|    Dec 10 Sat, 2016 2:45 am
FLASH NEWS

വ്യാപാര മേഖല സ്തംഭിച്ചു, ചൊവ്വാഴ്ച മുതല്‍ കടയടച്ച് സമരം

Published : 12th November 2016 | Posted By: G.A.G

hartal

പാലക്കാട്: കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ മൂലം വ്യപാരമേഖല സ്തംഭനത്തിലേക്ക്. ഇതേത്തുടര്‍ന്ന് ചൊവ്വാഴ്ച മുതല്‍ കടകള്‍ അടച്ച് അനിശ്ചിതകാല സമരത്തിലേക്ക് കടക്കുകയാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീന്‍ കോഴിക്കോട്ട് അറിയിച്ചു. നോട്ടുകള്‍ പിന്‍വലിച്ചത് കച്ചവടത്തെ ബാധിച്ചതിനാലാണ് നടപടിയെന്ന് നസറുദ്ദീന്‍ പറഞ്ഞു.
500, 1000 കറന്‍സികള്‍ പിന്‍വലിച്ചതുമൂലമുണ്ടായ പ്രായോഗിക ബുദ്ധിമുട്ടുകള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും റിസര്‍വ് ബാങ്കും അടിയന്തിര പരിഹാരം കാണണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബി വി ചുങ്കത്ത് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കള്ളപ്പണം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും തുടങ്ങിവെച്ച കറന്‍സി മാറ്റത്തിന്റെ ഉദ്ദേശശുദ്ധിയെ ഉള്‍ക്കൊള്ളുന്നുവെങ്കിലും പുതിയ നോട്ടുകള്‍ ലഭ്യമാക്കുന്നതിലുള്ള കാലതാമസം മൂന്നുദിവസം പിന്നിട്ടിട്ടും പരിഹരിക്കാനാകാത്തത് സാധാരണക്കാരേയും വ്യാപാരസ്ഥാപനങ്ങളേയും വളരെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. വ്യാപാരമേഖലയില്‍ ക്രയവിക്രയത്തില്‍ 78 ശതമാനമുണ്ടായിരുന്ന 500, 100, 50 രൂപകളുടെ നോട്ടുകള്‍ കൂടുതലായി ഇറക്കുമെന്ന് ആര്‍ബിഐ പ്രഖ്യാപിച്ചെങ്കിലും ഭൂരിഭാഗം ബാങ്കുകളിലും നോട്ടുകള്‍ ലഭ്യമല്ലാത്ത സ്ഥിതിയാണ്. കേരളത്തിലെ ബാങ്ക് എടിഎമ്മുകളില്‍ ഭൂരിഭാഗവും കാലിയായിരിക്കയാണ്. ചില്ലറ നോട്ടുകള്‍ 60 ശതമാനമുണ്ടായിരുന്നിടത്ത് ഇന്ന് 20 ശതമാനം പോലും ഇല്ലാത്ത സ്ഥിതിയാണുള്ളത്. മിക്ക ബാങ്കുകളിലും മണിക്കൂറുകള്‍ ക്യൂ നിന്ന് ലഭിക്കുന്നതാകട്ടേ പുതിയ 2000 രൂപയുടേതാണ്. ഇതിന് ചില്ലറ ലഭ്യമല്ലാത്തതിനാല്‍ വളരെയധികം ബുദ്ധിമുട്ടുകളാണ് സാധാരണക്കാര്‍ക്കും വ്യാപാരമേഖലയ്ക്കുമുണ്ടാകുന്നത്. 10 ശതമാനം വില്‍പ്പന മാത്രമാണ് കേരളത്തിലെ വ്യാപാര മേഖലയില്‍ മിക്കയിടത്തും ഇതുമൂലം നടക്കുന്നുള്ളൂ. 1000 രൂപയുടെ നോട്ടുകള്‍ രാജ്യത്ത് 78 ശതമാനത്തോളം ക്രയവിക്രയമുണ്ടായിരുന്നത് നിര്‍ത്തലാക്കിയതും ചില്ലറ ക്ഷാമം രൂക്ഷമാക്കാനിടയാക്കിയിട്ടുണ്ട്. അതിനാല്‍ റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും പ്രഖ്യാപിച്ച പ്രകാരമുള്ള 500, 100, 50 രൂപകളുടെ നോട്ടുകള്‍ കൂടുതലായി ഇറക്കാനുള്ള തീരുമാനം അടിയന്തിരമായി നടപ്പാക്കണമെന്നും അല്ലാത്തപക്ഷം കേരളത്തിലെ വ്യാപാരമേഖല ഗുരുതരമായ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം ടി കെ ഹെന്‍ട്രി, സംസ്ഥാന കൗണ്‍സിലര്‍ ഹസന്‍ മുഹമ്മദ് എന്നിവരും പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 419 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day