|    Dec 8 Thu, 2016 1:24 pm
FLASH NEWS

സമ്പൂര്‍ണ വൈദ്യുതീകരണം സമയബന്ധിതമായി പൂര്‍ത്തിയാക്കും

Published : 14th November 2016 | Posted By: SMR

കാഞ്ഞങ്ങാട്: സമ്പൂര്‍ണ വൈദ്യുതീകരണം മൂന്നാംഘട്ടം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍  മോണിറ്ററിങ് സമിതി യോഗം തീരുമാനിച്ചു. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 2400 കുടുംബങ്ങള്‍ക്കാണ് ഇനിയും വൈദ്യുതി കണക്ഷന്‍ ലഭിക്കാനുള്ളത്. വാസയോഗ്യമായ എല്ലാ വീടുകള്‍ക്കും അടുത്ത മാര്‍ച്ചിന് മുമ്പ് വൈദ്യുതി എത്തിക്കുക എന്ന  സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് അവലോക യോഗം നടത്തിയത്.  മണ്ഡലത്തില്‍ ലഭിച്ച 2400 അപേക്ഷകരുടെ വീടുകള്‍ വൈദ്യുതീകരിക്കുന്നതിന് രണ്ടുകോടി 85 ലക്ഷം രൂപ ചിലവ് കണക്കാക്കിയിട്ടുണ്ട്. ഇതില്‍ ഒരു കോടിരൂപ വൈദ്യുതി വകുപ്പ് വഹിക്കും. ബാക്കി വരുന്ന ഒരു കോടി 85 ലക്ഷം രൂപ ത്രിതല പഞ്ചായത്തുകളുടെയും എം പി, എം എല്‍ എ, എസ് സി , എസ് ടി ഫണ്ടും ഉപയോഗിച്ച് കണ്ടെത്താനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. സന്നദ്ധ സംഘടനകളെ സഹകരിപ്പിച്ച് ഫണ്ട് സമാഹരിക്കാനും തീരുമാനിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട്  മണ്ഡലത്തില്‍ ഏഴ് പഞ്ചായത്തും രണ്ട് ബ്ലോക്ക് പഞ്ചായത്തും ഒരു നഗരസഭയുമാണ് ഉള്‍പ്പെടുന്നത്. ഇതില്‍ എസ് സി , എസ് ടി വിഭാഗങ്ങളുടെ വീടുവൈദ്യുതികരണത്തിനുള്ള മുഴുവന്‍ തുകയും പട്ടികജാതി വിഭാഗത്തില്‍ നിന്നും ലഭിക്കും. 65 ലക്ഷം രൂപ ഈ വകയില്‍ ലഭിക്കും. ബാക്കി 1.20 കോടി രൂപയാണ് സമാഹരിക്കേണ്ടത്. ഇതിന് പുറമേ മണ്ഡലത്തിലെ 480 വീടുകള്‍ ഇനിയും വയറിങ് ചെയ്തിട്ടില്ല. സന്നദ്ധ സംഘടനകളുടെയും കെ എസ് ഇ ബി ഉദ്യോഗസ്ഥരുടെ സംഘടനയുടെയും സഹകരണത്തോടെ ഇവയുടെ വയറിങ്  നടത്താന്‍ ജനകീയ പദ്ധതിക്കും രൂപം നല്‍കിയിട്ടുണ്ട്. പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളുടെ വൈദ്യുതീകരണത്തിന് 5000 രൂപ വകുപ്പ് അനുവദിച്ചിട്ടുണ്ട്. വൈദ്യുതീകരണം പൂര്‍ത്തിയാക്കുന്നതിന്റെ മുന്നോടിയായി പഞ്ചായത്ത് അടിസ്ഥാനത്തില്‍ യോഗം വിളിക്കും. പഞ്ചായത്തുകളുടെ പദ്ധതി രേഖ സമര്‍പ്പിച്ചതിനാല്‍  ഫണ്ട് നീക്കിവെക്കാന്‍ പ്രയാസമുണ്ടെന്ന് പഞ്ചായത്ത് പ്രതിനിധികള്‍ അറിയിച്ചപ്പോള്‍ ഇതിനായി സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബി പി എല്‍ കുടുംബങ്ങളുടെ ചെറിയ വീടുകള്‍ക്ക് വൈദ്യുതികരണത്തിന് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കേറ്റിന്റെ ആവശ്യമില്ലെന്ന് യോഗത്തില്‍ വ്യക്തമാക്കി. 1000 വാട്ട്‌സിന് താഴെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ പണം അടക്കേണ്ടതുമില്ല. സംസ്ഥാന തലത്തില്‍ സപ്തംബര്‍ 24 ന് നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് വൈദ്യുതീകരണ ലിസ്റ്റ് തയ്യാറാക്കിയത്. പുതിയ സര്‍വ്വേയില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെടുമെന്നതിനാല്‍ എസ്റ്റിമേറ്റില്‍ പത്ത് ശതമാനം തുക അധികമായി വകയിരുത്തിയിട്ടുണ്ട്. ബി പി എല്‍ കുടുംബങ്ങളുടെ പുതുക്കിയ അപേക്ഷ ഫോറം ലഭിച്ചാല്‍ ഉടന്‍ കണക്ഷന്‍ കൊടുക്കാനുള്ള നടപടികള്‍ ആരംഭിക്കും. ജില്ലയില്‍ പുതിയ വൈദ്യുതി ലൈന്‍ വലിക്കുന്നതുമായി 450 തടസ്സങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കലക്ടറുടെ നേതൃത്വത്തില്‍ പരാതികള്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day