|    Dec 5 Mon, 2016 4:01 pm
FLASH NEWS

സഭയില്‍ മോദി വന്നു, കുശലം പറഞ്ഞു, ചര്‍ച്ചയ്ക്കില്ല

Published : 2nd December 2016 | Posted By: SMR

ന്യൂഡല്‍ഹി: നോട്ട് വിഷയത്തില്‍ പ്രധാനമന്ത്രി സഭയിലിരുന്നു ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന പ്രതിപക്ഷത്തിന്റെ ശക്തമായ ആവശ്യത്തിനിടെ പാര്‍ലമെന്റിന്റെ നടപ്പ് ശീതകാല സമ്മേളനം രണ്ടാഴ്ച പിന്നിടുമ്പോള്‍ പ്രധാനമന്ത്രി ഏറ്റവും അധികം സമയം സഭയിലിരുന്നത് ബഹളത്തെത്തുടര്‍ന്ന് രാജ്യസഭ പിരിഞ്ഞ വേളയില്‍. പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയുടെ അസാന്നിധ്യം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ഏറ്റവും കൂടുതല്‍ വിമര്‍ശനം ഉന്നയിക്കുന്നത്. അതിനിടെയാണ് ഇന്നലെ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നു പിരിഞ്ഞ രാജ്യസഭയില്‍ പ്രധാനമന്ത്രി 15 മിനിറ്റ് ഇരുന്നത്. ശീതകാല സമ്മേളനത്തിന്റെ ആരംഭം മുതല്‍ എല്ലാ ദിവസവും കോണ്‍ഗ്രസ്സിനൊപ്പം മറ്റു പ്രതിപക്ഷ കക്ഷികളും സഭയില്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യം ആവശ്യപ്പെട്ടാണ് പ്രതിഷേധം ഉയര്‍ത്തിയിരുന്നത്. സഭ പിരിഞ്ഞ ഇടവേളയില്‍ തന്റെ സീറ്റില്‍ ഇരുന്ന മോദിയുടെ അരികിലേക്ക് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്‍െപ്പടെയുള്ള അംഗങ്ങളെത്തി കുശലം പങ്കിട്ടു. ഇടതുപക്ഷ എംപിമാര്‍ മുതല്‍ സിനിമാതാരവും സമാജ്‌വാദി പാര്‍ട്ടി എംപിയുമായ ജയാ ബച്ചന്‍ വരെ മോദിയുമായി സംസാരിക്കാനെത്തി. തമിഴ്‌നാട്ടില്‍ നിന്നുള്ള എഐഎഡിഎംകെ അംഗങ്ങളും ബോക്‌സര്‍ മേരി കോമും മോദിക്കരികിെലത്തി കുശലം പറഞ്ഞും ചിരിച്ചും സമയം ചെലവഴിച്ചു. ഇടവേള മുഴുവനും എല്ലാവരുടെയും കുശലങ്ങള്‍ക്കും ഭരണ-പ്രതിപക്ഷഭേദമില്ലാതെ പുഞ്ചിരിച്ചും മോദി ഇരുന്നു. അതിനിടെ രാജ്യസഭയില്‍ സ്പീക്കറുടെ റൂളിങ് ചോദ്യം ചെയ്ത കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന് ഉപാധ്യക്ഷന്‍ പി ജെ കുര്യന്റെ ശാസന. സമാജ്‌വാദി പാര്‍ട്ടി അംഗം നരേഷ് അഗര്‍വാള്‍ ആദായ ഭേദഗതി ബില്ല് പണബില്ലാക്കി ലോക്‌സഭയില്‍ അവതരിപ്പിച്ചതിനെ ചോദ്യം ചെയ്തു സംസാരിച്ചതിനെ തുടര്‍ന്നാണ് സംഭവം. സര്‍ക്കാര്‍ പല ബില്ലുകളും ഇതുപോലെ കുറുക്കുവഴിയിലൂടെ പാസാക്കിയെടുക്കുകയാണെന്നും നരേഷ് അഗര്‍വാള്‍ ആരോപിച്ചു. ഇതിനെ പിന്തുണച്ച ജയറാം രമേശ്, ആന്ധ്ര റീ ഓര്‍ഗനൈസേഷന്‍ ബില്ലിന്റെ കാര്യത്തില്‍ ഉള്‍പ്പെടെ തങ്ങള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നു പറഞ്ഞു. സ്പീക്കറുടെ അന്നത്തെ റൂളിങിനെ ചോദ്യം ചെയ്താണ് ജയറാം രമേശ് സംസാരിച്ചത്. എന്നാല്‍, സ്പീക്കറുടെ റൂളിങിനോട് യോജിക്കാതിരിക്കാം, പക്ഷേ, ചോദ്യം ചെയ്യാനാകില്ലെന്നു പി ജെ കുര്യന്‍ ശാസനാരൂപത്തില്‍ മുന്നറിയിപ്പു നല്‍കി.ജയറാം രമേശിന്റെ പരാമര്‍ശം സഭാരേഖകളില്‍ നിന്നു നീക്കം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം വിഷയത്തില്‍ ക്രമപ്രശ്‌നം ഉന്നയിക്കുകയും ജയറാം രമേശിന്റെ വാദത്തെ പിന്തുണയ്ക്കുന്നതായും വ്യക്തമാക്കി. ചിദംബരത്തിന്റെ അറിവ് അംഗീകരിക്കുന്നുവെന്നും എന്നാല്‍ ജയറാം രമേശിന്റെ നടപടി അംഗീകരിക്കാനാകില്ലെന്നും ഉപാധ്യക്ഷന്‍ വ്യക്തമാക്കി. മന്ത്രി വെങ്കയ്യ നായിഡുവും ജയറാം രമേശിനെ വിമര്‍ശിച്ചു. ഇക്കാര്യത്തില്‍ ഭരണഘടനയ്ക്കാണ് മുന്‍തൂക്കമെന്ന് മന്ത്രി രവിശങ്കര്‍ പ്രസാദും പറഞ്ഞു. കഴിഞ്ഞ ആഴ്ച സ്പീക്കറുടെ റൂളിങിനെ ചോദ്യം ചെയ്ത പാര്‍ലമെന്ററികാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയെയും അധ്യക്ഷന്‍ ശാസിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day