|    Dec 3 Sat, 2016 10:09 am
FLASH NEWS

വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസ്: സക്കീര്‍ ഹുസയ്‌ന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Published : 11th November 2016 | Posted By: SMR

കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയി തടഞ്ഞുവച്ചു ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയായ സിപിഎം കളമശ്ശേരി മുന്‍ ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസയ്‌ന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സക്കീര്‍ ഹുസയ്‌നെതിരേ കളമശ്ശേരി, തൃക്കാക്കര പോലിസ് സ്‌റ്റേഷനുകളിലായി 15 കേസുകള്‍ നിലവിലുണ്ടെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ഹൈക്കോടതിയെ അറിയിച്ചു.
ഗുണ്ടാസംഘങ്ങള്‍ക്കെതിരായ നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും സക്കീര്‍ ഹുസയ്‌ന് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഗുണ്ടാസംഘങ്ങളില്‍ നിന്ന് പൊതുജനത്തിന് സംരക്ഷണം നല്‍കാന്‍ പ്രത്യേക ടാസ്‌ക് ഫോഴ്‌സിന് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. രാഷ്ട്രീയപ്രേരിതമായ കേസാണെന്നു ചൂണ്ടിക്കാട്ടി സക്കീര്‍ ഹുസയ്ന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജിയിലാണ് സര്‍ക്കാരിനു വേണ്ടി അന്വേഷണ ഉദ്യോഗസ്ഥനായ എറണാകുളം സൗത്ത് സിഐ സിബി ടോം സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. ഹരജി ഹൈക്കോടതി ഈ മാസം 14ന് പരിഗണിക്കാന്‍ മാറ്റി. സക്കീര്‍ ഹുസയ്‌നെ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടതുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
വെണ്ണല ബംഗ്ലാവ് വില്ലയില്‍ ജൂബി പൗലോസ് എന്ന യുവ വ്യവസായിയുടെ പരാതിയിലാണ് പാലാരിവട്ടം പോലിസ് സക്കീറിനെതിരേ കേസെടുത്തത്. കങ്ങരപ്പടിയിലെ ഡയറി പ്ലാന്റ് ഉടമ ഷീലാ തോമസിന്റെ ആവശ്യപ്രകാരം ജൂബിയെ തട്ടിക്കൊണ്ടുപോയെന്നാണ് കേസ്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ആളാണെന്നു പരിചയപ്പെടുത്തി വ്യവസായിയായ യുവതിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി പണവും മറ്റും തട്ടിയെടുത്ത കേസില്‍ നേരത്തേ അറസ്റ്റിലായ ഡിവൈഎഫ്‌ഐ നേതാവ് കറുകപ്പിള്ളി സിദ്ദീഖാണ് കേസിലെ രണ്ടാം പ്രതി.
ഒളിവിലായ സക്കീര്‍ ഹുസയ്ന്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day