|    Oct 29 Sat, 2016 3:15 am
FLASH NEWS

സംരക്ഷണമില്ലാതെ ചരിത്രത്തിന്റെ തിരുശേഷിപ്പായി ബോട്ട് കവാടം

Published : 25th August 2016 | Posted By: SMR

തിരുവനന്തപുരം: അധികൃതരുടെ സംരക്ഷണമില്ലാതെ ചരിത്രത്തിന്റെ തിരുശേഷിപ്പായ ബോട്ട് കവാടവും. പോയകാലത്തിന്റെ സ്മരണകളുണര്‍ത്തുന്ന വള്ളക്കടവ് ബോട്ട്പുര കവാടം പകുതിയോളം നശിച്ചുകഴിഞ്ഞു. രാജഭരണ കാലത്തെ തലസ്ഥാനത്തെ പ്രധാന ജലസഞ്ചാര ഇടമായ പാര്‍വതീ പുത്തനാറിനു കുറുകെ വള്ളക്കടവ് ബോട്ട്പുരയുടെ മുന്‍വശത്തായി സ്ഥിതി ചെയ്യുന്ന കവാടത്തിന്റെ സിമന്റ് പാളികള്‍ ഏതാണ്ടു പൂര്‍ണമായും ഇടിഞ്ഞു വീണു കഴിഞ്ഞു. കവാടത്തിനു മുകളിലേക്ക് മരച്ചില്ലകള്‍ പടര്‍ന്നും കാടുപിടിച്ചും വിനാശത്തിന്റെ വക്കിലാണ് കവാടം.
ബോട്ട് കവാടത്തിനോട് ചേര്‍ന്നുള്ള ബോട്ട്പുര സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളും നടപടികളും ഉണ്ടായിട്ടുണ്ടെങ്കിലും ഇതിന് മുന്‍വശത്തായുള്ള ബോട്ട് കവാടത്തിന്റെ കാര്യത്തില്‍ ആരും ഇതുവരെ ചെറുവിരല്‍ പോലും അനക്കിയിട്ടില്ല. ബോട്ട്പുരയ്ക്ക് തിലകക്കുറിയായി മുന്നില്‍ നില്‍ക്കുന്ന കവാടം സംരക്ഷിച്ചാല്‍ മാത്രമേ പഴയ പ്രതാപം വീണ്ടെടുക്കാനാവൂ. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ളതാണു ബോട്ട്പുരയും കവാടവും. രാജഭരണ കാലത്ത് കച്ചവട ആവശ്യത്തിനായി വള്ളങ്ങള്‍ വന്നിരുന്നതും രാജകുടുംബാംഗങ്ങള്‍ ഉല്ലാസസമയത്തു പോയിരുന്നതും ഇവിടെ നിന്നാണ്. കൂടാതെ അക്കാലത്ത് വിദേശികളുടെ വിനോദ സഞ്ചാരകേന്ദ്രവും ഇവിടെയായിരുന്നു. പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ മറുജപത്തിനും മറ്റ് ഉല്‍സവങ്ങള്‍ക്കും നമ്പൂതിരിമാര്‍ എത്തിയിരുന്നതും ഇതുവഴിയായിരുന്നെന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
നൂറ്റാണ്ടോളം പഴക്കമുള്ള ബോട്ട്പുര പുനര്‍നിര്‍മിച്ചെങ്കിലും ഇതുവരെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ബോട്ട്പുരയെ ജൈവവൈവിധ്യ പാര്‍ക്കാക്കുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു. പ്രദേശവാസികളുടെ നീണ്ടകാലത്തെ ആവശ്യത്തിനൊടുവിലാണ് ബോട്ട്പുര പുനര്‍നിര്‍മിച്ചത്.
ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച കെട്ടിടത്തിന് ആവശ്യമായ മറ്റ് സൗകര്യങ്ങള്‍ ഒന്നുംതന്നെ ഇതുവരെ ലഭ്യമാക്കിയിട്ടില്ല. പാര്‍വ്വതീ പുത്തനാര്‍ ശുചിയാക്കി പഴയ രീതിയില്‍ ഇതുവഴി ബോട്ട് സര്‍വീസ് പുനരാരംഭിക്കുമെന്നെല്ലാം പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും ഒന്നിനും ഒരു ചെറിയ ശ്രമം പോലും ഉണ്ടായിട്ടില്ല. ബോട്ട്പുരയ്ക്ക് സമീപത്തുണ്ടായിരുന്ന എഴുന്നള്ളത്തുപുര വര്‍ഷങ്ങള്‍ക്ക് മുമ്പ് തകര്‍ന്ന് വീണിരുന്നു. റോഡ് ഗതാഗതം പുരോഗമിച്ചതോടെ പാര്‍വതീ പുത്തനാറില്‍ ഗതാഗതസൗകര്യമില്ലാതായി. ക്രമേണ പാര്‍വതീ പുത്തനാര്‍ മാലിന്യങ്ങളാല്‍ നിറയാന്‍ തുടങ്ങി. വര്‍ഷങ്ങളായി പുത്തനാര്‍ ഈ അവസ്ഥയില്‍തന്നെ തുടരുകയാണ്. വള്ളക്കടവ് ബോട്ട്പുര കവാടം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ലെന്നു വള്ളക്കടവ് സംസം അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day