|    Dec 4 Sun, 2016 11:39 am

സംഗീതജ്ഞന്‍ ബാലമുരളീകൃഷ്ണ അന്തരിച്ചു; മുരളീരവം നിലച്ചു

Published : 23rd November 2016 | Posted By: SMR

ചെന്നൈ: പ്രമുഖ കര്‍ണാടക സംഗീതജ്ഞന്‍ ഡോ. എം ബാലമുരളീകൃഷ്ണ (86) അന്തരിച്ചു. ചെന്നൈ രാധാകൃഷ്ണ ശാലയിലെ വസതിയില്‍ ചൊവ്വാഴ്ച ഉറക്കത്തിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖം മൂലം കുറച്ചുദിവസമായി വസതിയില്‍ വിശ്രമത്തിലായിരുന്നു. പത്മശ്രീ, പത്മഭൂഷന്‍, പത്മവിഭൂഷന്‍ പുരസ്‌കാരങ്ങള്‍ നല്‍കി രാഷ്ട്രം ആദരിച്ചിട്ടുണ്ട്. ഫ്രഞ്ച് സര്‍ക്കാരിന്റെ ഓര്‍ഡര്‍ ഓഫ് ആര്‍ട്‌സ് ആന്റ് ലെറ്റേഴ്‌സ് പുരസ്‌കാരവും ലഭിച്ചു.
കവി, സംഗീത സംവിധായകന്‍ എന്നീ നിലകളിലും ശ്രദ്ധേയനായ ബാലമുരളീകൃഷ്ണ ദക്ഷിണേന്ത്യന്‍ സംഗീതത്തിന്റെ വികാസത്തിന് നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. തെലുങ്ക്, സംസ്‌കൃതം, കന്നഡ, തമിഴ് ഭാഷകളിലായി നാനൂറോളം ഗാനങ്ങള്‍ക്കു സംഗീതം നല്‍കി. 2012ല്‍ കേരളം സ്വാതി സംഗീത പുരസ്‌കാരം നല്‍കി ആദരിച്ചു.
പിന്നണിഗായകനുള്ള ദേശീയ പുരസ്‌കാരം, സംഗീത സംവിധായകന്‍, പിന്നണി സംഗീതം എന്നീ മൂന്ന് പുരസ്‌കാരങ്ങള്‍ നേടിയ ഏക കര്‍ണാടക സംഗീതജ്ഞനാണ് അദ്ദേഹം. മൃദംഗം, പുല്ലാങ്കുഴല്‍, വീണ, വയലിന്‍, ഗഞ്ചിറ, വയോള തുടങ്ങിയ സംഗീത ഉപകരണങ്ങളിലും പ്രാവീണ്യം നേടിയിരുന്നു. ഇന്ത്യക്കകത്തും പുറത്തുമായി 25000 കച്ചേരികള്‍ നടത്തിയ അദ്ദേഹത്തിന് വിവിധ സര്‍വകലാശാലകളില്‍നിന്നായി നാല് ഡിലിറ്റ്, പിഎച്ച്ഡി, ഡിഎസ്ടി എന്നിവ ലഭിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശിലെ ശങ്കരഗുപ്തം ഗ്രാമത്തില്‍ 1930 ജൂലൈയിലാണ് ജനനം. അച്ഛന്‍ പട്ടാഭിരാമയ്യ സംഗീത വിദ്വാനും വയലിന്‍, ഓടക്കുഴല്‍, വീണ എന്നിവ വായിക്കാന്‍ കഴിവുള്ളയാളുമായിരുന്നു. വീണ വിദുഷിയായ മാതാവ് സൂര്യകാന്തമ്മ ബാലമുരളിയുടെ ബാല്യത്തില്‍ തന്നെ മരിച്ചു.
സമകാലിക കര്‍ണാടക സംഗീതത്തിലെ സമാനതകളില്ലാത്ത വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ബാലമുരളീകൃഷ്ണയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. കഴിഞ്ഞ നൂറ്റാണ്ടില്‍ ദക്ഷിണേന്ത്യന്‍ സംഗീതം കണ്ട അതുല്യ പ്രതിഭയാണ് വിടപറഞ്ഞതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വ്യത്യസ്തമായ സംഗീതദര്‍ശനമായിരുന്നു ബാലമുരളീകൃഷ്ണയെ കര്‍ണാടക സംഗീത കുലപതിയാക്കിയതെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ അഭിപ്രായപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day