|    Dec 11 Sun, 2016 7:40 am

ശസ്ത്രക്രിയ നടത്താന്‍ പണമില്ല; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത ജീവനൊടുക്കി

Published : 6th November 2016 | Posted By: SMR

കാസര്‍കോട്: ശസ്ത്രക്രിയ നടത്താന്‍ പണമില്ലാത്ത വിഷമത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത തൂങ്ങിമരിച്ചു. ബെള്ളൂര്‍ പഞ്ചായത്തിലെ നാട്ടക്കല്‍ കലേരി ഹൗസില്‍ പരേതനായ വിശ്വനാഥയുടെ ഭാര്യ രാജീവി (60) ആണ് വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെ മകന്റെ വീട്ടുവരാന്തയില്‍ തൂങ്ങിമരിച്ചത്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ലിസ്റ്റില്‍ ഇവര്‍ ഉള്‍പ്പെട്ടിരുന്നു. പ്രതിമാസം 1200 രൂപ പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ വിദഗ്ധ ചികില്‍സയോ ചികില്‍സയ്ക്കുള്ള ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല. അസുഖം മൂര്‍ച്ഛിച്ച് പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയപ്പോള്‍ ശസ്ത്രക്രിയ നടത്തണമെന്നു ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന് 60,000 രൂപ ചെലവു വരുമെന്നും അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ കാസര്‍കോട് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുത്ത ദിവസം തന്നെയാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത ആത്മഹത്യ ചെയ്തത്. സിപിഎം ഭരിക്കുന്ന ബെള്ളൂര്‍ പഞ്ചായത്തിലെ വൈസ് പ്രസിഡന്റിന്റെ വാര്‍ഡിലാണ് ഇവര്‍ താമസം.
തൂങ്ങിയ നിലയില്‍ കണ്ട ഇവരെ കയര്‍ പൊട്ടിച്ച് ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. എന്നാല്‍, പഞ്ചായത്തിന് സ്വന്തമായി എന്‍ഡോസള്‍ഫാന്‍ ആംബുലന്‍സ് ഉണ്ടായിട്ടും ഇതു വിട്ടുനല്‍കിയില്ലെന്നും പരാതിയുണ്ട്. കൂലിവേല ചെയ്യുന്ന മക്കള്‍ ജീപ്പ് വാടകയ്ക്കു പിടിച്ചാണ് വൃദ്ധയെ ആശുപത്രിയില്‍ എത്തിച്ചത്. ഉച്ചയോടെയാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്.
വനിതാ പോലിസ് ഇല്ലെന്ന കാരണം പറഞ്ഞ് ഇന്‍ക്വസ്റ്റ് നടത്തുന്നത് പോലിസ് നീട്ടുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്. സംഭവത്തെക്കുറിച്ച് നാളെ നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിക്കുമെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ പറഞ്ഞു. എംഎല്‍എ ഇടപെട്ടതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ അടിയന്തര ആശ്വാസധനം അനുവദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീറും സംഭവമറിഞ്ഞ് ആശുപത്രിയില്‍ എത്തിയിരുന്നു.
മക്കള്‍: ശ്രീനിവാസന്‍, കരുണാകരന്‍. മരുമക്കള്‍: ശോഭ, ശാരദ. സഹോദരങ്ങള്‍: ഗോപി, ലീല, പരേതനായ നാരായണ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക