|    Oct 28 Fri, 2016 12:21 am
FLASH NEWS

സപ്ലൈകോ: സാധനങ്ങള്‍ കുറഞ്ഞത് റമദാന്‍ വില്‍പന കൂടിയതിനാല്‍: മന്ത്രി

Published : 29th July 2016 | Posted By: SMR

തിരുവനന്തപുരം: മാവേലി സ്റ്റോറുകളിലും സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളിലും സാധനങ്ങളുടെ കുറവ് അനുഭവപ്പെട്ടത് റമദാന്‍ കാലത്ത് മികച്ച കച്ചവടം നടന്നതിനാലാണെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍. മുന്‍ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ റെക്കോഡ് വില്‍പനയാണ് ഇക്കഴിഞ്ഞ റമദാന്‍ കാലത്ത് സപ്ലൈകോ ഫെയറുകള്‍ വഴി നടന്നതെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
തിരുവനന്തപുരത്തു മാത്രം 7.61 ലക്ഷത്തിന്റെ വില്‍പന നടന്നു. കഴിഞ്ഞ വര്‍ഷമിത് 35,000 ആയിരുന്നു. ഇത്തരത്തില്‍ കച്ചവടം നടന്ന 100ഓളം സ്റ്റാളുകളാണ് റമദാന്‍ കാലത്ത് പ്രവര്‍ത്തിച്ചത്. അതിനാലാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ സാധനങ്ങള്‍ക്ക് ചിലയിടങ്ങളില്‍ കുറവ് അനുഭവപ്പെട്ടത്. എന്നാല്‍, നിലവിലുള്ള 56 ഡിപ്പോകളില്‍ 46ലും സാധനങ്ങളെത്തിച്ചുകഴിഞ്ഞു. രണ്ടുദിവസത്തിനകം എല്ലായിടവും ആവശ്യത്തിന് സാധനങ്ങളെത്തിച്ച് പ്രതിസന്ധി പരിഹരിക്കും. സബ്‌സിഡി അരി ഉള്‍പ്പെടെയുള്ളവ ഔട്ട്‌ലെറ്റുകളില്‍ തീര്‍ന്നതിനെക്കുറിച്ചും അരിയുടെ ടെന്‍ഡര്‍ വൈകാനിടയായ സാഹചര്യത്തെക്കുറിച്ചും പരിശോധിക്കും.
സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ടാഴ്ചകള്‍ക്കുള്ളില്‍ ജയ അരിയുടെ വില ഒറ്റയടിക്ക് അഞ്ചുരൂപ വര്‍ധിച്ചത് സിവില്‍സപ്ലൈസിനെ പ്രതിസന്ധിയിലാക്കി. പിന്നീട് ടെന്‍ഡര്‍ ക്ഷണിച്ചപ്പോഴും അരിവില ഉയര്‍ത്താനാണ് മില്ലുടമകളും ആന്ധ്രയിലെ വ്യാപാരികളും ശ്രമിച്ചത്. ഇതെത്തുടര്‍ന്ന് സര്‍ക്കാര്‍ കാത്തുനിന്നതാണ് അരിയെത്താന്‍ കാലതാമസമുണ്ടാക്കിയത്. വന്‍ നഷ്ടം സഹിച്ചാണ് സിവില്‍സപ്ലൈസ് ഇപ്പോള്‍ സാധനങ്ങള്‍ വിലകുറച്ച് ജനങ്ങള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്. എന്നാലും സര്‍ക്കാര്‍ 13 ഇന സബ്‌സിഡി സാധനങ്ങള്‍ക്ക് വിലകൂട്ടില്ല. നോണ്‍ സബ്‌സിഡി സാധനങ്ങള്‍ക്കും വില കൂട്ടാതിരിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.
ഓണം ലക്ഷ്യമാക്കി വന്‍തോതിലുള്ള ഒരുക്കങ്ങള്‍ സപ്ലൈകോ നടത്തുന്നുണ്ട്. എല്ലാ ജില്ലകളിലും സപ്ലൈകോ മെഗാഫെയറുകള്‍ നടത്തും. മണ്ഡലങ്ങള്‍ അടിസ്ഥാനമാക്കിയും എല്ലാ പഞ്ചായത്തുകളിലും പ്രത്യേക ഓണച്ചന്തകള്‍ നടത്തും. ഓണത്തിന് അവശ്യ ഭക്ഷ്യവസ്തുക്കള്‍ സപ്ലയര്‍മാരില്‍നിന്നു നേരിട്ട് ലഭ്യമാക്കുന്നതിനും ആന്ധ്രയില്‍ നടപ്പാക്കിയിട്ടുള്ള ദേശീയ ഭക്ഷ്യസുരക്ഷാനിയമം സംബന്ധിച്ച് മനസ്സിലാക്കുന്നതിനും കഴിഞ്ഞദിവസം താനുള്‍പ്പടെയുള്ളവര്‍ ആന്ധ്രയില്‍ സന്ദര്‍ശനം നടത്തി.
ആന്ധ്രാപ്രദേശ് സിവില്‍സപ്ലൈസ് കോര്‍പറേഷന്‍, പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ അവിടത്തെ മില്ലുടമകള്‍, മില്ലുടമാസംഘം ഭാരവാഹികള്‍ എന്നിവരുമായി ചര്‍ച്ച നടത്തി.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് കണ്‍സ്യൂമര്‍ഫെഡ് അവിടത്തെ മില്ലുടമകള്‍ക്ക് നല്‍കാനുണ്ടായിരുന്ന 31 കോടിയിലേറെ തുകയെക്കുറിച്ചുള്ള ആശങ്ക മൂലമാണ് സംസ്ഥാനത്തേക്ക് അരി അയക്കുന്നത് കുറച്ചത്. ഈ തുക സര്‍ക്കാര്‍ നല്‍കിക്കൊള്ളാമെന്ന് അറിയിച്ചിട്ടുണ്ട്.
തുടര്‍ന്ന് സപ്ലൈകോയുടെ ഇ-ടെന്‍ഡറുകളില്‍ അവര്‍ പങ്കെടുക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 58 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day