|    Dec 4 Sun, 2016 5:21 am
FLASH NEWS

സംസ്ഥാന സ്‌കൂള്‍ നീന്തല്‍ ചാംപ്യന്‍ഷിപ്പ്; തൃശൂരിന് 108 പോയിന്റ്

Published : 27th October 2016 | Posted By: SMR

തൃശൂര്‍: 47ാമത് സംസ്ഥാന സ്‌കൂള്‍ നീന്തല്‍ ചാംപ്യന്‍ഷിപ്പില്‍ മൂന്നാം ദിനത്തിലും തലസ്ഥാന ജില്ല മുന്നേറ്റം തുടരുന്നു. 85 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 576 പോയിന്റുമായി തിരുവനന്തപുരം ജില്ലയാണ് മുന്നില്‍. 60 സ്വര്‍ണവും 58 വെള്ളിയും 50 വെങ്കലമാണ് നീന്തല്‍കുളത്തില്‍നിന്ന് തിരുവനന്തപുരം വാരിക്കൂട്ടിയത്. 113 പോയിന്റുമായി എറണാകുളവും 108 പോയിന്റുമായി ആതിഥേയരായ തൃശൂരുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. എറണാകുളം ഒമ്പത് സ്വര്‍ണവും 11വെള്ളിയും ഏഴ് വെങ്കലവും, തൃശൂര്‍ എട്ട് സ്വര്‍ണവും പത്ത് വെള്ളിയും 20 വെങ്കലവുമാണ് കരസ്ഥമാക്കിയത്. കോട്ടയം ജില്ലയാണ് നാലാമത്. എല്ലാ ജില്ലകളില്‍ നിന്നും മത്സരാര്‍ഥികളുണ്ടെങ്കിലും ഇതുവരെ എട്ട് ജില്ലകള്‍ മാത്രമാണ് മെഡല്‍പട്ടികയില്‍ ഇടം നേടിയത്. ഒരോ പോയിന്റുമായി കണ്ണൂര്‍, പാലക്കാട് ജില്ലകളും നാല് പോയിന്റുമായി കാസര്‍ഗോഡും 13 പോയിന്റുമായി കോഴിക്കോടുമാണ് മെഡല്‍പട്ടികയിലുള്ളത്. തിരുവനന്തപുരം പിരപ്പന്‍കോട് ഗവ. വിഎച്ച്എസ്എസാണ് 72പോയിന്റുമായി സ്‌കൂള്‍തലത്തില്‍ ഒന്നാമത്. തൊട്ടുപിറകെ 71 പോയിന്റുമായി തുണ്ടതില്‍ എംവിഎച്ച്എസ്എസാണ് രണ്ടാമത്. 59 പോയിന്റുമായി കന്യാകുളങ്ങര ഗവ.ഗേള്‍സ് എച്ച്എസ്എസാണ് മൂന്നാമത്.  മേളയില്‍ ഇതുവരെ ആറ് മീറ്റ് റെക്കോര്‍ഡുകളാണ് പിറന്നത്. മൂന്നാംദിനമായ ഇന്നലെ കോഴിക്കോട് ജില്ലയിലെ വടകര ശ്രീനാരായണ എച്ച്എസ്എസിലെ ജോര്‍ജ് എസ് കദളിക്കാട്ടിലാണ് 50, 100മീറ്റര്‍ ബ്രസ്റ്റ് സ്‌ട്രോക്ക് മത്സരങ്ങളില്‍ രണ്ട് മീറ്റ് റെക്കോര്‍ഡുകള്‍ കരസ്ഥമാക്കിയത്. 500ഓളം താരങ്ങളാണ് മല്‍സരങ്ങളില്‍ പങ്കെടുക്കുന്നത്. നീന്തല്‍ മത്സരങ്ങള്‍ക്കു പുറമെ വാട്ടര്‍പോളോ മല്‍സരങ്ങളും നടക്കുന്നുണ്ട്. മല്‍സരങ്ങള്‍ ഇന്ന് സമാപിക്കും. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നിങ്ങനെ 104 ഇനങ്ങളിലാണ് മല്‍സരം. മറ്റ് ഗെയിംസുകളില്‍ നിന്നും വ്യത്യസ്തമായി ആദ്യമായി ദേശീയ ഗെയിംസുകള്‍ക്ക് ഉപയോഗിച്ച് വരുന്ന ഇലക്ട്രോണിക് ടച്ച് പാഡുകള്‍ ഇത്തവണ ഉപയോഗിക്കുന്നുണ്ട്. വാട്ടര്‍പോളോ മല്‍സരം ആണ്‍കുട്ടികള്‍ക്ക് മാത്രമാണ്. ചാംപ്യന്‍ഷിപ്പില്‍ യോഗ്യത നേടുന്നവര്‍ക്ക് ഗുജറാത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ സ്‌കൂള്‍ അക്വാട്ടിക് ചാംപ്യന്‍ഷിപ്പില്‍ മത്സരിക്കാം. വാട്ടര്‍ പോളോ ഫൈനല്‍ ഇന്ന് നടക്കും. ഫൈനലില്‍ ആതിഥേയരായ തൃശൂരും പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള തിരുവനന്തപുരവും ഏറ്റുമുട്ടും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day