|    Dec 8 Thu, 2016 7:49 pm

ശംഖുമുഖം നവീകരണത്തിന്മാസ്റ്റര്‍പ്ലാന്‍ തയ്യാറാവുന്നു

Published : 29th October 2016 | Posted By: SMR

തിരുവനന്തപുരം: നഗരത്തിലെ പ്രമുഖ വിനോദകേന്ദ്രമായ ശംഖുമുഖത്തിനു പുതിയ മുഖം നല്‍കുന്നതിനു മാസ്റ്റര്‍പ്ലാനുമായി ടൂറിസം വകുപ്പ്. നിലവില്‍ ശംഖുമുഖത്തു നടത്തുന്ന സൗന്ദര്യവല്‍ക്കരണത്തിനു പുറമെയാണിത്. സന്ദര്‍ശകര്‍ക്കു മെച്ചപ്പെട്ട പാര്‍ക്കിങ് ഒരുക്കിയും കോണ്‍ക്രീറ്റ് നിര്‍മിതികള്‍ പരമാവധി ഒഴിവാക്കിയും പരിസരശുചീകരണത്തിനു മൂന്‍തൂക്കം നല്‍കിയുമാണു നവീകരണം. 2017 മധ്യത്തോടെയാണ് നവീകരണ പദ്ധതികള്‍ പൂര്‍ത്തിയാവുക. നിലവില്‍ ഇവിടെ രണ്ടുകോടി രൂപ ഉപയോഗിച്ചു സൗന്ദര്യവല്‍ക്കരണം നടത്തിവരികയാണ്. തീരത്തിന്റെ സ്വാഭാവിക ഭംഗിക്കു കോട്ടംവരുത്തിയുള്ള സൗന്ദര്യവല്‍ക്കരണം പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവിടെയുള്ള മുത്തുച്ചിപ്പി പാര്‍ക്ക്, മല്‍സ്യകന്യക പാര്‍ക്ക് എന്നിവിടങ്ങളില്‍ പുതുതായി കോണ്‍ക്രീറ്റ് നിര്‍മാണങ്ങള്‍ ഒഴിവാക്കാന്‍ വിനോദസഞ്ചാര വകുപ്പ് തീരുമാനിച്ചത്. ഇതോടൊപ്പം രണ്ടര നൂറ്റാണ്ട് പഴക്കമുള്ള ചക്രതീര്‍ത്ഥക്കുളത്തിന്റെ പഴമ നിലനിര്‍ത്തി നവീകരിക്കാനും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. പുരാവസ്തു വകുപ്പിന്റെ സഹായത്തോടെയാവും കുളം നവീകരിക്കുക. ശംഖുമുഖത്തു വര്‍ഷങ്ങളായി നിലനിന്നിരുന്ന മുത്തുച്ചിപ്പി പാര്‍ക്ക് നവീകരണത്തിനായി ഇടിച്ചുമാറ്റിയിരുന്നു. ഇവിടെ സന്ദര്‍ശകര്‍ക്കു തണല്‍ ലഭിക്കുന്നതിനും വിശ്രമത്തിനുമായി മരങ്ങള്‍ വച്ചുപിടിപ്പിക്കും. ശംഖുമുഖത്തെ സുനാമി പാര്‍ക്ക് സന്ദര്‍ശകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള ഇടമാക്കി മാറ്റാനാണു പദ്ധതി. ശംഖുമുഖത്തെ കുട്ടികളുടെ ചാച്ചാ നെഹ്‌റു പാര്‍ക്ക് നവീകരിക്കാനും പദ്ധതിയുണ്ടെന്നു വിനോദസഞ്ചാര വകുപ്പ് അധികൃതര്‍ പറഞ്ഞു. ട്രാഫിക് നിയമങ്ങളെക്കുറിച്ചു കുട്ടികളെ ബോധവല്‍ക്കരിക്കുന്നതിന് ഇവിടെ സൈക്കിള്‍ പാര്‍ക്ക് സ്ഥാപിക്കും. പ്രദേശത്തെ തട്ടുകടകള്‍ക്കു പുതിയ രൂപം നല്‍കുന്നതിനും പദ്ധതിയുണ്ട്. ഇതിന്റെ ഭാഗമായി കടയുടമകള്‍ക്കു യൂനിഫോം നല്‍കും. ഡിടിപിസിയുടെ നേതൃത്വത്തില്‍ ഇവിടെ പുതിയ കടകള്‍ നിര്‍മിച്ചുനല്‍കുകയും കടയുടമകളില്‍ നിന്നു നിശ്ചിതവാടക ഈടാക്കുമെന്നും അധികൃതര്‍ പറഞ്ഞു. ഭക്ഷ്യവകുപ്പിന്റെ ലൈസന്‍സ് നിര്‍ബന്ധമാക്കിയുള്ള കടകളേ ഇനി പ്രവര്‍ത്തിപ്പിക്കുകയുള്ളൂവെന്നും ഡിടിപിസി അധികൃതര്‍ വ്യക്തമാക്കി. കൂടാതെ, ശംഖുമുഖവും പരിസരവും കൂടുതല്‍ വൃത്തിയാക്കുന്നതിനു കുടുംബശ്രീ പ്രവര്‍ത്തകരെ കൂടുതല്‍ നിയമിക്കും. സന്ദര്‍ശകരുടെ സുരക്ഷയ്ക്കായി കൂടുതല്‍ ലൈഫ് ഗാര്‍ഡുകളെയും ഏര്‍പ്പെടുത്തും. ഇതോടൊപ്പം കൂടുതല്‍ ടോയ്‌ലറ്റുകള്‍, പ്ലാസ്റ്റിക് മാലിന്യങ്ങളും ജൈവ മാലിന്യങ്ങളും കൊണ്ടിടുന്നതിനുള്ള ബിന്നുകളും സ്ഥാപിക്കാനാണു പദ്ധതി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day