|    Dec 10 Sat, 2016 8:10 pm

സംസ്ഥാനത്തെ പ്രഥമ ഹൈടെക് നഗരസഭയാവാന്‍ ഒരുങ്ങി പാലക്കാട്

Published : 29th October 2016 | Posted By: SMR

പാലക്കാട്: സംസ്ഥാനത്തെ പ്രഥമ നഗരസഭയായ പാലക്കാട് ഹൈടെക് നഗരസഭായാവാനൊരുങ്ങുന്നു. നഗരസഭയുടെ നവീകരണത്തിന് ഗ്രാന്റായി ലോക ബാങ്കിന്റെ 1.49 കോടി അനുവദിച്ചു. നഗരസഭ ഓഫിസും പ്രവര്‍ത്തനങ്ങളും ഹൈടെക് ആക്കുന്നതിനാണ് ഗ്രാന്റ് അനുവദിച്ചിരിക്കുന്നത്. നഗരസഭാ ഓഫിസ് നവീകരിക്കുന്നതിന്റെ ഭാഗമായി ക്യൂബിക്കിള്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് 78 ലക്ഷം രൂപയുടെ പദ്ധതിക്ക് സ്റ്റിയറിങ് കമ്മിറ്റിയില്‍ തീരുമാനമായി. നഗരസഭ ഓഫിസിലേക്കാവശ്യമായ വൈദ്യുതി സോളാര്‍ വഴിയാക്കുന്നതിന് പദ്ധതിയില്‍ നിന്നുള്ള 50 ലക്ഷം രൂപ വകയിരുത്തി. മറ്റു പ്രവര്‍ത്തനങ്ങള്‍ക്കായി 20 ലക്ഷം രൂപ  ചെലവഴിക്കും. ക്യൂബിക്കിള്‍ സംവിധാനം നിലവില്‍ വരുമ്പോള്‍ ജനസേവന കേന്ദ്രം, ഫ്രണ്ട് ഓഫിസ് എന്നിവ ആരംഭിക്കും. നഗരസഭയില്‍ വിവിധ ആവശ്യങ്ങളുമായി വരുന്നവര്‍ക്ക് എത്രയും പെട്ടെന്നു തന്നെ വേണ്ട സഹായങ്ങള്‍ ഇതിലൂടെ ലഭ്യമാവും. അപേക്ഷകള്‍ നല്‍കുന്നതിനും ലഭിക്കുന്നതിനും ഏറെ സഹായകരമാവും. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ പ്രൊജക്റ്റ് അംഗീകരിക്കുകയും ഉടനെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും മാര്‍ച്ച് 31ന് മുമ്പ് കാലതാമസം കൂടാതെ പദ്ധതി പൂര്‍ത്തിയാക്കുമെന്നും നഗരസഭ വൈസ് ചെയര്‍മാന്‍ സി കൃഷ്ണകുമാര്‍ അറിയിച്ചു. എല്ലാ സമയത്തും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതുമൂലം ജോലികള്‍ നടക്കുന്നില്ലെന്ന ഉദ്യോഗസ്ഥരുടെ പരാതി കണക്കിലെടുത്ത് അടുത്ത ദിവസം മുതല്‍ ഉച്ചയ്ക്ക് രണ്ടര മുതല്‍ വൈകീട്ട് അഞ്ച് വരെയായിരിക്കും സര്‍ട്ടിഫിക്കറ്റ് വിതരണം. ഫ്രണ്ട് ഓഫിസ് സംവിധാനം നിലവില്‍ വന്നാല്‍ വകുപ്പ് ഓഫിസുകളിലേക്ക് വരുന്നത് ഒഴിവാകുമെന്നും ഏതു സമയത്തും സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാവുമെന്നും അദ്ദേഹം അറിയിച്ചു. പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കുന്നതിന് ടൗണ്‍ പ്ലാനിങ് ഇന്‍സ്‌പെക്ടര്‍മാര്‍ ഉച്ചയ്ക്ക് മൂന്നു മുതല്‍ അഞ്ച് വരെ ഓഫിസിലുണ്ടാകും. പ്ലാന്‍ സംബന്ധമായ ചെറിയ നിയമക്കുരുക്കുകള്‍ പരിഹരിക്കുന്നതിന് നഗരസഭയും ജില്ലാ ടൗണ്‍ പ്ലാനിങ് വകുപ്പും സംയുക്തമായി ഒരു യോഗം നിശ്ചയിച്ചിട്ടുണ്ടെന്നും വൈസ് ചെയര്‍മാന്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക