|    Dec 8 Thu, 2016 5:39 am
FLASH NEWS

വ്യോമസേനയുടെ ഹെലികോപ്റ്റര്‍ പറന്നിറങ്ങി; 10 വീടുകള്‍ക്ക് നാശനഷ്ടം

Published : 21st November 2016 | Posted By: SMR

കല്‍പ്പറ്റ: വ്യോമസേനയുടെ ഹെലികോപ്റ്റര്‍ ദിശമാറി പറന്നിറങ്ങിയതിനെ തുടര്‍ന്ന് വ്യാപക നാശനഷ്ടം. പുത്തൂര്‍വയല്‍ എആര്‍ ക്യാംപിലെ ഹെലിപാഡില്‍ എയര്‍മാര്‍ഷല്‍ അമര്‍പ്രസാദ് ബാബു സഞ്ചരിച്ച ഹെലികോപ്റ്റര്‍ വന്നിറങ്ങിയതാണ് നാശനഷ്ടത്തിനിടയാക്കിയത്. ജനവാസകേന്ദ്രത്തിനു മുകളില്‍ താഴ്ന്നു പറന്നതോടെ വീടുകളുടെ മേല്‍ക്കൂര തകരുകയും ചുവരില്‍ വിള്ളല്‍വീഴുകയും ചെയ്തു. ജനല്‍ച്ചില്ലുകള്‍ പൊട്ടിവീണു. കാര്‍ഷിക വിളകളും നശിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12ഓടെയായിരുന്നു സംഭവം. പ്രദേശവാസി അമ്പലപ്പറമ്പില്‍ സുഭാഷിന്റെ വീടിന്റെ മേല്‍ക്കൂരയിലെ ഷീറ്റുകള്‍ പറന്നുപോയി. ചന്ദ്രാലയത്തില്‍ വിജയന്റെ ഇരുനില വീടിനു വിള്ളല്‍വീണു. മണ്ടകക്കുനി മോഹനന്റെ വീടിന്റെ ചുറ്റുമതില്‍ പൂര്‍ണമായി തകര്‍ന്നു. പ്രദേശവാസികളായ അബ്ദുനാസര്‍, അബ്ദുല്ല, അബ്ദുല്‍ ഖാദര്‍ എന്നിവരുടെ വീടുകള്‍ക്കും സാരമായ കേടുപാടുകളുണ്ടായി. പ്രദേശത്തെ മറ്റ് നാലു വീടുകള്‍ക്കും ഭാഗികമായി നാശനഷ്ടം സംഭവിച്ചു. കോഴിക്കൂടുകളും തൊഴുത്തുകളും തകര്‍ന്നു. എയര്‍മാര്‍ഷലിന്റെ വരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പരീക്ഷണപ്പറക്കല്‍ നടത്തിയിരുന്നു. പ്രദേശത്ത് നാലു തവണ വട്ടമിട്ടു പറന്നതിനു ശേഷം ഹെലികോപ്റ്റര്‍ ക്യാംപിലെ ഹെലിപാഡിലിറക്കി. എന്നാല്‍, ഇന്നലെ ദിശമാറി പറന്നിറങ്ങിയതാണ് നാശനഷ്ടങ്ങള്‍ക്കിടയാക്കിയത്. സ്വകാര്യ മൊബൈല്‍ ടവര്‍ ഒഴിവാക്കി പറന്നതാണ് ജനവാസകേന്ദ്രത്തിന് മുകളില്‍ എത്താന്‍ കാരണമായതെന്നു പൈലറ്റ് പറഞ്ഞതായി പോലിസ് അറിയിച്ചു. നാശനഷ്ടം സംഭവിച്ചവര്‍ പോലിസിനും ജില്ലാ പോലിസ് മേധാവിക്കും പരാതി നല്‍കി. ഇടയ്ക്കിടെ എആര്‍ ക്യാംപിലെ ഹെലിപാഡില്‍ ഹെലികോപ്റ്ററുകള്‍ ഇറങ്ങാറുണ്ടെങ്കിലും ഇത്തരമൊരു സംഭവം ആദ്യമാണ്. വിരമിച്ച വ്യോമസേനാംഗങ്ങള്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനാണ് എയര്‍മാര്‍ഷല്‍ ജില്ലയിലെത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day