|    Oct 28 Fri, 2016 5:40 pm
FLASH NEWS

സത്യസന്ധന്റെ വായടപ്പിക്കുന്ന വിദ്യ

Published : 11th January 2016 | Posted By: SMR

slug-vettum-thiruthum2014 ഡിസംബര്‍ 22ന് കേരളകൗമുദി പത്രത്തിലൊരു ലീഡ് വാര്‍ത്ത. ‘കൂട്ടയോട്ടത്തിന്റെ പേരില്‍ പ്രമുഖ പത്രത്തിന് 10 കോടി’ എന്ന് തലക്കെട്ട്. വെട്ടാനും തിരുത്താനും വകുപ്പില്ലാത്ത ഒരൈറ്റം. റണ്‍ കേരള റണ്‍ എന്ന കൂട്ടയോട്ട പരിപാടി സ്‌പോണ്‍സര്‍ ചെയ്യുന്നതിനാണ് പ്രമുഖ പത്രത്തിന് 10.61 കോടിയുടെ കരാര്‍ കേരള ഗവ. വ്യവസ്ഥ ചെയ്തത്. കൂട്ടയോട്ടസജ്ജീകരണങ്ങള്‍ക്ക് 4.49 കോടി, പരസ്യയിന ചെലവുകള്‍ക്ക് 6.12 കോടി, ഒരു കോടി രൂപ, ഓടാന്‍ തയ്യാറാവുന്ന മാന്യവ്യക്തികളെ പങ്കെടുപ്പിച്ച് കൂട്ടയോട്ടം ഉണ്ടാക്കാന്‍ എന്നതായിരുന്നു കരാര്‍ വ്യവസ്ഥ. ഈ ‘തരികിട’ ഓട്ടത്തിന് പ്രൊജക്റ്റ് റിപോര്‍ട്ട് തയ്യാറാക്കാന്‍ രണ്ടു കോടി രൂപ. മഞ്ജുവാര്യരും മറ്റും ഓടിയ ജനത്തില്‍ പെടും. വാര്‍ത്തയ്ക്ക് കാശും മറ്റു ചിലതുമെന്ന പെയ്ഡ് ന്യൂസ് സംസ്‌കാരത്തിന്റെ ഒരേകദേശ രൂപമാണ് ഈ കരാറും കൂട്ടയോട്ടവും.
”എന്‍ പൃഷ്ഠം നീ ചൊറിഞ്ഞീടുകില്‍ നിന്‍ പൃഷ്ഠം ഞാന്‍ ചൊറിഞ്ഞീടാം” എന്ന നാണക്കേടുണ്ടാക്കുന്ന ചൊല്ല് ഇത്തരം ഇടപാടുകളെ ഓര്‍ക്കാന്‍ കവി പാടിയതാവാം. ഇത്തരം എന്തൊക്കെ ഇടപാടുകള്‍ക്കാണ് ഈ നാലരവര്‍ഷത്തിനിടെ സര്‍ക്കാര്‍ കോടികള്‍ വീതിച്ചത്?
ഇവ്വിധം നിരവധി അവിഹിത ഇടപാടുകള്‍ക്ക് ‘കമ്പിപ്പാലം’ നിര്‍മിച്ചുതന്നെയാണ് ചില മാധ്യമസ്ഥാപനങ്ങളും സര്‍ക്കാരും കണ്ണുപൊത്തിക്കളിക്കുന്നത്.
ഈ പഴവാര്‍ത്ത (പഴയ വാര്‍ത്ത എന്നും ചീഞ്ഞുപോയ വാര്‍ത്ത എന്ന അര്‍ഥത്തിലുമാണ് ‘പഴ’വാര്‍ത്തയെന്നു പ്രയോഗിച്ചത്) ഇപ്പോള്‍ ചികയാന്‍ കാരണമുണ്ട്.
2015ലെ വാര്‍ത്താതാരം കളിയില്‍ മേല്‍ച്ചൊന്ന ‘ഓട്ടക്കളി’യിലെ പത്രം ആഭിമുഖ്യത്തിലുള്ള ചാനല്‍ ഒരു ഡിജിപിയെ (സര്‍ക്കാര്‍വക) തിരഞ്ഞെടുത്തിരിക്കുന്നു. സിപിഎം സഹയാത്രികനും കഥയെഴുത്തുകാരനുംകൂടിയായ പിഎസ്‌സി അംഗം, പ്രമുഖയായ ഒരഭിഭാഷക, ചലച്ചിത്ര സംവിധായകന്‍ ഒക്കെ വിധികര്‍ത്താക്കള്‍. ഡിജിപിയെ നിശ്ശബ്ദസമൂഹങ്ങള്‍ പിന്തുണച്ചു എന്നൊക്കെ വിധികര്‍ത്താക്കളിലൊരാള്‍ വാചകമടിച്ചു. ഒരുമാസം നീണ്ടുനിന്ന വോട്ടെടുപ്പില്‍ ആറുലക്ഷത്തിലേറെ പ്രേക്ഷകര്‍ പങ്കെടുത്തു എന്നും മറ്റും പറയുന്ന ഈ വാര്‍ത്താതാര കളിയുടെ യഥാര്‍ഥ പൊരുളെന്താണ്?
നിലവിലെ അഴിമതിസമ്പന്ന യുഡിഎഫ് സര്‍ക്കാരിനോട് ഏറ്റുമുട്ടി തോല്‍ക്കാന്‍ വിധിക്കപ്പെട്ട ഭടനാണ് പാവം ഈ ഡിജിപി. ഇദ്ദേഹത്തിന്റെ പെന്‍ഡ്രൈവുകളിലുള്ള രഹസ്യങ്ങളുടെ ‘മഹാഫയല്‍’ ഏതൊരു അരിയാഹാരം കഴിക്കുന്ന മലയാളിക്കും ഊഹിക്കാവുന്നതേയുള്ളൂ.
സര്‍ക്കാരിനെ ‘ചൊറിയുന്ന’ പത്രമെന്നും ചാനലെന്നും വിശേഷിപ്പിക്കാവുന്ന ഇക്കൂട്ടര്‍ ഡിജിപിയെ വാര്‍ത്താതാരം എന്നു പ്രഖ്യാപിക്കുമ്പോള്‍ അതിലടങ്ങിയ കോംപ്രമൈസുകള്‍ ആര്‍ക്കാണ് ഊഹിക്കാന്‍ കഴിയാത്തത്.
വെട്ടണ്ടേ? ഇതല്ലേ തിരുത്തേണ്ടത്? കൂട്ടയോട്ടത്തിന് 10 കോടി സ്വീകരിച്ച പത്രത്തിന്റെയും അവരുടെ ചാനലിന്റെയും അതിന്റെ ഉടമസ്ഥരായ തറവാടികളുടെയും മറ്റും എന്തൊക്കെ ‘ഒറ്റയാള്‍ പോരാട്ട’ത്തിനാണ് വാര്‍ത്താതാരമായ ഡിജിപി നിന്നുകൊടുത്തതെന്നും ഇനി അദ്ദേഹം എന്തെങ്കിലും വെളിപ്പെടുത്തുമോ എന്നറിയാനും കേരളീയ സമൂഹം കാത്തിരിക്കുകയാണ്. അര്‍ജുനന്‍, ശ്രീകൃഷ്ണന്‍ എന്നൊക്കെ വാര്‍ത്താതാരം രോമാഞ്ചമണിഞ്ഞ് പ്രഖ്യാപിച്ചിട്ടുണ്ട്. നല്ലത്. ഈ പുരാണകഥാപാത്രങ്ങളെ ഒരിക്കലും മറക്കരുത്; ഊണിലായാലും ഉറക്കത്തിലായാലും. യുദ്ധം തുടരുക.

******
പത്മ പുരസ്‌കാരങ്ങളുടെ ശുപാര്‍ശപ്പട്ടിക ആരോ പുറത്തുവിട്ടു. എത്രയെത്ര ‘അരിപ്രാഞ്ചികളെ’ ആയിരിക്കും ഈ ‘വിശുദ്ധ സര്‍ക്കാര്‍’ ശുപാര്‍ശ ചെയ്യുമെന്നു വാഗ്ദാനം നല്‍കി പറ്റിച്ചിട്ടുണ്ടാവുക. ഓര്‍ത്താല്‍ രസകരമാണു സംഭവം. ി

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 107 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day