|    Dec 5 Mon, 2016 3:57 pm
FLASH NEWS

ശബരിമല പാതയില്‍ വാഹനങ്ങളുടെ മരണപ്പാച്ചില്‍; ഇരയായത് ഓട്ടോ ഡ്രൈവര്‍

Published : 1st December 2016 | Posted By: SMR

മുക്കൂട്ടുതറ: ശബരിമലയിലേക്കു മടങ്ങുന്നതിനുമായി എരുമേലിയിലെ മലമ്പാതയിലൂടെ അമിത വേഗതയില്‍ പാഞ്ഞതിന്റെ ഫലമായി ജീവന്‍ നഷ്ടമായത് ഓട്ടോ ഡ്രൈവറായ യുവാവിന് അമിത വേഗതക്കും അപകടകരമായ ഓവര്‍ടേക്കിങിനും വിലങ്ങിട്ടില്ലെങ്കില്‍ ഇനിയും റോഡ് ചോരക്കളമായി മാറുമെന്ന് നാട്ടുകാര്‍. ഇന്നലെ മുക്കൂട്ടുതറയ്ക്കു സമീപം 35ാം ജങ്ഷനില്‍ വച്ചാണ് ഓട്ടോ ഡ്രൈവര്‍ പ്രപ്പോസ് സ്വദേശി കുന്നുപുറത്ത് ജോമോന്‍ അപകടത്തില്‍ മരിച്ചത്. ജോമോന്‍ ഓടിച്ച ഓട്ടോയില്‍ എതിരേ ശബരിമല തീര്‍ത്ഥാടകരുമായി വന്ന കാര്‍ പാഞ്ഞുകയറുകയായിരുന്നു. ട്രാഫിക് നിയമങ്ങള്‍ പാലിച്ച് വാഹനമോടിച്ചാല്‍ പോലും അപകടം എതിരേ പാഞ്ഞെത്തുന്നത് തീര്‍ത്ഥാടന കാലത്ത് പതിവാണ്. മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ എതിരെ വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പ് വരുത്തണം. മറുവശം കാണാനാവാത്ത വളവുകളിലാണ് യാതൊരുവിധ ശ്രദ്ധയുമില്ലാതെ അമിതവേഗതയില്‍ വാഹനങ്ങള്‍ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നത്. ഈ കാഴ്ച ശബരിമല പാതകളില്‍ ഓരോ വളവുകളിലും കാണാം. പരിചയമില്ലാത്ത ഈ പാതയില്‍ ഇതര സംസ്ഥാന വാഹനങ്ങള്‍ നാട്ടിലെ ചിരപരിചിതമായ വാഹനങ്ങളേക്കാള്‍ പതിന്‍മടങ്ങ് വേഗതയിലാണ് പായുന്നത്. ഗതാഗത സുരക്ഷാ വീഭാഗത്തിന്റേയും മോട്ടോര്‍ വാഹന വകുപ്പിന്റേയും റോഡ് സേഫ് സോണിന്റെയും പോലിസിന്റെയും 25ഓളം വാഹനങ്ങള്‍ ദിവസവും വാഹനവേഗത നിയന്ത്രിക്കാനായി ശബരിമല പാതയില്‍ പട്രോളിങ് നടത്തുന്നുണ്ട്. എന്നാല്‍ ഇതെല്ലാം മറികടന്നാണ് ചെങ്കുത്തായ ഇറക്കവും കയറ്റങ്ങളും വളവുകളും നിറഞ്ഞ കണമല റോഡിലൂടെ വാഹനങ്ങള്‍ പായുന്നത്. ഇന്നലെ അപകടത്തില്‍ കാറിടിച്ച് ഓട്ടോ റോഡരികിലെ കരിങ്കല്‍കൂട്ടത്തിലേക്കാണ് തെറിച്ചുവീണത്.അമിത വേഗതയില്‍ കാര്‍ പാഞ്ഞുവന്ന് ഇടിച്ചതിന്റെ ആഘാതമാണ് ഓട്ടോ ദൂരേക്ക് തെറിച്ചുപോവാന്‍ കാരണമായത്. അപകടങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കി വാഹനങ്ങളുടെ അമിതവേഗതയ്ക്കു കടിഞ്ഞാണ്‍ ഇട്ടില്ലെങ്കില്‍ ഇന്നലെ ഓട്ടോ ഡ്രൈവറുടെ ജീവനും സ്വപ്‌നങ്ങളും പൊലിഞ്ഞതുപോലെ ഇനിയും നിരപരാധികള്‍ ഇരകളായി മാറിയേക്കുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day