|    Dec 10 Sat, 2016 8:09 pm

സംസ്ഥാനത്ത് വീണ്ടും നെറ്റ് ബാങ്കിങ് തട്ടിപ്പ്; പാലക്കാട് സ്വദേശിക്ക് പണം നഷ്ടപ്പെട്ടു

Published : 20th October 2016 | Posted By: SMR

കാക്കനാട്: സംസ്ഥാനത്ത് നെറ്റ്ബാങ്കിങ് വഴി ബാങ്ക് അക്കൗണ്ടില്‍നിന്ന് വീണ്ടും പണം തട്ടി. എറണാകുളം കാക്കനാട് കുന്നുംപുറത്ത് സ്വകാര്യ ഫഌറ്റില്‍ വാടകയ്ക്ക് താമസിക്കുന്ന പാലക്കാട് സ്വദേശി തുളസിദളത്തില്‍ അനില്‍കുമാര്‍ ആണ് ഇക്കുറി തട്ടിപ്പിനിരയായത്. എച്ച്ഡിഎഫ്‌സി ബാങ്കിലെ ഇദ്ദേഹത്തിന്റെ അക്കൗണ്ടില്‍നിന്ന് 1,66,614.94 രൂപയാണ് നഷ്ടപ്പെട്ടത്. തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ട അനില്‍ ഉടന്‍ ബാങ്ക് അധികൃതരെ അറിയിച്ച് ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ തടഞ്ഞു. തൃക്കാക്കര പോലിസ് സ്‌റ്റേഷനില്‍ പരാതിയും നല്‍കി.
18നു പുലര്‍ച്ചെ 12.50ന് അനിലിന്റെ ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ ഉപയോഗിച്ച് ഒരു ബാങ്കിടപാട് നടന്നതായും അക്കൗണ്ടില്‍നിന്ന് 1,66,614 രൂപ പിന്‍വലിച്ചതായും ബാങ്കിന്റെ അറിയിപ്പ് മൊബൈല്‍ഫോണില്‍ എസ്എംഎസായി പുലര്‍ച്ചെ 2.06ന് വന്നിട്ടുണ്ട്. പുലര്‍ച്ചെ അഞ്ചിന് ഉറക്കമുണര്‍ന്നപ്പോഴാണ് അനില്‍ മൊബൈല്‍ഫോണിലെ സന്ദേശം കണ്ടത്. തട്ടിപ്പു നടന്നതായി ബോധ്യപ്പെട്ടതോടെ ബാങ്ക് അധികൃതരെ ബന്ധപ്പെട്ട് രാവിലെ ആറോടെ കാര്‍ഡിലെ ഇടപാടുകള്‍ തടഞ്ഞു.
അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍, ജപ്പാന്‍, ചൈന, ഹോങ്കോങ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന ഓഫിസുകളും 180 രാജ്യങ്ങളില്‍ വിതരണശൃംഖലയുമുള്ള ഫാഷന്‍ ഉല്‍പന്ന വിതരണ കമ്പനിയുടെ ഓണ്‍ലൈന്‍ പര്‍ച്ചേസിനായി തുക ഡെബിറ്റ് ചെയ്തതായാണ് സന്ദേശത്തില്‍ പറയുന്നത്. എവിടെ നിന്നാണ് തട്ടിപ്പു നടത്തിയതെന്നു വ്യക്തമായിട്ടില്ല.
ഇന്ത്യക്ക് പുറത്തുനിന്നാവാന്‍ സാധ്യത കൂടുതലാണെന്ന് ബാങ്കിങ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഉല്‍പന്നങ്ങള്‍ വാങ്ങിയെന്നു പറയുന്ന കമ്പനിയുടെ അധികൃതര്‍ക്കും അനില്‍ ഓണ്‍ലൈന്‍ വഴി പരാതി നല്‍കിയിട്ടുണ്ട്.  സംഭവത്തെക്കുറിച്ച് പോലിസ് അന്വേഷണം ആരംഭിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക