|    Dec 6 Tue, 2016 12:05 am
FLASH NEWS

സമ്പൂര്‍ണ ഭവന പദ്ധതി പുരോഗമിക്കുമ്പോഴും രാജുവും കുടുംബവും കഴിയുന്നത് പ്ലാസ്റ്റിക് കുടിലില്‍

Published : 21st October 2016 | Posted By: SMR

ചെറുതോണി: ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്ത് സമ്പൂര്‍ണ ഭവന പദ്ധതിയിലേക്കു നീങ്ങുമ്പോള്‍ ഇതൊന്നുമറിയാതെ ഒരു കുടുംബം കഴിഞ്ഞ 10 വര്‍ഷമായി കഴിയുന്നത് പ്ലാസ്റ്റിക് വലിച്ചുകെട്ടിയ കുടിലില്‍. പഞ്ചായത്തിലെ രണ്ടാം വാര്‍ഡായ ആറാംകൂപ്പിലാണ് പുറംലോകവുമായി ബന്ധമില്ലാതെ ഇവര്‍ കഴിയുന്നത്. അയിരുമലയില്‍ രാജുവും ഭാര്യ വല്‍സയും രണ്ടു മക്കളുമാണുള്ളത്. കീരിത്തോടു ടൗണില്‍ നിന്ന് നാലു കിലോമീറ്റര്‍ കുത്തനെ കയറ്റം കയറിച്ചെന്നാല്‍ ആറാം കൂപ്പായി. എട്ടു സെന്റു സ്ഥലത്താണ് ഇവര്‍ കുടിലുകെട്ടി താമസം. വല്‍സലക്കു മാനസികമായി തകരാറുണ്ട്. ഈ ദമ്പതികള്‍ക്കു കാര്യമായ വിദ്യാഭ്യാസമില്ല. ഭര്‍ത്താവു രാജു കൂലിപ്പണിയെടുത്താണ് അര്‍ധ പട്ടിണിയില്‍ കുടുംബം കഴിയുന്നത്. മൂത്തമകന്‍ മുരുകന്‍ പ്ലസ് ടു വരെ പഠിച്ച് പഠനം നിര്‍ത്തി. പഞ്ചായത്തില്‍ നിന്നു വീടിനു ധനസഹായം നല്‍കുന്ന വിവരം പോലും ഇവര്‍ക്കറിയില്ല. മകള്‍ ഐശ്വര്യ മുരിക്കാശ്ശേരി പാവനാത്മ കോളജില്‍ ഡിഗ്രിക്കു പഠിക്കുന്നു. വിശ്വകര്‍മ സഭയില്‍പ്പെട്ട കുടുംബമാണെങ്കിലും സമുദായവും ഇവരുടെ രക്ഷക്കെത്തിയില്ലെന്നു രാജു പറയുന്നു. ഈ കുടിലിന്റെ മുകളില്‍ക്കൂടി വൈദ്യുതി ലൈന്‍ അയല്‍ വീടുകളിലേക്കു പോവുന്നുണ്ട് പക്ഷെ ഇവരുടെ വീട്ടില്‍ മണ്ണെണ്ണ പോലുമില്ല. റേഷന്‍ കാര്‍ഡ് എപിഎല്‍ ആണ്. അതിനാല്‍ സര്‍ക്കാരിന്റെ സഹായവുമില്ല. അടുത്ത ലിസ്റ്റ് വരുമ്പോള്‍ കാര്‍ഡ് ബിപിഎല്‍ ആക്കിത്തരാമെന്ന് വോട്ട് ചോദിക്കുന്നവര്‍ പറഞ്ഞതല്ലാതെ മറ്റൊന്നും അറിയില്ല. ഏറ്റവും നല്ല കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കോടി രൂപ സമ്മാനം വാങ്ങിയ കഞ്ഞിക്കുഴി പഞ്ചായത്തിലാണ് ഈ കുടുംബവും. പക്ഷെ കുടുംബശ്രീ പ്രവര്‍ത്തകരാരും ഇങ്ങോട്ടു തിരിഞ്ഞുനോക്കാറില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day