|    Oct 27 Thu, 2016 4:39 am
FLASH NEWS

സര്‍ക്കാര്‍ വിഹിതം ലഭിച്ചില്ല; കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍: പെന്‍ഷന്‍ മുടങ്ങി

Published : 18th July 2016 | Posted By: SMR

തിരുവനന്തപുരം: സര്‍ക്കാര്‍ വിഹിതം ലഭിക്കാത്തതുമൂലം കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ മുടങ്ങി. ഈ മാസത്തെ പെന്‍ഷനാണ് കൊടുക്കാനാവാത്തത്. പ്രതിമാസം ആകെ വേണ്ട 55 കോടി രൂപയില്‍ ട്രഷറിയില്‍ എത്തിയത് കെഎസ്ആര്‍ടിസിയുടെ വിഹിതമായ 20 കോടി മാത്രം. അതാവട്ടെ 12നും 16നുമായാണ് നിക്ഷേപിക്കാനായത്. കലക്ഷന്‍ കുറഞ്ഞതാണു കാരണം.
എന്നാല്‍, രണ്ടുവര്‍ഷം മുമ്പ് രൂപീകരിച്ച പെന്‍ഷന്‍ ഫണ്ടിലേക്ക് 20 കോടി രൂപ സര്‍ക്കാരും 20 കോടി കെഎസ്ആര്‍ടിസിയും നല്‍കി പെന്‍ഷന്‍ നല്‍കാനായിരുന്നു ധാരണ. ഇതുപ്രകാരം സര്‍ക്കാരില്‍നിന്നു ലഭിക്കേണ്ട 20 കോടി രൂപ ഇതുവരെ ട്രഷറിയില്‍ എത്തിയിട്ടില്ല. ഇതുകൂടി വന്നാല്‍പ്പോലും ശേഷിക്കുന്ന 15 കോടി എവിടെനിന്നു കണ്ടെത്തുമെന്ന ആശങ്കയിലാണ് കെഎസ്ആര്‍ടിസി. വായ്പാ കുടിശ്ശിക ഏറിയ സാഹചര്യത്തില്‍ ഇനിയും ധനകാര്യസ്ഥാപനങ്ങളെ ആശ്രയിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് കോര്‍പറേഷന്‍. സര്‍ക്കാര്‍വിഹിതം എപ്പോള്‍ ലഭിക്കുമെന്ന കാര്യത്തില്‍ ഇതുവരെ ഉറപ്പൊന്നും ലഭിച്ചിട്ടില്ല. അടുത്ത ആഴ്ച നല്‍കുമെന്നാണ് അധികൃതരുടെ വിശദീകരണം. ഇതോടെ പെന്‍ഷന്‍ വിതരണം ഇനിയും വൈകും.
ശേഷിക്കുന്ന 15 കോടിയുടെ കാര്യത്തില്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നും അതു കിട്ടിയില്ലെങ്കില്‍ 20 കോടി സര്‍ക്കാരില്‍നിന്നു ലഭിക്കുന്ന മുറയ്ക്ക് ആ പണം പെന്‍ഷന്‍കാര്‍ക്ക് വീതിച്ചുനല്‍കുമെന്നും കെഎസ്ആര്‍ടിസി ജനറല്‍ മാനേജര്‍ ആര്‍ സുധാകരന്‍ തേജസിനോട് പറഞ്ഞു. അങ്ങനെയാവുമ്പോള്‍ തന്നെ 30,000 പേര്‍ക്ക് മാത്രമേ പെന്‍ഷന്‍ പൂര്‍ണമായും ലഭിക്കൂ. ബാക്കി 10,000 പേര്‍ക്ക് ഭാഗികമായി വിതരണം ചെയ്യേണ്ടിവരും. ഈ മാസം 15നാണ് പെന്‍ഷന്‍ വിതരണം ചെയ്യേണ്ടിയിരുന്നത്. ഇത്തരത്തില്‍ പണം ലഭിക്കാന്‍ വൈകിയാല്‍ അടുത്ത മാസം മുതല്‍ പ്രതിസന്ധി രൂക്ഷമാവും. ഏപ്രില്‍, മെയ് മാസങ്ങളില്‍ 5.60 കോടിയായിരുന്ന പ്രതിദിന വരുമാനം ഈ മാസം 5.20 കോടിയായി കുറഞ്ഞു. ഇങ്ങനെ പോയാല്‍ പെന്‍ഷന്‍തുക കണ്ടെത്തുന്നതില്‍ കെഎസ്ആര്‍ടിസി പരാജയപ്പെടുമെന്നാണു വിലയിരുത്തല്‍.
അതേസമയം, പെന്‍ഷന്‍ നല്‍കാന്‍ കൂടുതല്‍ ധനസഹായം വേണമെന്ന കെഎസ്ആര്‍ടിസിയുടെ അപേക്ഷ സര്‍ക്കാര്‍ തള്ളി. പദ്ധതിവിഹിതത്തിനു പുറമേ അധികതുക അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നു കാണിച്ച് ഗതാഗത സെക്രട്ടറിയാണ് കെഎസ്ആര്‍ടിസി എംഡിക്ക് കത്ത് നല്‍കിയത്.
പെന്‍ഷന്‍ നല്‍കാന്‍ അടിയന്തരമായി കോര്‍പസ് ഫണ്ട് രൂപീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പ്രവര്‍ത്തനമൂലധനത്തിനായി എല്ലായ്‌പ്പോഴും സര്‍ക്കാരിനെ ആശ്രയിക്കുന്ന പ്രവണത ശരിയല്ല. പെന്‍ഷന്‍ നല്‍കാന്‍ നോണ്‍പ്ലാന്‍ ഗ്രാന്റ് ഇനത്തില്‍ അധികതുക അനുവദിക്കണമെന്ന കെഎസ്ആര്‍ടിസിയുടെ ശുപാര്‍ശ അംഗീകരിക്കാനാവില്ലെന്നും കത്തിലുണ്ട്. ഇക്കഴിഞ്ഞ 11നാണ് ഗതാഗത സെക്രട്ടറി എംഡിക്ക് കത്തയച്ചത്. പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാരും കോര്‍പറേഷനും ചേര്‍ന്ന് കോര്‍പസ് ഫണ്ട് രൂപീകരിക്കണമെന്ന് നേരത്തേ തീരുമാനിച്ചിരുന്നു. ഇത് അടിയന്തരമായി നടപ്പാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
പ്രവര്‍ത്തനമൂലധനത്തിനായി കെടിഡിഎഫ്‌സിയില്‍നിന്ന് വീണ്ടും വായ്പയെടുത്ത നടപടിയും വിമര്‍ശനവിധേയമായി. അനിയന്ത്രിതമായി സൗജന്യ പാസ് അനുവദിക്കുന്നതാണ് നഷ്ടത്തിനു മുഖ്യകാരണം. ഇതു നിയന്ത്രിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടും നടപ്പാക്കിയില്ലെന്നു ഗതാഗത സെക്രട്ടറി കുറ്റപ്പെടുത്തുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 51 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day