|    Dec 8 Thu, 2016 3:15 pm
FLASH NEWS

സസ്‌പെന്‍ഷനിലായ മജിസ്‌ട്രേറ്റ് താമസസ്ഥലത്ത് ജീവനൊടുക്കി

Published : 10th November 2016 | Posted By: SMR

കാസര്‍കോട്: ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) വി കെ ഉണ്ണികൃഷ്ണന്‍ (45) താമസസ്ഥലത്ത് ജീവനൊടുക്കി. കര്‍ണാടക സുള്ള്യയില്‍ നടുറോഡില്‍ മദ്യപിച്ച് ബഹളം വച്ചെന്ന ആരേപണത്തില്‍ ചൊവ്വാഴ്ച ഇദ്ദേഹത്തെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഇന്നലെ രാവിലെ ഒമ്പതോടെ ജില്ലാകോടതി സമുച്ചയത്തിന് സമീപത്തെ ക്വാര്‍ട്ടേഴ്‌സിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. തുടര്‍ന്ന് മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്നലെ രാവിലെ  ബന്ധുവായ യുവാവ് ഭക്ഷണം വാങ്ങിച്ചു തിരികെ എത്തിയപ്പോഴാണ് മജിസ്‌ട്രേറ്റിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ വിദ്യാനഗര്‍ പോലിസില്‍ വിവരം അറിയിച്ചു. പോലിസ് വിദ്യാസാഗറിലെ  സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണപ്പെട്ടിരുന്നു. തൃശൂര്‍ വാഴപ്പിള്ളി മുല്ലശ്ശേരി ഹൗസിലെ കണ്ടന്‍കുട്ടി-കുറുംബ ദമ്പതികളുടെ മകനാണ്. ഭാര്യ: ലക്ഷ്മി (അധ്യാപിക, തിരുവനന്തപുരം). മക്കള്‍: സായ്കൃഷ്ണ, ഗൗരി കൃഷ്ണ. സഹോദരങ്ങള്‍: സുരേന്ദ്രന്‍ (എസ്‌ഐ, ഗുരൂവായൂര്‍), ബിന്ദു, സിന്ധു, ശാരദ.
കഴിഞ്ഞ ഞായറാഴ്ച ഇദ്ദേഹം കര്‍ണാടക സുബ്രഹ്മണ്യയില്‍ ക്ഷേത്രദര്‍ശനത്തിന് പോയിരുന്നു. തുടര്‍ന്ന് ഓട്ടോ ഡ്രൈവറുമായുള്ള തര്‍ക്കമുണ്ടായിരുന്നു. സ്ഥലത്ത് എത്തിയ കര്‍ണാടക പോലിസുകാരന്‍ ഇദ്ദേഹത്തെ കൈക്ക്പിടിച്ചു. എന്നാല്‍ താന്‍ മജിസ്‌ട്രേറ്റാണെന്ന് പറഞ്ഞ് ഐഡി കാര്‍ഡ് കാണിച്ചപ്പോള്‍ കാര്‍ഡ് തട്ടിത്തെറിപ്പിക്കുകയായിരുന്നു.  സുള്ള്യ എസ്‌ഐയുടെ നേതൃത്വത്തില്‍ സ്റ്റേഷനില്‍ കൊണ്ടുപോയി ലോക്കപ്പിലിട്ട് മര്‍ദിക്കുകയും ചെയ്തിരുന്നു. ദാഹിച്ച് വെള്ളം ചോദിച്ചപ്പോള്‍ പോലിസുകാര്‍ ശീതളപാനീയം എന്ന പേരില്‍ മദ്യം നിര്‍ബന്ധിപ്പിച്ച് കുടിപ്പിച്ചതായും ഉണ്ണികൃഷ്ണന്‍ കഴിഞ്ഞ ദിവസം കാസര്‍കോട്ടെ ആശുപത്രിയില്‍ വച്ച് തേജസിനോട് പറഞ്ഞിരുന്നു.
സംഭവം വിവാദമാവുകയും കര്‍ണാടക പോലിസ് ഓട്ടോ ഡ്രൈവറെ മര്‍ദിച്ചതിനും പോലിസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും മജിസ്‌ട്രേറ്റിനെതിരേ രണ്ടുകേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. സംഭവത്തില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇദ്ദേഹത്തില്‍നിന്ന് വിശദീകരണവും ജില്ലാ ജഡ്ജിയില്‍നിന്ന് റിപോര്‍ട്ടും തേടിയിരുന്നു.
മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day