|    Dec 11 Sun, 2016 1:26 pm
FLASH NEWS

ശൗചാലയമോ അടച്ചുറപ്പുള്ള വീടോ ഇല്ല; എന്നിട്ടും ശാരദ എപിഎല്‍ ലിസ്റ്റില്‍

Published : 4th November 2016 | Posted By: SMR

ഇരിക്കൂര്‍: കേരളം രാജ്യത്തെ ആദ്യ ഒഡിഎഫ് സംസ്ഥാനമായി മുഖ്യമന്ത്രി പ്രഖ്യാപിച്ചപ്പോഴും, സംസ്ഥാനം സമ്പൂര്‍ണ ശുചിമുറി സംസ്ഥാനമാണെന്ന് അഭിമാനത്തോടെ അധികൃതര്‍ പറയുമ്പോഴും സ്വന്തമായി കക്കൂസില്ലാത്ത നിരവധി കുടുംബങ്ങള്‍ ഇരിക്കൂറിലും പരിസരങ്ങളിലും കഴിയുന്നു. ഇരിക്കൂര്‍ പഞ്ചായത്തിലെ കോളോട് താമസിക്കുന്ന കുറുകണ്ടി ശാരദയ്ക്ക് സ്വന്തമായി കഴിഞ്ഞകാല അധ്വാനത്തിലൂടെ ഒരുക്കിവച്ച തുക ഉപയോഗിച്ച് നനയാത്ത ഒരു വീടുണ്ട്. വീട്ടില്‍ കിണറോ കുടിവെള്ളമോ ഇല്ല. ദാഹജലം കിട്ടണമെങ്കില്‍ അയല്‍ക്കാരുടെ സമ്മതത്തോടെ കോരിയെടുക്കണം. വിധവയും നിരാലംബയുമായ ശാരദയ്ക്ക് സ്വന്തമായി കക്കൂസോ മൂത്രപ്പുരയോ ഇല്ല. മലമൂത്ര വിസര്‍ജനം നടത്തണമെങ്കില്‍ ആളൊഴിഞ്ഞ കാടിനുള്ളില്‍ പോവണം. 67 വയസ്സുകാരി ശാരദയുടെ ഏകജീവിത മാര്‍ഗം സര്‍ക്കാര്‍ നല്‍കുന്ന വിധവ പെന്‍ഷന്‍ മാത്രം. വീട്ടില്‍ അടുക്കളയും കിടപ്പുമുറിയും വരാന്തയും മാത്രം. നിലത്ത് മരപ്പലക വിരിച്ച് അതിലാണ് കിടപ്പ്. വീടിന് ഉറപ്പുള്ള വാതിലോ ജനല്‍പ്പാളികളോ ഇല്ല. തേപ്പും നടന്നില്ല. വീട്ടില്‍ ശാരദ ഒറ്റയ്ക്കാണ് താമസം. ഒരു കക്കൂസിനായി പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിട്ടും കിട്ടിയില്ല. വീട്ടിലേക്ക് വൈദ്യുതി ലഭിക്കാന്‍ അപേക്ഷ നല്‍കിയെങ്കിലും ഉദ്യോഗസ്ഥര്‍ പലകാരണം പറഞ്ഞ് നിരവധി തവണയാണ് ഇവരെ നടത്തിച്ചത്. അവസാനം ദിവസങ്ങള്‍ക്കു മുമ്പാണ് വൈദ്യുതി ലഭിച്ചത്. ഇതൊക്കെയാണെങ്കിലും ശാരദ റേഷന്‍കാര്‍ഡില്‍ എപിഎല്‍ ലിസ്റ്റിലാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ ഇവരെ കാണാതെ എന്തോ എഴുതിക്കൊണ്ടു പോയതിന്റെ ഫലം. സര്‍ക്കാര്‍ നിശ്ചയിച്ച ബിപിഎല്‍ കാര്‍ഡുടമകള്‍ക്കുള്ള നിര്‍ദേശങ്ങളില്‍ 15ല്‍ ഏഴും ഇവര്‍ക്കുണ്ടായിട്ടും അധികൃതര്‍ ഇവരെ ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുത്താത്തതില്‍ ഇവര്‍ക്ക് സങ്കടമുണ്ട്്. അതുപോലെ നാട്ടുകാര്‍ക്കും. ഇത്തരക്കാരുള്ളപ്പോള്‍ കേരളം എങ്ങനെ ഒഡിഎഫ് സംസ്ഥാനമാവുമെന്നാണ് പരിസരവാസികളുടെ ചോദ്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക