|    Dec 3 Sat, 2016 10:04 am
FLASH NEWS

സന്ദര്‍ശനാനുമതി നിഷേധിച്ചു; സര്‍വകക്ഷി സംഘം ഡല്‍ഹിയിലേക്കില്ല

Published : 24th November 2016 | Posted By: SMR

തിരുവനന്തപുരം: സഹകരണ പ്രതിസന്ധി ബോധ്യപ്പെടുത്തുന്നതിനു പ്രധാനമന്ത്രിയെ കാണാന്‍ സമയം അനുവദിക്കാത്തതിനാല്‍ കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘം ഡല്‍ഹിയിലേക്ക് പോവില്ല. സഹകരണ ബാങ്കുകള്‍ക്കു മേലുള്ള പണമിടപാടു വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘം ഇന്നു ഡല്‍ഹിയില്‍ എത്താനിരിക്കെയാണ് പ്രധാനമന്ത്രി സന്ദര്‍ശനാനുമതി നിഷേധിച്ചത്.
ഇതു സംസ്ഥാനത്തോടുള്ള അങ്ങേയറ്റത്തെ അനാദരവാണെന്നും കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രധാനമന്ത്രിയെ കാണാന്‍ നിയമസഭ ഒറ്റക്കെട്ടായാണ് തീരുമാനിച്ചത്. രാഷ്ട്രീയമായ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും പ്രധാനമന്ത്രിയെ നേരില്‍ കണ്ട് വിഷയം ധരിപ്പിക്കണമെന്നാണ് ബിജെപി അംഗമായ ഒ രാജഗോപാല്‍ പോലും നിയമസഭയില്‍ ആവശ്യപ്പെട്ടത്. പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്നതിനു ശേഷം പ്രധാനമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് കാണാനുള്ള അനുമതി തേടി സമയം നിശ്ചയിക്കാന്‍ ശ്രമിച്ചിരുന്നു. സന്ദര്‍ശന സമയം നിശ്ചയിക്കാന്‍ ഇന്നലെയും ശ്രമം നടത്തി.
എന്നാല്‍, ധനമന്ത്രിയെ കാണാനായിരുന്നു ഇന്നലെ പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള മറുപടി. കേരള നിയമസഭയുടെ വികാരം ഉള്‍ക്കൊള്ളാന്‍ പ്രധാനമന്ത്രി തയ്യാറല്ലെന്നാണ് ഇതില്‍ നിന്നു മനസ്സിലാവുന്നത്. കേന്ദ്ര ധനമന്ത്രിയെ താനും മന്ത്രി തോമസ് ഐസകും നേരത്തേ കണ്ടതാണ്. എംപിമാരും നേരിട്ടു കണ്ടിരുന്നു. ധനമന്ത്രിയെ കാണാന്‍ മാത്രമായി ഇപ്പോള്‍ ഡല്‍ഹിയില്‍ പോകേണ്ടതില്ലെന്നാണ് സര്‍വകക്ഷി സംഘത്തിന്റെ നിലപാട്. നിയമസഭ അംഗീകരിച്ച പ്രമേയം റസിഡന്റ് കമ്മീഷണര്‍ വഴി പ്രധാനമന്ത്രിക്കു കൈമാറും.
സഭയുടെ തീരുമാനപ്രകാരം സര്‍വകക്ഷി സംഘം കാണാന്‍ അനുവാദം ചോദിക്കുമ്പോള്‍ നിഷേധിക്കുന്നത് അങ്ങേയറ്റത്തെ അനാദരവാണ്. സംസ്ഥാനത്തെയും സഭയെയും അംഗീകരിക്കുകയെന്ന മര്യാദ കേന്ദ്രസര്‍ക്കാരുകള്‍ കാണിക്കാറുള്ളതാണ്. എന്നാല്‍, തനിക്ക് ഇതൊന്നും ബാധകമല്ലെന്ന നിലപാടാണ് പ്രധാനമന്ത്രിയുടേത്. ഹിറ്റ്‌ലറില്‍ നിന്നും മുസോളിനിയില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുന്ന സംഘടന നയിക്കുന്ന സര്‍ക്കാരില്‍ നിന്നു ജനാധിപത്യ മര്യാദയൊന്നും പ്രതീക്ഷിക്കേണ്ടെന്നു വ്യക്തമായി. കേരളത്തില്‍ നിന്നു പോയ ബിജെപി സംഘത്തിന്റെ നിര്‍ദേശം അനുസരിച്ചാവും സര്‍വകക്ഷി സംഘത്തെ കാണേണ്ടതില്ലെന്നു പ്രധാനമന്ത്രി തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സഹകരണ മേഖലയില്‍ അക്കൗണ്ടുള്ളവര്‍ക്കു വ്യാപാരസ്ഥാപനങ്ങളില്‍ നിന്നു സാധനം വാങ്ങാന്‍ ചെക്ക് നല്‍കും. സഹകരണ ബാങ്കുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കിനെതിരേ പ്രതിഷേധം ഉയരുന്നതിനാല്‍ കേന്ദ്ര സര്‍ക്കാരിനു തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day