|    Dec 8 Thu, 2016 5:21 pm
FLASH NEWS

സമന്‍സ് എത്തിക്കുന്നതില്‍ പോലിസിന് അനാസ്ഥ ; പൗരാവകാശ ലംഘനത്തിന് വഴിവയ്ക്കുന്നെന്ന് ആക്ഷേപം

Published : 30th November 2016 | Posted By: SMR

എ ജയകുമാര്‍

ചെങ്ങന്നൂര്‍: കോടതി പുറപ്പെടുവിക്കുന്ന സമന്‍സുകള്‍ കാലാവധിക്കകം നടത്തി എടുക്കുന്നതില്‍ പോലിസ് കാണിക്കുന്ന അനാസ്ഥമൂലം ആളുകളെ വീടുവളഞ്ഞ് പിടികൂടേണ്ട സാഹചര്യം ഉണ്ടാവുകയും ഇത് കടുത്ത പൗരാവകാശ ലംഘനത്തിന് വഴി വയ്ക്കുകയും ചെയ്യുന്നതായി ആക്ഷേപം. കോടതിയില്‍ നിന്നു സമന്‍സുകള്‍ നടത്തി എടുക്കുന്നതിന് പോലിസിനെയാണ് ചുമതലപ്പെടുത്താറുള്ളത്. ഇതിനായി നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ മിക്കപ്പോഴും സമന്‍സ് കൈപ്പറ്റേണ്ട ആളിനെ നേരില്‍ കാണുകയോ ഒപ്പിട്ടുവാങ്ങുകയോ ചെയ്യാതെ സമന്‍സ് നടത്തി എന്നു കാണിച്ച് റിപോര്‍ട്ട് നല്‍കുകയാണ് ചെയ്യുന്നത്. ഇതുമൂലം കോടതിയില്‍ ഹാജരാകേണ്ട തിയ്യതി അറിയാതെ പ്രതികള്‍ ഹാജരാവാതിരിക്കുകയും ഇത് അറസ്റ്റ് വാറന്റിനു വഴി വയ്ക്കുകയും ചെയ്യുന്നു. ഇങ്ങനെ കോടതി വാറന്റ് പുറപ്പെടുവിക്കുന്ന ആളുകളെ രാത്രിയില്‍ വീടുവളഞ്ഞ് പിടികൂടേണ്ട സ്ഥിതിയിലാണ് ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍. വാഹനങ്ങളുമായി ബന്ധപ്പെട്ടുണ്ടാവുന്ന തര്‍ക്കങ്ങള്‍, വാഹനാപകടങ്ങള്‍, ഗതാഗത നിയമം തെറ്റിക്കുന്ന കേസുകള്‍ തുടങ്ങി കോടതിയില്‍ ഹാജരായി പിഴ ഒടുക്കി മോചിതരാകാവുന്ന ചെറിയ കുറ്റങ്ങള്‍ക്കു പോലും അറസ്റ്റ് ചെയ്യപ്പെട്ട് ലോക്കപ്പിലും കോടതിയിലും നില്‍ക്കേണ്ട ഗതികേടാണ് ഇതുമൂലം ഉണ്ടാകുന്നത്. സമന്‍സ് നടത്താന്‍ ചുമതലപ്പെട്ടവര്‍ വിലാസക്കാരനെ നേരിട്ടു കണ്ട് ഒപ്പിട്ടു വാങ്ങണമെന്നും ഇല്ലെങ്കില്‍ അടുത്ത ബന്ധുവായ ഏതെങ്കിലും പുരുഷനെ കൊണ്ട് സമന്‍സ് വായിച്ച് കേള്‍പ്പിച്ച് ഒപ്പിട്ടു വാങ്ങണമെന്നും ഇതു രണ്ടും സാധ്യമായില്ലെങ്കില്‍ വിലാസക്കാരന്റെ വീട്ടിലെത്തി പ്രധാന വാതിലില്‍ പതിച്ച് സമന്‍സ് നടത്തണമെന്നുമാണ് വ്യവസ്ഥ. എന്നാല്‍ പോലിസുകാര്‍ ഇതിനു സമയം കളയാതെ വിലാസക്കാരനെ കണ്ടതായി കാണിച്ചു സ്വയം ഒപ്പിട്ടു നല്‍കുകയാണ് പതിവ്. ഇതുമൂലം കേസ് ഉണ്ടെന്ന കാര്യം അറിയാതെ വീട്ടില്‍ കഴിയുന്നയാള്‍ കോടതിയില്‍ ഹാജരാവാതെ നിയമ ലംഘനം നടത്തി എന്ന പേരില്‍ അറസ്റ്റ് ഉണ്ടാവുകയാണ് ചെയ്യുന്നത്. സമന്‍സുകള്‍ ക്രമാതീതമായി വര്‍ധിക്കുന്നതു മൂലമാണ് ഇങ്ങനെ ചെയ്യേണ്ടി വരുന്നതെന്ന് പോലിസിലെ ചിലര്‍ രഹസ്യമായി സമ്മതിക്കുന്നുണ്ടെങ്കിലും ഇതുമൂലം ലംഘിക്കപ്പെടുന്നത് അറസ്റ്റ് ചെയ്യപ്പെടുന്ന പൗരന്റെ അവകാശങ്ങളാണ്. മുമ്പ് സമന്‍സുകളിലെ വിലാസക്കാരെ തപാലിലൂടെ വിവരം അറിയിച്ച് പോലിസ് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി സമന്‍സ് ഒപ്പിട്ടു നല്‍കിയ സംഭവം ഉണ്ടായിരുന്നു എങ്കിലും ഇത് വിവാദമായതോടെ ഉപേക്ഷിക്കുകയായിരുന്നു. വാടകയ്ക്കു താമസിക്കുന്ന വിലാസക്കാരെ കണ്ടെത്താനുള്ള ബുദ്ധിമുട്ടും സമന്‍സ് നടത്തിപ്പിന് എത്തുമ്പോള്‍ വീട്ടിലോ പരിസരത്തോ ആളുകള്‍ ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ മൂലം ചിലതു നടത്തി എടുക്കാന്‍ കഴിയുന്നില്ലെന്നു പോലിസ് സമ്മതിക്കുന്നുണ്ടെങ്കിലും ജോലി ഭാരമാണ് ഇത് തടസ്സപെടാന്‍ കാരണമെന്ന് ഇവര്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day