|    Dec 4 Sun, 2016 1:12 am
FLASH NEWS

ശാസ്ത്രം മാതൃഭാഷയില്‍ പഠിക്കാത്തത് പഠനനിലവാരം കുറച്ചു: കല്‍പ്പറ്റ നാരായണന്‍

Published : 2nd November 2016 | Posted By: SMR

കോഴിക്കോട്: ഭൂമിയിലെ ഏറ്റവും വലിയ ഭാഷ മാതൃഭാഷയാണെന്ന്  കവി കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച മലയാളം ശ്രേഷ്ഠ ഭാഷാദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിജീവനത്തിന് നമ്മെ ആദ്യം തുണച്ച ഭാഷയാണ് മാതൃഭാഷ. മാതൃഭാഷയില്‍ മാത്രമേ ആര്‍ക്കും ഏറ്റവും നന്നായി ആശയ വിനിമയം നടത്താന്‍ കഴിയൂ. കേരളം വിദ്യഭ്യാസത്തിന്റെ ഗുണനിലവാരത്തില്‍ വളരെ പിറകിലായതിന്റെ കാരണം മാതൃഭാഷയില്‍ ശാസ്ത്രവും ചരിത്രവും തത്വചിന്തയുമൊന്നും പഠിക്കാത്തതാണ്. ഏറ്റവും സങ്കീര്‍ണമായ കാര്യങ്ങള്‍ ആലോചിക്കാന്‍ കഴിയുക മാതൃഭാഷയിലാണ്. ശ്രീനാരായണഗുരു അദ്ഭുതകരമായ ചിന്ത നടത്തിയ ഒരു മലയാളിയായി മാറിയത്, വരുംകാലത്തിന്റെ ദാര്‍ശനികനായി ഇന്ത്യയൊട്ടാെക മാറുമെങ്കില്‍ അതിന് കാരണം അദ്ദേഹം മാതൃഭാഷയിലാണ് ചിന്തിച്ചത് എന്നതാണ്. കേരളം എന്നുപറയുന്നത് ഒരു ഉണ്‍മയല്ല. മലയാളം എന്നത് ഒരു ഉണ്‍മയാണ്. ഭാഷയാണ് അന്യരില്‍നിന്ന് നമ്മെ വ്യത്യസ്തരാക്കുന്ന സ്വത്വം. ഭാഷയ്ക്ക് നമ്മേക്കാള്‍ പ്രായവും ഭൂതകാലവുമുണ്ട്. നമ്മുടെ എല്ലാ അനുഭവങ്ങളും ഭാഷയില്‍ എഴുതപ്പെട്ടതാണ്. ഹെലന്‍ കെല്ലര്‍ ഭാഷ കൊണ്ട് അന്ധതയും ബധിരതയും മൂകതയും പരിഹരിച്ചു. വാക്കുകളാണ് ലോകത്തെ നിലനിര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് അധ്യക്ഷത വഹിച്ചു. കവിയും ഭൂശാസ്ത്ര വകുപ്പില്‍ ജിയോളജിസ്റ്റുമായ ദിവാകരന്‍ വിഷ്ണുമംഗലത്തിനെ കല്‍പ്പറ്റ നാരായണന്‍ ഉപഹാരം നല്‍കി ആദരിച്ചു. എഡിഎം ടി ജനില്‍കുമാര്‍, അസി. കലക്ടര്‍ കെ ഇമ്പശേഖര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ ടി ശേഖര്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ കെ കെ അനില്‍കുമാര്‍, കെ  സുബ്രഹ്മണ്യന്‍, എന്‍ വി രഘുരാജ് സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day