|    Oct 27 Thu, 2016 12:34 pm
FLASH NEWS

ശ്രീ ചിത്രയില്‍ ചികില്‍സാ ചെലവ് കുത്തനെ വര്‍ധിപ്പിച്ചു; രോഗികള്‍ക്ക് കനത്ത തിരിച്ചടി

Published : 4th January 2016 | Posted By: SMR

തിരുവനന്തപുരം: സര്‍ക്കാര്‍ മേഖലയിലെ പ്രമുഖ ആരോഗ്യ ഗവേഷണ കേന്ദ്രമായ ശ്രീ ചിത്രയില്‍ ചികില്‍സാ ചെലവ് കുത്തനെ വര്‍ധിപ്പിച്ചത് രോഗികള്‍ക്ക് തിരിച്ചടിയാവുന്നു. കുറഞ്ഞ ചെലവില്‍ രാജ്യത്തെ തന്നെ മികച്ച ചികില്‍സ ലഭ്യമാക്കുന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമാണ് മെഡിക്കല്‍ കോളജ് കാംപസിലെ ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജി(എസ്‌സിടിഐഎംഎസ്ടി).
സ്വകാര്യ ആശുപത്രികളുടെ പിടിച്ചുപറിയില്‍ നിന്ന് ഒരുപരിധി വരെ സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കിയിരുന്ന ശ്രീചിത്രയിലാണ് ചികില്‍സാ ചെലവുകളില്‍ വന്‍ വര്‍ധന വരുത്തിയിരിക്കുന്നത്. ഈമാസം ഒന്നു മുതലാണ് നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നത്. ഔട്ട്‌പേഷ്യന്റ്(ഒപി) രജിസ്‌ട്രേഷന്‍ ഫീസ് 250ല്‍നിന്ന് 500 രൂപയായി കൂട്ടി.
രജിസ്‌ട്രേഷന്‍ ഫീസ് മൂന്നിരട്ടി വര്‍ധിപ്പിച്ച് 750 രൂപയാക്കാനായിരുന്നു പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ എം ചന്ദ്രശേഖരന്‍ അധ്യക്ഷനായ ശ്രീ ചിത്ര ഗവേണിങ് ബോഡിയുടെ ശുപാര്‍ശ. എന്നാല്‍, ജനങ്ങളില്‍ നിന്നു കടുത്ത എതിര്‍പ്പുണ്ടാവുമെന്നു മനസ്സിലാക്കി തല്‍ക്കാലം ഫീസില്‍ 250 രൂപയുടെ വര്‍ധന മതിയെന്ന് ഗവേണിങ് കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു. ലാബ് ഫീസ് ഉള്‍പ്പെടെയുള്ള എല്ലാ സേവനങ്ങളുടെയും ഫീസ് അടുത്തു തന്നെ വര്‍ധിപ്പിക്കാനും തീരുമാനമുണ്ട്. 100 മുതല്‍ 300 ശതമാനം വരെ വര്‍ധനയ്ക്കാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്.
നിലവില്‍ നാലു തലങ്ങളിലായാണ് ചികില്‍സാ ചെലവ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു പൂര്‍ണമായും സൗജന്യചികില്‍സയും സാമ്പത്തികസ്ഥിതി അനുസരിച്ച് 30ശതമാനം, 10 ശതമാനം വീതം ഇളവും നല്‍കുന്നുണ്ട്. മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ളവരില്‍നിന്ന് ചികില്‍സയ്ക്ക് ചെലവാകുന്ന മുഴുവന്‍ തുകയും ഈടാക്കാറുണ്ട്. ചികില്‍സയ്ക്കല്ല, ഗവേണഷണത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നാണ്് ശ്രീചിത്ര അധികൃതരുടെ നിലപാട്. അതുകൊണ്ടുതന്നെ സ്ഥാപനത്തിന്റെ നടത്തിപ്പിന് പണം കണ്ടെത്തണം. രോഗികളുടെ എണ്ണം കുറച്ച് മെച്ചപ്പെട്ട ചികില്‍സ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അധികൃതര്‍ വിശദീകരിക്കുന്നു. പ്രതിവര്‍ഷം 60 കോടി രൂപയുടെ നഷ്ടം നേരിടുന്നുണ്ട്. കേന്ദ്രഫണ്ട് ലഭ്യത കുറയുകയും ചെയ്തു. കൂടാതെ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്ത് പുതിയ ആശുപത്രി കോംപ്ലക്‌സ് നിര്‍മാണം ഉടന്‍ ആരംഭിക്കാനും ഗവേണിങ് ബോര്‍ഡി തീരുമാനിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 64 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day