|    Dec 7 Wed, 2016 9:48 pm
FLASH NEWS

സക്കീര്‍ ഹുസയ്ന്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി

Published : 15th November 2016 | Posted By: SMR

കൊച്ചി/കളമശ്ശേരി: വ്യവസായിയെ തട്ടിക്കൊണ്ടുപോയി തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയെന്ന കേസില്‍ സിപിഎം ജില്ലാ കമ്മറ്റിയംഗവും കളമശ്ശേരി മുന്‍ ഏരിയാ സെക്രട്ടറിയുമായ സക്കീര്‍ ഹുസയ്‌ന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ സക്കീര്‍ ഹുസയ്ന്‍ ഹാജരാവണമെന്നും കോടതി നിര്‍ദേശിച്ചു. സക്കീര്‍ ഹുസയ്ന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരായാല്‍  മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി സ്വാഭാവിക ജാമ്യത്തിന് അപേക്ഷ നല്‍കാമെന്നും ജാമ്യാപേക്ഷയില്‍ അന്നുതന്നെ തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശം നല്‍കി.
മുന്‍കൂര്‍ ജാമ്യാേപക്ഷ ഹൈക്കോടതിയും തള്ളിയതോടെ ഒളിവില്‍ കഴിഞ്ഞിരുന്ന സക്കീര്‍ ഹുസയ്ന്‍ സിപിഎം കളമശ്ശേരി ഏരിയാ കമ്മിറ്റി ഓഫിസില്‍ എത്തി. ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സക്കീര്‍ ഹുസയ്ന്‍ ഏരിയാകമ്മിറ്റി ഓഫിസില്‍ എത്തിയത്. സക്കീര്‍ പാര്‍ട്ടി ഓഫിസില്‍ എത്തിയ വിവരമറിഞ്ഞ് നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും ഏരിയാ കമ്മിറ്റിയംഗങ്ങളും ഓഫിസിലേക്ക് എത്തി. പോലിസ് സംഘവും പാര്‍ട്ടി ഓഫിസിന് വെളിയില്‍ തമ്പടിച്ചു. സക്കീര്‍ പാര്‍ട്ടി ഓഫിസില്‍ നിന്നു പുറത്തിറങ്ങിയാല്‍ അറസ്റ്റ് ചെയ്യുന്നതിനായിട്ടായിരുന്നു പോലിസ് എത്തിയത്. വിവരമറിഞ്ഞ് ഒരുസംഘം ദൃശ്യമാധ്യമ സംഘങ്ങളും ഓഫിസിനു മുന്നില്‍ എത്തിയതോടെ സക്കീര്‍ ഹുസയ്ന്‍ ഇന്നലെത്തന്നെ കീഴങ്ങിയേക്കുമെന്ന അഭ്യൂഹം പരന്നു.
എന്നാല്‍, വൈകീട്ട് ആറരയോടെ ഏരിയാസെക്രട്ടറിയുടെ സ്ഥാനം വഹിക്കുന്ന ടി കെ മോഹനന്‍ ഓഫിസിന് പുറത്തുവന്ന് മാധ്യമപ്രവര്‍ത്തകരെ കണ്ടതോടെ സക്കീര്‍ ഹുസയ്ന്‍ ഏരിയാകമ്മിറ്റി ഓഫിസിലുണ്ടെന്നും കീഴടങ്ങല്‍ ഉടന്‍ ഉണ്ടാവില്ലെന്നും വ്യക്തമായി. സക്കീര്‍ ഹുസയ്ന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയെന്നും ഏഴു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാവണമെന്നുമാണ് നിര്‍ദേശിച്ചിരിക്കുന്നതെന്നും ടി കെ മോഹന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സക്കീറിനെതിരേ ആരോപണം പറഞ്ഞിരിക്കുന്നവര്‍ തമ്മില്‍ സിവില്‍ കേസ് നിലനില്‍ക്കുന്നുണ്ടെന്നും ഈ കേസില്‍ സക്കീറിന്റെ പേര് പരാമര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജാമ്യാപേക്ഷ തള്ളിയത് സംബന്ധിച്ച് കോടതി തീരുമാനത്തിന്റെ പകര്‍പ്പ് ലഭിച്ചിട്ടില്ലെന്നും ഉത്തരവ് ലഭിച്ചതിനുശേഷം പരിശോധിച്ച് നടപടിസ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സക്കീര്‍ ഹുസയ്ന്‍ ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരായേക്കുമെന്നാണ് സൂചന. എറണാകുളം വെണ്ണല ബംഗഌവ് വില്ലയില്‍ ജൂബി പൗലോസിന്റെ പരാതിയിലാണ് പാലാരിവട്ടം പോലിസ് സക്കീറിനെതിരേ കേസെടുത്തത്.
കങ്ങരപ്പടിയിലെ ഡയറി പ്ലാന്റ് ഉടമ ഷീല തോമസും ജൂബി പൗലോസും പങ്കാളികളായ ഡയറി പ്ലാന്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഷീലയുടെ ആവശ്യപ്രകാരം ജൂബിയെ തട്ടിക്കൊണ്ടുപോയി തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ആളാണെന്നു പരിചയപ്പെടുത്തി വ്യവസായിയായ യുവതിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി പണവും മറ്റും തട്ടിയെടുത്തെന്ന മറ്റൊരു കേസില്‍ നേരത്തേ അറസ്റ്റിലായ ഡിവൈഎഫ്‌ഐ നേതാവ് കറുകപ്പിള്ളി സിദ്ദീഖാണ് കേസിലെ രണ്ടാംപ്രതി. സക്കീര്‍ ഹുസയ്‌ന് മുന്‍കൂര്‍ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day