|    Dec 10 Sat, 2016 11:59 pm

വ്യവസായിയെ തട്ടിക്കൊണ്ടുപോവല്‍; സക്കീര്‍ ഹുസയ്‌ന്റെ ജാമ്യഹരജി ഹൈക്കോടതി തള്ളി

Published : 2nd December 2016 | Posted By: SMR

കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം മുന്‍ കളമശ്ശേരി ഏരിയാസെക്രട്ടറി സക്കീര്‍ ഹുസയ്‌ന്റെ ജാമ്യഹരജി ഹൈക്കോടതി തള്ളി. ജാമ്യം അനുവദിക്കുന്ന കാര്യം പരിഗണിക്കാവുന്ന സമയപരിധി ആയിട്ടില്ലെന്നും അതിനാല്‍തന്നെ ജാമ്യം നല്‍കരുതെന്നുമുളള സര്‍ക്കാര്‍ വാദം കണക്കിലെടുത്താണ് കോടതിയുടെ ഉത്തരവ്. എറണാകുളം വെണ്ണല ബംഗ്ലാവ് വില്ലയില്‍ ജൂബി പൗലോസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് കേസെടുത്തതോടെ ഒളിവില്‍ പോയ സക്കീര്‍ ഹുസയ്ന്‍ മുന്‍കൂര്‍ജാമ്യം തേടി എറണാകുളം ജില്ലാ കോടതിയെയും തുടര്‍ന്ന് ഹൈക്കോടതിയെയും സമീപിച്ചുവെങ്കിലും ഇരു കോടതികളും മുന്‍കൂര്‍ജാമ്യം അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് നവംബര്‍ 17നാണ് സക്കീര്‍ ഹുസയ്ന്‍ കീഴടങ്ങിയത്. എറണാകുളം സെഷന്‍സ് കോടതിയിലാണ് ആദ്യം ജാമ്യാപേക്ഷ നല്‍കിയതെങ്കിലും തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവു നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സെഷന്‍സ് കോടതി ജാമ്യഹരജി തള്ളിയത്. വിവിധ പോലിസ് സ്റ്റേഷനില്‍ സക്കീറിനെതിരേ കേസുണ്ടെന്നും അന്വേഷണം നടത്തണമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യംകൂടി പരിഗണിച്ചാണ് ജാമ്യഹരജി ഹൈക്കോടതി തള്ളിയത്. എറണാകുളം വെണ്ണല ബംഗ്ലാവ് വില്ലയില്‍ ജൂബി പൗലോസിന്റെ പരാതിയിലാണ് പാലാരിവട്ടം പോലിസ് സക്കീറിനെതിരേ കേസെടുത്തത്. കങ്ങരപ്പടിയിലെ ഡയറി പ്ലാന്റ് ഉടമ ഷീല തോമസും ജൂബി പൗലോസും പങ്കാളികളായ ഡയറി പ്ലാന്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഷീലയുടെ ആവശ്യപ്രകാരം ജൂബിയെ തട്ടിക്കൊണ്ടുപോയെന്നാണ് കേസ്. അറസ്റ്റിലായ രണ്ടാംപ്രതി കറുകപ്പിള്ളി സിദ്ദീഖ്, മൂന്നാംപ്രതി ഫൈസലുമായി ചേര്‍ന്ന് ജൂബിയെ തട്ടിയെടുത്ത് കളമശ്ശേരി ഏരിയാകമ്മിറ്റി ഓഫിസില്‍ എത്തിക്കുകയും അവിടെയുണ്ടായിരുന്ന സക്കീര്‍ ഹുസയ്ന്‍ ജൂബിയെ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക