|    Dec 6 Tue, 2016 5:36 pm
FLASH NEWS

വ്യാജ അഭിഭാഷകര്‍: കര്‍ശന നടപടിയുമായി ബാര്‍ കൗണ്‍സില്‍

Published : 28th November 2016 | Posted By: SMR

കൊച്ചി: വ്യാജ അഭിഭാഷകരെ കണ്ടെത്താന്‍ കര്‍ശന നടപടിയുമായി ബാര്‍കൗണ്‍സില്‍ ഓഫ് ഇന്ത്യ. ഇതിന്റെ ഭാഗമായി ഈ മാസം 30ന് മുമ്പ് നിയമബിരുദ സര്‍ട്ടഫിക്കറ്റുകള്‍ പരിശോധനയ്ക്ക് ഹാജരാക്കണമെന്നാണ് കേരള ബാര്‍ കൗണ്‍സില്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇതോടെ വ്യാജ ബിരുദക്കാരും ക്ലാസില്‍ ഹാജരാകാതെ അംഗീകാരമില്ലാത്ത സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് പ്രാക്ടീസ് ചെയ്യുന്നവരുമായ  അഭിഭാഷകര്‍ കുടുങ്ങുമെന്നുറപ്പായി.
നിയമബിരുദത്തിന്റെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റോ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റോ ബാര്‍കൗണ്‍സിലില്‍ ഹാജരാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിയമ ബിരുദം നേടിയവര്‍ അതത് സര്‍വകലാശാലകളില്‍ അയച്ച് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളാണ് എന്ന് തെളിയിക്കണം. അഭിഭാഷകരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഇത്തരമൊരു തീരുമാനം നടപ്പാക്കുന്നത്. അഭിഭാഷകരുടെ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന ഉടന്‍ പൂര്‍ത്തിയാക്കാന്‍ രാജ്യത്തെ മുഴുവന്‍ സര്‍വകലാശാലകള്‍ക്കും യുജിസിക്കും അത് സംബന്ധിച്ച് സുപ്രിം കോടതി ഉത്തരവ് നല്‍കിയിട്ടുണ്ട്.
ഈ പശ്ചാത്തലത്തിലാണ് ബാര്‍ കൗണ്‍സില്‍ രാജ്യത്തെ സംസ്ഥാന ബാര്‍ അസോസിയേഷനുകള്‍ക്ക് നിര്‍ദേശം കൈമാറിയിട്ടുള്ളത്. അഭിഭാഷകരില്‍ നിന്നും അസോസിയേഷന്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് ശേഖരിച്ച് സംസ്ഥാന ബാര്‍ സെക്രട്ടറിമാര്‍ക്ക് നല്‍കണം. രജിസ്റ്റര്‍ നമ്പറും മറ്റു വിവരങ്ങളും ഓരോ അഭിഭാഷകനും രേഖപ്പെടുത്തണം.
എന്റോള്‍ ചെയ്യുമ്പോള്‍ പലപ്പോഴും കൃത്യമായ പരിശോധന നടക്കാറില്ല. അതിനാല്‍ വ്യാജ അഭിഭാഷകരുടെ എണ്ണം കേരളത്തിലടക്കം കൂടാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്.  ഛത്തീസ്ഗഡ്, ഝാര്‍ഘണ്ഡ്, ബിഹാര്‍, തമിഴ്‌നാട്, എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് വ്യാജ ബിരുദം വ്യാപകമായി നല്‍കപ്പെടുന്നത്.
അംഗീകാരമില്ലാത്ത ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് എന്റോള്‍ ചെയ്ത ശേഷം പ്രാക്ടീസ് ചെയ്യുന്നവരുടെ എണ്ണം കൂടിവരുന്നതായാണ് വിവരം. അഭിഭാഷകരുടെ കൂട്ടത്തില്‍ വ്യാജന്മാരുടെ എണ്ണം 30 ശതമാനത്തോളം വരുമെന്നും ഇതില്‍ 20 ശതമാനത്തിലോളം പേര്‍ കോടതികളില്‍ പ്രാക്ടീസ് ചെയ്യുന്നുണ്ടെന്നുമാണ് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്ര കഴിഞ്ഞവര്‍ഷം വ്യക്തമാക്കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day