|    Dec 7 Wed, 2016 5:55 pm
FLASH NEWS

സംസ്‌കൃത സര്‍വകലാശാലയില്‍ ഡോ. ധര്‍മ്മരാജ് അടാട്ട് പ്രൊ. വൈസ് ചാന്‍സലറായേക്കുമെന്ന് സൂചന

Published : 9th November 2016 | Posted By: SMR

കാലടി: ഡോ. ധര്‍മ്മരാജ് അടാട്ട് സംസ്‌കൃത  സര്‍വകലാശാല പ്രൊ വൈസ് ചാന്‍സലറാവാന്‍ രംഗത്ത്. സംസ്‌കൃത സര്‍വകലാശാല സാഹിത്യവിഭാഗം മേധാവിയും മുന്‍ സിന്‍ഡിക്കേറ്റ് അംഗവുമാണ് അദ്ദേഹം. ഇടതുപക്ഷ ബുദ്ധിജീവി എന്ന് സ്വയം വിശേഷിപ്പിക്കുന്ന ധര്‍മ്മരാജ് ഇടത് അധ്യാപക സംഘടനയായ അസ്യൂട്ടിന്റെ ഭാരവാഹിയായ ഈ അധ്യാപകന്‍ കഴിഞ്ഞയാഴ്ച നടന്ന സര്‍വകലാശാല യൂനിയന്‍ തിരഞ്ഞെടുപ്പില്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥിയായ എസ്എഫ്‌ഐകാരന് മല്‍സരിക്കുന്നതിന് വഴിവിട്ട സഹായം ചെയ്ത് നല്‍കിയത് വിവാദമായിരുന്നു. സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമായി എസ്എസ്എല്‍സി ബുക്ക് ഹാജരാക്കാതെ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച എസ്എഫ്‌ഐകാരന്, പകരം വേറെയേതെങ്കിലും രേഖ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രജിസ്ട്രാര്‍ക്ക് ഔദ്യോഗികമായി ധര്‍മ്മരാജ് കത്ത് നല്‍കിയതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ഇതിലൂടെ എസ്എഫ്‌ഐക്കാരെയും സിപിഎമ്മിനെയും പ്രീതിപ്പെടുത്തി പ്രൊ വൈസ് ചാന്‍സലറാക്കാനുള്ള ശ്രമം നടത്തിവരികയാണ്. ശങ്കര സിദ്ധാന്തങ്ങളെ എതിര്‍ക്കുകയും സര്‍വകലാശാല വികസനത്തിന് തടസ്സം നില്‍ക്കുകയും ചെയ്യുന്ന ധര്‍മ്മരാജ് അടാട്ടിനെ പ്രൊ വൈസ് ചാന്‍സലര്‍ ആക്കുന്നതില്‍ ഒരു വിഭാഗം അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും എതിര്‍പുണ്ട്. ഒരു വിഭാഗം ഇടതുപക്ഷ സംഘടനകാരും രഹസ്യമായി ധര്‍മ്മരാജിനെ അനുകൂലിക്കുന്നില്ല. പ്രൊ. വൈസ് ചാന്‍സലറായ ഡോ. സുചേത നായര്‍ ഇന്നലെ കാലാവധി പൂര്‍ത്തിയാക്കി വിരമിച്ചു. പകരം പിവിസിയെ തീരുമാനിക്കാത്തതിനാല്‍ സീനിയര്‍ അധ്യാപകന് ചുമതല കൈമാറണമെന്ന സര്‍വകലാശാല ആക്ട് അനുസരിച്ച് താല്‍ക്കാലിക ചുമതല ധര്‍മരാജിന് നല്‍കിയിരിക്കുകയാണ്. സമയക്രമം പാലിക്കുന്നതിനായി ഏര്‍പെടുത്തുന്ന പഞ്ചിങ് സംവിധാനത്തേയും എതിര്‍ക്കുന്ന ആളാണ് ധര്‍മ്മരാജ്. സര്‍വകലാശാലയിലെ ജീവനക്കാരനെ ജാതിപേര് വിളിച്ച് ആക്ഷേപിച്ചതിന് കേസ് ഉള്ള ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. എന്‍ പ്രശാന്ത് കുമാറും പിവിസിയാവാന്‍ ശ്രമം നടത്തുന്നുണ്ട്. മുന്‍ സംസ്‌കൃത സാഹിത്യവിഭാഗം മേധാവിയായിരുന്ന ഡോ. പി സി മുരളി മാധവന്‍, വേദാന്ത വിഭാഗം മേധാവിയായിരുന്ന ഡോ. സി എം നീലകണ്ഠന്‍, മലയാളവിഭാഗം അധ്യാപകന്‍ ഡോ. സുനില്‍ പി ഇളയിടം, കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വം രാജിവച്ച മലയാളവിഭാഗം മേധാവി ഡോ. കെ എസ് രവികുമാര്‍ തുടങ്ങിയ ഇടതുപക്ഷ സഹയാത്രികരും പിവിസിയാവാന്‍ ശ്രമം നടത്തുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day