|    Dec 11 Sun, 2016 9:36 am

സമാജ്‌വാദി പാര്‍ട്ടി യോഗത്തില്‍ മുലായവും അഖിലേഷും തമ്മില്‍ വാക്‌പോര്

Published : 25th October 2016 | Posted By: SMR

കെ എ സലിം

ന്യൂഡല്‍ഹി: സമാജ്‌വാദി പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവും പിതാവും പാര്‍ട്ടി ദേശീയ അധ്യക്ഷനുമായ മുലായംസിങ് യാദവും തമ്മില്‍ ഏറ്റുമുട്ടല്‍. പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശ് പ്രസിഡന്റും അമ്മാവനുമായ ശിവ്പാല്‍ യാദവുമായും അഖിലേഷ് വാക്‌പോരിലേര്‍പ്പെട്ടു. അമര്‍സിങിനെതിരേയും ആഞ്ഞടിച്ച അഖിലേഷ്, മുലായം ആവശ്യപ്പെടുകയാണെങ്കില്‍ രാജിവയ്ക്കാമെന്നും വ്യക്തമാക്കി.
എന്നാല്‍, അമര്‍സിങിനും ശിവ്പാല്‍ യാദവിനും പിന്തുണ പ്രഖ്യാപിച്ച മുലായം അഖിലേഷിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കില്ലെന്നു പറഞ്ഞു. എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകാനാണ് താല്‍പര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുലായമിനു വേണമെങ്കില്‍ ആരെയും മുഖ്യമന്ത്രിയാക്കാമെന്നും താന്‍ ഒഴിയാമെന്നും അഖിലേഷ് പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളിലത്രയും ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു. ചിലര്‍ പല രീതിയില്‍ തങ്ങളുടെ കുടുംബത്തില്‍ പിളര്‍പ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. കഴിഞ്ഞ നവംബറില്‍ തന്നെ തന്നെ മാറ്റണമായിരുന്നുവെന്ന അമര്‍സിങിന്റെ പ്രസ്താവന തന്നെ വേദനിപ്പിച്ചുവെന്നും അഖിലേഷ് പറഞ്ഞു.
സ്വന്തം ബലഹീനതകളോട് പോരാടുന്നതിനു പകരം പരസ്പരം പോരടിക്കുകയാണ് ചെയ്യുന്നതെന്ന് മുലായം കുറ്റപ്പെടുത്തി. വിമര്‍ശനങ്ങളെ നേരിടാന്‍ കഴിയില്ലെങ്കില്‍ നിനക്കു നേതാവാകാനും കഴിയില്ല. ചില മന്ത്രിമാര്‍ വെറും മുഖസ്തുതിപാഠകരായി മാറി. അമര്‍സിങ് എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ജനപിന്തുണയുള്ള നേതാവായ ശിവ്പാല്‍ യാദവ് ചെയ്ത സേവനങ്ങളെ മറക്കാനാവില്ല. ശിവ്പാല്‍ യാദവിനും അമര്‍സിങിനുമെതിരായ നീക്കങ്ങളെ വച്ചുപൊറുപ്പിക്കില്ല. ജയിലില്‍ പോകുന്നതില്‍ നിന്ന് എന്നെ രക്ഷിച്ചത് അമര്‍സിങാണ്. ചുവന്ന തൊപ്പി (സമാജ്‌വാദി പാര്‍ട്ടിയുടെ നിറം) ധരിച്ചുവരുന്നവരെല്ലാം സമാജ്‌വാദി പാര്‍ട്ടിക്കാരാവില്ല. പാര്‍ട്ടി സങ്കീര്‍ണമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അംഗങ്ങള്‍ പരസ്പരം പോരടിക്കരുതെന്നും മുലായം പറഞ്ഞു.
യോഗത്തിനു തൊട്ടുമുമ്പ് യോഗവേദിക്കു പുറത്ത് ഇരുവിഭാഗങ്ങളെയും പിന്തുണയ്ക്കുന്ന പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. യോഗം നടക്കുന്നിടത്തേക്കു കയറാനും ചിലര്‍ ശ്രമിച്ചു. പോലിസ് എത്തിയാണ് ഇവരെ നീക്കം ചെയ്തത്. കുടുംബകലഹമാണ് പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ക്ക് അടിസ്ഥാനം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക