|    Dec 6 Tue, 2016 9:30 pm
FLASH NEWS

ശമ്പളത്തിനും പെന്‍ഷനുമായി ട്രഷറികളില്‍ നീണ്ട നിര

Published : 2nd December 2016 | Posted By: SMR

കാസര്‍കോട്: ജില്ലയിലെ ട്രഷറികളില്‍ പെന്‍ഷന്‍, ശമ്പളം വിതരണത്തിനായി 3.10 കോടി രൂപയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ അനുവദിച്ചതാകട്ടെ 1.97 കോടി മാത്രമാണ്. മിക്ക ട്രഷറികളിലും 9600 രൂപ വരെയുള്ള പെന്‍ഷന്‍ മാത്രമാണ് വിതരണം ചെയ്തത്. എന്നാല്‍ അപൂര്‍വം ചിലയിടങ്ങളില്‍ 24,000 രൂപ നല്‍കി. കാസര്‍കോട് സബ്ട്രഷറിയില്‍ 90 ലക്ഷം രൂപ ആവശ്യപ്പെട്ടുവെങ്കിലും 21 ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്. നീലേശ്വരം സബ്ട്രഷറിയില്‍ 75 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ലഭിച്ചത് 40 ലക്ഷം മാത്രമാണ്. വെള്ളരിക്കുണ്ട് സബ്ട്രഷറിയില്‍ 20 ലക്ഷം വേണ്ടിടത്ത് 16 ലക്ഷം മാത്രമാണ് ലഭിച്ചത്. ഈ തുക രണ്ടു തവണയായിട്ടാണ് ലഭിച്ചത്. ഇവിടെ പെന്‍ഷന്‍ നല്‍കിയെങ്കിലും പഞ്ചായത്തുകളില്‍ നിന്ന് ലഭിച്ച ലക്ഷങ്ങളുടെ ശമ്പള ബില്‍ നല്‍കാതെ തിരിച്ചയച്ചു. മഞ്ചേശ്വരം സബ്ട്രഷറിയില്‍ 15 ലക്ഷം ആവശ്യപ്പെട്ടുവെങ്കിലും 10 ലക്ഷം മാത്രമാണ് കിട്ടിയത്. വിമുക്തഭടന്‍മാര്‍ക്കുള്ള പെന്‍ഷന്‍ മാത്രം വിതരണം ചെയ്യുന്ന ജില്ലാ ട്രഷറിയില്‍ ആവശ്യപ്പെട്ട 30 ലക്ഷവും ലഭിച്ചു. കാഞ്ഞങ്ങാട്ട് 50ഉം ചട്ടഞ്ചാലില്‍ 30ഉം ലക്ഷം ലഭിച്ചു. ഇന്നലെ രാവിലെ മുതല്‍ ജില്ലയിലെ എല്ലാ ട്രഷറികളിലും പെന്‍ഷന്‍ വാങ്ങാനെത്തിയവരുടെ വന്‍ തിരക്കായിരുന്നു. എടിഎമ്മുകളിലും രാവിലെ മുതല്‍ ജീവനക്കാരുടെ വന്‍തിരക്കായിരുന്നു. ഉച്ചയ്ക്കു മുമ്പേ തന്നെ മിക്ക എടിഎമ്മുകളും കാലിയായി. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ട്രഷറി വഴി ബാങ്കിലെത്തുന്നതിനാല്‍ ബാങ്കുകളില്‍ പണം അന്വേഷിച്ചെത്തിയ ജീവനക്കാര്‍ പലരും നിരാശരായിരുന്നു. നോട്ട് നിരോധനത്തിന് ശേഷം ആദ്യമായാണ് പെന്‍ഷനും ശമ്പളത്തിനുമായി ജീവനക്കാര്‍ ട്രഷറിയിലെത്തിയത്. പുലര്‍ച്ചെ മുതല്‍ ട്രഷറികള്‍ക്ക് മുന്നില്‍ നീണ്ട ക്യൂവായിരുന്നു. എന്നാല്‍ പതിനായിരം രൂപയില്‍ താഴെയുള്ള പെന്‍ഷന്‍ മാത്രമാണ് വിതരണം ചെയ്തത്. മറ്റുപെന്‍ഷനുകള്‍ ഏഴിന് ശേഷം നല്‍കാമെന്നായിരുന്നു ട്രഷറി അധികൃതരുടെ വാഗ്ദാനം. പെന്‍ഷന്റെ പാസ്ബുക്കുമായി എത്തിയ പലരും പണം ലഭിക്കാതെ നിരാശയോടെ തിരിച്ചുപോയി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day