോസ്റ്റ് ഓഫിസുകളിലും പെട്രോള്‍ പമ്പുകളിലുമൊക്കെ അതു പരിശോധിക്കാനുള്ള സംവിധാനമുണ്ടെന്ന് തോന്നും. അതിനു പുറമെ, കള്ളപ്പണം ശേഖരിക്കുന്ന സ്ഥാപനങ്ങളാണ് സഹകരണ ബാങ്കുകള്‍ എന്ന ദുസ്സൂചനയും ചില കേന്ദ്രങ്ങളില്‍ നിന്നു വരുന്നുണ്ട്.
കേരളത്തില്‍ വളരെ സജീവവും സംഘടിതവുമായി പ്രവര്‍ത്തിക്കുന്നവയാണ് സഹകരണ മേഖലയിലെ ധനകാര്യ സ്ഥാപനങ്ങള്‍. സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്ക്, പ്രാഥമിക ബാങ്കുകള്‍ എന്നിങ്ങനെ മൂന്നു തട്ടുകളിലായാണ് സഹകരണ മേഖല പ്രവര്‍ത്തിക്കുന്നത്. നൂറുകോടിയിലധികം നിക്ഷേപവും പതിനായിരക്കണക്കിന് നിക്ഷേപകരുമുള്ള 1500ലധികം പ്രാഥമിക സഹകരണ സംഘങ്ങള്‍ സംസ്ഥാനത്തുണ്ട്. ജില്ലാ സഹകരണ ബാങ്കുകളുടെ മേല്‍നോട്ടത്തില്‍ പണമിടപാട് നടത്തുന്ന സഹകരണ സംഘങ്ങള്‍ അതിനു പുറമെ. സഹകരണ സ്ഥാപനങ്ങള്‍ പലതും സാധാരണക്കാര്‍ക്കു വളരെ സഹായകമാണ്. കുറഞ്ഞ നിരക്കില്‍ മരുന്ന്, ലാഭം കുറച്ചുള്ള നിത്യോപയോഗ സാധനങ്ങള്‍- അങ്ങനെ പലതും സഹകരണ ബാങ്കുകള്‍ നല്‍കുന്നു. സര്‍ക്കാരിന്റെ അനുമതിയോടെയാണ് അവ പ്രവര്‍ത്തിക്കുന്നത്. റിസര്‍വ് ബാങ്ക് പല സഹകരണ ബാങ്കുകളെയും സാധാരണ ഷെഡ്യൂള്‍ഡ് ബാങ്കുകളെപ്പോലെ നിയന്ത്രിക്കുന്നു.
കേരളീയരുടെ നിത്യജീവിതത്തിന്റെ ഭാഗമായ സഹകരണ സ്ഥാപനങ്ങളെ ഈ അവസരമുപയോഗിച്ച് തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഹിന്ദുത്വ വലതുപക്ഷ വിഭാഗങ്ങള്‍ക്ക് കേരളത്തിലെ സഹകരണ ധനകാര്യസ്ഥാപനങ്ങളുടെ നേരെ പല കാരണങ്ങളാലും വെറുപ്പുണ്ടാവുക സ്വാഭാവികമാണ്. അവരുടെ മുന്‍ഗാമികളുടെ ഫ്യൂഡല്‍ താല്‍പര്യങ്ങള്‍ തകര്‍ക്കുന്നതായിരുന്നു സഹകരണ പ്രസ്ഥാനങ്ങള്‍. പൊതുമേഖലാ ബാങ്കുകളെപ്പോലെ സഹകരണ പ്രസ്ഥാനങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാത്തതിലുള്ള അമര്‍ഷവും അവര്‍ക്കു കാണും. കള്ളപ്പണക്കാരെ സംരക്ഷിക്കുന്നതില്‍ പല ഷെഡ്യൂള്‍ഡ് ബാങ്കുകളും ഒട്ടും പിന്നിലല്ല എന്നതിനു ധാരാളം തെളിവുകള്‍ നമ്മുടെ മുമ്പിലുണ്ട്. അവ ഇല്ലാത്തതുകൊണ്ടല്ലല്ലോ രാജ്യത്ത് കള്ളനോട്ടുകള്‍ വ്യാപകമായത്.
കേരളത്തിന്റെ സാമ്പത്തിക സുരക്ഷിതത്വത്തിനും വളര്‍ച്ചയ്ക്കും വലിയ സംഭാവനയര്‍പ്പിക്കുന്ന സഹകരണ സ്ഥാപനങ്ങള്‍ തകര്‍ക്കാനുള്ള നീക്കങ്ങളെ കേരളീയര്‍ ഒന്നിച്ചുനിന്ന് എതിര്‍ത്തുതോല്‍പിക്കേണ്ടതുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 150 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day