|    Oct 23 Sun, 2016 3:14 pm
FLASH NEWS

വോട്ടര്‍മാരെ പോളിങ് ബൂത്തിലെത്തിക്കാന്‍ സ്‌പെഷ്യല്‍ ക്ലാസുമായി ജില്ലാ കലക്ടര്‍

Published : 15th March 2016 | Posted By: SMR

പത്തനംതിട്ട: സംസ്ഥാനത്ത് വോട്ടിങില്‍ എന്നും പിന്നില്‍ നില്‍ക്കുന്ന പത്തനംതിട്ടയില്‍ വോട്ടര്‍മാരെ പോളിങ് ബൂത്തിലെത്തിക്കാനുള്ള ശ്രമം ജില്ലാ കലക്ടര്‍ എസ് ഹരികിഷോറിന്റെ നേതൃത്വത്തില്‍ തുടങ്ങി. ഈ പിന്നോക്കാവസ്ഥക്ക് പ്രധാന കാരണം നല്ലൊരു ശതമാനം വോട്ടര്‍മാരും പ്രവാസികളാണെന്ന് കലക്ടര്‍ പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പോളിങ് ശതമാനം വര്‍ധിപ്പിക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍ ചെയ്യും. 12 ലക്ഷം വോട്ടര്‍മാരുള്ള ജില്ലയില്‍ വോട്ടിങ്ങ് 60 മുതല്‍ 70 വരെ മാത്രം. മുന്നു ലക്ഷം ആളുകള്‍ പ്രവാസികളാണ്. ബാക്കിയുള്ള ആളുകളിലും കുറേ പേര്‍ വോട്ട് ചെയ്യുന്നില്ല. ഇത് മാറ്റാനാണ് സ്വീപ്പ് എന്ന പേരില്‍ സംരംഭം തുടങ്ങുന്നത്. ചിട്ടയായ വോട്ടര്‍ വിദ്യാഭ്യാസ സംവിധാനം എന്ന് വിളിക്കാം. അറുപത് ശതമാനത്തില്‍ താെഴ വോട്ട് വരുന്ന 80 ബൂത്തുകള്‍ ജില്ലയിലുണ്ട്. ഇവരെ മെച്ചമാക്കണം. ജില്ലയിലെ വോട്ടര്‍മാരില്‍ മൂവായിരം പേര്‍ കിടപ്പിലായ രോഗികളാണ്. വേണ്ടപ്പെട്ടവര്‍ വിദേശത്ത് ആയതിനാല്‍ പുറത്ത് ഇറങ്ങാനും മറ്റും വയ്യാതെ കഴിയുന്നവരുണ്ട്.
പരസഹായം ഇല്ലാതെ ഇവര്‍ക്ക് പുറത്ത് ഇറങ്ങാന്‍ കഴിയില്ല. മക്കള്‍ വിദേശത്ത് ആയതിനാല്‍ അവര്‍ക്കൊപ്പം പോയി നില്‍ക്കുന്നവരും ഉണ്ട്. പിന്നാക്ക, ആദിവാസി മേഖലകള്‍ എന്നിവയും ചിലയിടത്ത് വോട്ടില്‍ പിന്നാലാണ്. ഏഴായിരത്തോളം വോട്ടുകള്‍ വരും ഇവരുടേത്. കേരളത്തിന് പുറത്ത് പഠിക്കുന്ന കുട്ടികളാണ് മറ്റൊരു വിഭാഗം.ഇവരെയെല്ലാം പരമാവധി വോട്ടില്‍ പങ്കാളികളാക്കുക എന്നതാണ് ലക്ഷ്യം. വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ മാതൃകാ പോളിങ് കേന്ദ്രങ്ങള്‍ ഇക്കുറി കൂട്ടുന്നുണ്ട്. കുടിവെള്ളം അടക്കമുള്ള സഹായങ്ങള്‍ ഇവിടെ ഉണ്ട്.
കഴിഞ്ഞ തവണ 10 എണ്ണമായിരുന്നു അത്. ഇക്കുറി 50 ആക്കും. മറ്റിടങ്ങളിലും സൗകര്യങ്ങള്‍ കൂട്ടാനുള്ള ശ്രമം ഉണ്ട്. 74 കേന്ദ്രങ്ങളില്‍ ഭിന്ന ശേഷിക്കാര്‍ക്ക് ചരിവ് പ്രതലം ഇല്ല. ഇത് ഒരുക്കും. വൈദ്യുതി , ഫര്‍ണീച്ചര്‍ എന്നിവയും സജ്ജമാക്കും. അഞ്ച് മണ്ഡലങ്ങളിലായി 891 പോളിങ്‌സ്‌റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നു. 4781 പോളിങ് ഉദ്യോഗസ്ഥരുണ്ടാവും. ബൂത്തുകളില്‍ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഏര്‍പ്പെടുത്തും. റാമ്പ് ഇല്ലാത്ത 74 ബൂത്തുകളില്‍ കൂടി അതിനുള്ള സംവിധാനം ഏര്‍പ്പെടുത്തും. വിമന്‍സ് ഓണ്‍ലി പോളിങ് സ്‌റ്റേഷനും ഇത്തവണ ഉണ്ടാവും. ഈ പോളിങ് സ്‌റ്റേഷനുകളില്‍ സ്ത്രീ ജീവനക്കാരായിരിക്കും ഉണ്ടവുക.
45 പോളിങ് സ്‌റ്റേഷനുകള്‍ ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്. മോഡല്‍ പോളിങ് സ്‌റ്റേഷനായി 50 എണ്ണം ഉണ്ടായിരിക്കും. പ്രശ്‌ന ബാധ്യതയുള്ള 139 ബൂത്തുകള്‍ ജില്ലയിലുണ്ട്. ഇവിടങ്ങളില്‍ പോലിസ് നിരീക്ഷണം ശക്തമാക്കുമെന്നും കലക്ടര്‍ പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് സാം ചെമ്പകത്തില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഏബ്രഹാം തടിയൂര്‍, സജിത് പരമേശ്വരന്‍, എസ് ഷാജഹാന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 53 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day