|    Oct 26 Wed, 2016 10:50 pm
FLASH NEWS

സര്‍ക്കാരിനെതിരേ പ്രതിപക്ഷ വിമര്‍ശനം

Published : 16th September 2016 | Posted By: SMR

തിരുവനന്തപുരം: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രിംകോടതി റദ്ദാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരിനെതിരേ രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം. കേസില്‍ സംസ്ഥാന സര്‍ക്കാരിനും പ്രോസിക്യൂഷനും ഗുരുതരമായ വീഴ്ചപറ്റിയെന്ന് പ്രതിപക്ഷനേതാക്കള്‍ ആരോപിച്ചു. യുഡിഎഫ് കാലത്ത് നന്നായി നടത്തിയ കേസില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ ജാഗ്രതക്കുറവുണ്ടായെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. ഇക്കാര്യം ഉന്നയിച്ച് വരുംദിവസങ്ങളില്‍ സര്‍ക്കാരിനെതിരേ ശക്തമായ പ്രക്ഷോഭവുമായി രംഗത്തുവരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
കേസ് നടത്തിപ്പില്‍ സര്‍ക്കാരിനുണ്ടായ വീഴ്ച അക്കമിട്ടുനിരത്തിയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്തെത്തിയത്. യുഡിഎഫ് സര്‍ക്കാര്‍ സൗമ്യ വധക്കേസ് ജാഗ്രതയോടെയാണ് കൈകാര്യം ചെയ്തത്. അഞ്ച്‌വര്‍ഷം നടത്തിയ അധ്വാനമാണ് ഒരുനിമിഷംകൊണ്ട് പരാജയപ്പെട്ടത്. 17ഓളം സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും ഹാജരാക്കിയാണ് പ്രതിതന്നെയാണ് കുറ്റംചെയ്തതെന്ന് ഹൈക്കോടതിയില്‍ സംശയാതീതമായി തെളിയിക്കാനായത്. എന്നാല്‍, പ്രതിതന്നെയാണ് കൊലനടത്തിയെന്നതിന് തെളിവുണ്ടോയെന്ന സുപ്രിംകോടതിയുടെ ചോദ്യത്തിന് തൃപ്തികരമായ മറുപടി പറയാന്‍പോലും കഴിയാതിരുന്നത് വീഴ്ചതന്നെയാണ്. വിചാരണക്കോടതിയില്‍ ഏഴുമാസവും ഹൈക്കോടതിയില്‍ മൂന്നുമാസവും നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ ലഭിച്ചത്. സുപ്രിംകോടതിയില്‍ കേസ് പരിഗണിക്കുന്ന തിയ്യതി ഒരുമാസം മുമ്പേ തീരുമാനിച്ചിട്ടും കേരളത്തില്‍ കേസ് വാദിച്ച അഭിഭാഷകനെയോ പോലിസ് ഉദ്യോഗസ്ഥരെയോ അറിയിക്കാന്‍ തയ്യാറായില്ലെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. കേരളത്തിന്റെ മനസ്സാക്ഷിയെ വേദനിപ്പിച്ച സൗമ്യവധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രിംകോടതി റദ്ദാക്കിയത് ഞെട്ടിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കേസ് നടത്തിപ്പില്‍ സര്‍ക്കാരിനുണ്ടായ ഗുരുതരമായ വീഴ്ചയാണ് വിധി ഇപ്രകാരമാവുന്നതിന് കാരണമായത്.
മാപ്പര്‍ഹിക്കാത്ത കുറ്റമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ ജനങ്ങളുടെ കണ്ണുനീരിന് എന്തു മറുപടിയാണ് ഈ സര്‍ക്കാരിന് പറയാനുള്ളതെന്നും ചെന്നിത്തല ചോദിച്ചു. സൗമ്യ വധക്കേസില്‍ സുപ്രിംകോടതി വിധി കേരളത്തെ ഞെട്ടിച്ചെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാരിനും സര്‍ക്കാര്‍ അഭിഭാഷകര്‍ക്കും ഈ കേസ് കൈകാര്യം ചെയ്യുന്നതില്‍ ഗുരുതരമായ വീഴ്ചയുണ്ടായി. ഇക്കാര്യത്തില്‍ ആഭ്യന്തരവകുപ്പ് പൂര്‍ണമായും പരാജയപ്പെട്ടു. സൗമ്യയെ ക്രൂരമായി കെലപ്പെടുത്തിയ ഗോവിന്ദച്ചാമിക്ക് നാമമാത്രമായ ശിക്ഷ ലഭിച്ച സ്ഥിതിവിശേഷം ജനങ്ങള്‍ക്ക് നിയമവാഴ്ചയോടുള്ള വിശ്വാസം തകരാനിടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. സൗമ്യ വധക്കേസില്‍ സംസ്ഥാനസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ പുനപ്പരിശോധനാ ഹരജി സമര്‍പ്പിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. സൗമ്യ കേസിലെ ഇപ്പോഴത്തെ വിധി നിരാശാജനകമാണ്. ഇതിനിടയായ സാഹചര്യങ്ങളെക്കുറിച്ച് പ്രത്യേകിച്ച് പ്രോസിക്യൂഷനുണ്ടായ വീഴ്ചകളെക്കുറിച്ച് സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സൗമ്യ വധക്കേസിലെ സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ സ്ത്രീസമൂഹത്തോട് മാപ്പുപറയണമെന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 34 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day