|    Dec 6 Tue, 2016 9:25 pm
FLASH NEWS

വ്യാജരേഖ ചമച്ച് ലക്ഷങ്ങളുടെ മദ്‌റസാ ഗ്രാന്റ് തട്ടിയെടുത്തതായി പരാതി

Published : 2nd December 2016 | Posted By: SMR

പുത്തനത്താണി: കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ലക്ഷങ്ങളുടെ മദ്‌റസ ഗ്രാന്റ് വ്യാജ രേഖകള്‍ ചമച്ച് തട്ടിയെടുത്തതായി പരാതി. പറവന്നൂര്‍ നജാത്തുല്‍ ഈമാന്‍ മദ്‌റസക്കനുവദിച്ച ലക്ഷക്കണക്കിന് രൂപയുടെ ഗ്രാന്റ് വ്യാജ രേഖയുണ്ടാക്കി മുന്‍ സെക്രട്ടറിയും സുന്നി എപി വിഭാഗം എസ്‌വൈഎസ് ജില്ലാ സെക്രട്ടറിയുമായ വി പി മുഹമ്മദ് ബഷീര്‍ തട്ടിയെടുത്തതായി പറവന്നൂര്‍ പഴയ മഹല്ല് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മദ്‌റസ വിദ്യാര്‍ഥികളെ പഠിപ്പിക്കാനായി വിവിധ ഘട്ടങ്ങളിലായി അനുവദിച്ച തുകയും മദ്‌റസയിലേക്ക് കമ്പ്യൂട്ടറും മറ്റ് ഉപകരണങ്ങളും വാങ്ങിയ ഇനത്തിലുമാണ് ഗ്രാന്റായി ലഭിച്ച അഞ്ചര ലക്ഷത്തോളം രൂപ തട്ടിയെടുത്തിട്ടുള്ളത്.ബഷീര്‍ ജോലി ചെയ്തിരുന്ന  കഞ്ഞിപ്പുരയിലെ ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ  അധ്യാപകര്‍ മദ്‌റസയില്‍ ക്ലാസെടുത്തതായി വ്യാജരേഖയുണ്ടാക്കിയാണ് അധ്യാപകരറിയാതെ തട്ടിപ്പ് നടത്തിയത്. അധ്യാപകര്‍ സ്‌കൂളില്‍  കൊടുത്തിരുന്ന സര്‍ട്ടിഫിക്കറ്റ് അവരറിയാതെ എഇഒ ഓഫിസില്‍ ഹാജരാക്കിയാണ് പഠിപ്പിച്ചതായി വ്യാജ രേഖയുണ്ടാക്കിയിരിക്കുന്നത്. പുറത്ത് നിന്ന് ആരും തന്നെ മദ്‌റസയില്‍ വന്ന് പഠിപ്പിച്ചിട്ടില്ലന്ന് മദ്‌റസ അധ്യാപകരും മദ്‌റസയില്‍ വരുകയോ ക്ലാസെടുക്കുകയോ യാതൊരു രേഖയും ഒപ്പിട്ട് കൊടുക്കുകയോ ചെയ്തിട്ടില്ലന്ന് ക്ലാസെടുത്തതായി പറയുന്ന അധ്യാപകരും അറിയിച്ചതായി ഭാരാവാഹികള്‍ പറഞ്ഞു. മദ്‌റസയിലേക്ക് അനുവദിച്ച കമ്പ്യൂട്ടറുകളടക്കമുള്ള പല ഉപകരണങ്ങളും മദ്‌റസയിലെത്തിയിട്ടില്ല. ഉപകരണങ്ങള്‍ വാങ്ങിയ ഇനത്തില്‍ പണം അടച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നറിയിച്ച് കേരള സിഡ്‌കോയില്‍ നിന്നും ഭാരാവാഹികള്‍ക്ക് നോട്ടീസ്  ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വന്‍ സാമ്പത്തിക തട്ടിപ്പ്  പുറത്തായത്.ബഷീറിനെതിരേ വ്യാപക പരാതികള്‍ ഉയര്‍ന്നതിനാല്‍ 2015 ആഗസ്റ്റില്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും പിരിച്ചുവിട്ടതായും പള്ളിയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചതിന് കല്‍പകഞ്ചേരി പോലിസിലും പലിശരഹിത നിധി എന്ന പേരില്‍ മഹല്ലില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് തിരൂര്‍ കോടതിയിലും ഇയാള്‍ക്കെതിരേ കേസ്സുള്ളതായും ഭാരവാഹികള്‍ പറഞ്ഞു. സംഭവത്തില്‍ ഉന്നത തല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജില്ല, ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്ക് പരാതി നല്‍കിയതായും  കേസെടുക്കണമെന്നാവശ്യപ്പെട്ട് പോലിസ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍  മഹല്ല് മുതവല്ലി കള്ളിയത്ത് മുഹമ്മദ് അബ്ബാസ്, പ്രസിഡന്റ് കെ ആലികുട്ടി, സെക്രട്ടറിമാരായ പറമ്പാട്ട് അദ്‌നാന്‍ മുഗീര്‍, എടശ്ശേരി കബീര്‍ ബാബു, ഫൈസല്‍ മുളഞ്ഞിപ്പിലാക്ക ല്‍, കെ ശംസുദ്ദീന്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day