|    Oct 26 Wed, 2016 4:16 am
FLASH NEWS

വോട്ടെണ്ണലിന് ഒരുക്കം പൂര്‍ത്തിയായി

Published : 19th May 2016 | Posted By: SMR

കൊച്ചി: വോട്ടെണ്ണലിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജില്ലയില്‍ 11 കേന്ദ്രങ്ങളിലായാണ് 14 നിയമസഭ മണ്ഡലങ്ങളിലെയും വോട്ടെണ്ണുന്നത്.
ആയിരത്തോളം ഉദ്യോഗസ്ഥരെ കൗണ്ടിങ് ജോലികള്‍ക്കും അഞ്ഞൂറോളം പേരെ അനുബന്ധ ജോലികള്‍ക്കും ഉള്‍പ്പടെ 1500 ജീവനക്കാരാണ് വോട്ടെണ്ണല്‍ പ്രക്രിയയില്‍ പങ്കാളികളാവുന്നത്. എട്ടുകേന്ദ്രങ്ങളിലും നിരീക്ഷകരുടെ നേതൃത്വത്തിലായിരിക്കും വോട്ടെണ്ണലെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫിസറായ ജില്ല കലക്ടര്‍ എം ജി രാജമാണിക്യം പറഞ്ഞു.
കൗണ്ടിങ് ഏജന്റുമാര്‍
രാവിലെ ഏഴിനകം ഹാളില്‍ കയറണം
തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനുള്ള രാഷ്ട്രീയകക്ഷി ഏജന്റുമാര്‍ രാവിലെ ഏഴിനകം വോട്ടെണ്ണല്‍ ഹാളില്‍ കയറണമെന്ന് ജില്ലാ തിരഞ്ഞെടുപ്പു ഓഫിസറായ ജില്ലാ കലക്ടര്‍ എം ജി രാജമാണിക്യം അറിയിച്ചു. വോട്ടെണ്ണലിനു നിശ്ചയിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ രാവിലെ ആറിനകം ഹാളിലെത്തും.
അതത് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ രാവിലെ അഞ്ചിനു കേന്ദ്ര തിരഞ്ഞെടുപ്പു നിരീക്ഷകരുടെ സാന്നിധ്യത്തില്‍ ജീവനക്കാരുടെ റാന്‍ഡമൈസേഷന്‍ നടത്തും. അതിനുശേഷമേ ഏതു ടേബിളിലായിരിക്കും ജീവനക്കാര്‍ എണ്ണാന്‍ നിയോഗിക്കപ്പെടുകയെന്നത് അറിയാനാകൂ.
മണ്ഡലം തോറും നിരീക്ഷകന്‍
ഇക്കുറി 14 നിയോജകമണ്ഡലങ്ങളിലേക്കും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ടെണ്ണലിനായി നിരീക്ഷകരെ നിയമിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് എറണാകുളം ഗസ്റ്റ് ഹൗസില്‍ ഇവരുടെ സംയുക്തയോഗവും ചേര്‍ന്നിരുന്നു. അന്യസംസ്ഥാനങ്ങളിലെ അഖിലേന്ത്യ സര്‍വീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരാണ് ഇവര്‍. പെരുമ്പാവൂരില്‍ എച്ച് രാജേഷ്, അങ്കമാലിയില്‍ എ ഗോവിന്ദരാജ്, ആലുവയില്‍ കേയാര്‍ പട്ടേല്‍, കളമശ്ശേരിയില്‍ എം എ സിദ്ദീഖ് എന്നിവരാണ് നിരീക്ഷകര്‍.
പറവൂരില്‍ അഭിഷേക് ചൗഹാന്‍, വൈപ്പിനില്‍ നകീതി സ്രുജന്‍കുമാര്‍, കൊച്ചിയില്‍ നീരജ് സെംവാള്‍, തൃപ്പൂണിത്തുറയില്‍ അജയ് മാലില്‍, എറണാകുളത്ത് സലില്‍ ബിജുര്‍, തൃക്കാക്കരയില്‍ ഓം പ്രകാശ് പട്ടേല്‍, കുന്നത്തുനാട്ടില്‍ ശ്രീകാന്ത് മുസുലുരു, പിറവത്ത് കന്‍വാള്‍ പ്രീത് ബ്രാര്‍, മൂവാറ്റുപുഴയില്‍ സുമന്‍ദാസ് ഗുപ്ത, കോതമംഗലത്ത് രാജേഷ്‌കുമാര്‍ നഗോറ എന്നിവരാണ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഇവരില്‍ ഒമ്പതുപേര്‍ പൊതു ചെലവ് നിരീക്ഷകരായി നേരത്തെ തന്നെ വിവിധ മണ്ഡലങ്ങളിലുണ്ടായിരുന്നു.
വോട്ടെണ്ണലിനായി 3000 പേര്‍
ജില്ലയില്‍ വോട്ടെണ്ണല്‍ നടപടികള്‍ക്കായി മുവായിരത്തോളം ഔദ്യോഗിക, അനൗദ്യോഗിക ജീവനക്കാരെയാണു നിയോഗിച്ചിട്ടുള്ളത്. ഒരു വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ 160 പേര്‍ ഉണ്ടാവും. ഇതു കൂടാതെ പോലിസുകാരും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും. കുടിവെള്ളം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലുണ്ടാവും. ഓരോ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെയും വേദിയില്‍ 15 പേര്‍, സ്റ്റാഫ് ഏഴ്, ടെക്‌നിഷ്യന്‍മാര്‍ ഏഴ്, ബാലറ്റ് പെട്ടി കൈകാര്യം ചെയ്യുന്നതിന് 28 പേര്‍, മറ്റു കാര്യങ്ങള്‍ക്കായി 50 പേര്‍ എന്നിങ്ങനെ.
എണ്ണുന്നത് ഒന്നാം ബൂത്തു മുതല്‍
നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ അതത് മണ്ഡലത്തിലെ ഒന്നാം നമ്പര്‍ ബൂത്തു മുതലായിരിക്കും. ബാലറ്റുപേപ്പര്‍ ഉപയോഗിച്ച് വോട്ടു ചെയ്തിരുന്ന സമയത്ത് മണ്ഡലത്തിലെ ബാലറ്റുകള്‍ കൂട്ടിക്കലര്‍ത്തി വോട്ടെണ്ണുന്ന സമ്പ്രദായമുായിരുന്നു. ബൂത്തുകള്‍ തിരിച്ചറിയാതിരിക്കാനാണ് അന്ന് ഇതു ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ വോട്ടിങ് യന്ത്രമായതിനാല്‍ ഒറ്റയന്ത്രത്തിലാണ് ഒരു ബൂത്തിലെ മുഴുവന്‍ വോട്ടുകളും പോള്‍ ചെയ്യുന്നത്. ജില്ലയില്‍ 27 സഹായക ബൂത്തുകളാണ് ഇക്കുറിയുണ്ടായിരുന്നത്. 1750 വോട്ടില്‍ കൂടുതല്‍ വോട്ടുള്ള ബൂത്തുകള്‍ക്കാണ് സഹായകബൂത്തുകള്‍ അനുവദിച്ചത്.
ഒരു റൗണ്ടില്‍ 14 മെഷീനുകള്‍
നിയമസഭ മണ്ഡലതലത്തില്‍ 10 മുതല്‍ 14 വരെ മേശകളാണ് എണ്ണാന്‍ ക്രമീകരിച്ചിട്ടുള്ളത്. ഓരോ മണ്ഡലത്തിനും 10 മുതല്‍ 14 വരെ റൗണ്ട് വേണ്ടിവരും.
ഓരോ മേശയിലും ഗസറ്റഡ് കേഡറിലുളള കൗണ്ടിങ് സൂപ്പര്‍വൈസറും സ്റ്റാറ്റിക് ഒബ്‌സര്‍വറും കൂടാതെ ഒരു കൗണ്ടിങ് അസിസ്റ്റന്റും ഉണ്ടാവും. 12 മണിയോടെ വോട്ടെണ്ണല്‍ പ്രക്രിയ പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷ. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും വാര്‍ത്താവിനിമയ സൗകര്യമുള്‍പ്പെടെ എല്ലാ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ജില്ലയില്‍ 120 മുതല്‍ 170 വരെ പോളിങ് ബൂത്തുകളാണുളളത്.
ഓരോ റൗണ്ടും കണക്കെടുപ്പും
ഓരോ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാവുമ്പോഴും മൈക്രോ ഒബ്‌സര്‍വര്‍, വരണാധികാരി എന്നിവര്‍ പരിശോധിച്ച ഫലം ഡാറ്റ എന്‍ട്രി ചെയ്ത് നിരീക്ഷകന്‍ ഫലം തിട്ടപ്പെടുത്തിയശേഷമേ അടുത്ത റൗണ്ട് ആരംഭിക്കൂ.
ഇതു സംബന്ധിച്ച ഉത്തരവ് ഇന്നലെ ജില്ല തിരഞ്ഞെടുപ്പ് ഓഫിസര്‍ക്കു ലഭിച്ചു.
കൗണ്ടിങ് സെന്ററില്‍ മൊബൈല്‍ പാടില്ല
കൗണ്ടിങ് സെന്ററില്‍ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, കൗണ്ടിങ് ഏജന്റുമാര്‍ എന്നിവരുടെ മൊബൈല്‍ ഫോണുകള്‍ക്ക് വിലക്കുണ്ട്. ഫോണുകള്‍ സൂക്ഷിക്കാന്‍ പ്രത്യേക സൗകര്യം ഒരുക്കാത്തതിനാല്‍ വേണ്ട മുന്‍കരുതല്‍ സ്വയം എടുക്കണം.
വാഹനങ്ങള്‍ 100 മീറ്റര്‍ പരിധിക്കു പുറത്ത്
തിരഞ്ഞെടുപ്പു വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ എത്തുന്ന വാഹനങ്ങള്‍ കേന്ദ്രത്തില്‍ നിന്നു 100 മീറ്റര്‍ പരിധിക്കു പുറത്തു മാത്രമേ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കൂ.
മണ്ഡലം വരണാധികാരി, കേന്ദ്രതിരഞ്ഞെടുപ്പു നിരീക്ഷകന്‍ ഉള്‍പ്പടെയുള്ള എല്ലാവര്‍ക്കും ഇതു ബാധകമാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കലക്ടര്‍ എം ജി രാജമാണിക്യം പറഞ്ഞു.
പൊലിസ് നിരീക്ഷണം ശക്തം
14 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും പ്രത്യേക സുരക്ഷ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2011ല്‍ എട്ടു കേന്ദ്രങ്ങളിലായാണ് 14 മണ്ഡലങ്ങളുടെയും വോട്ടെണ്ണല്‍ കേന്ദ്രം നിശ്ചയിച്ചിരുന്നത്.
സുരക്ഷയും കൂടുതല്‍ സൗകര്യവും മാനിച്ച് ഇക്കുറി 11 കേന്ദ്രങ്ങളിലായാണ് 14 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കിയത്.
ഫലപ്രഖ്യാപനത്തെതുടര്‍ന്ന് ആഹ്ലാദപ്രകടനങ്ങളും ജാഥകളും മറ്റും സംഘര്‍ഷഭരിതമാവാതെ നോക്കാന്‍ പോലിസ് പ്രത്യേക ജാഗ്രത പുലര്‍ത്തും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ക്രമസമാധാനപാലനത്തിനും മറ്റുമായി 3000 പൊലിസുകാരെ വിന്യസിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 44 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day