|    Dec 8 Thu, 2016 7:52 pm

വേദികളായി; കിക്കോഫ് ഒക്ടോബര്‍ ആറിന്

Published : 26th October 2016 | Posted By: SMR

കൊല്‍ക്കത്ത: 2017ല്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 ലോക കപ്പ് ഫുട്‌ബോളിന്റെ വേദികളും തിയ്യതിയും പ്രഖ്യാപിച്ചു. ഒക്ടോബര്‍ ആറിനാണ് ടൂര്‍ണമെ ന്റിന്റെ കിക്കോഫ്. കലാശപ്പോരാട്ടം 28നു നടക്കും. ആതിഥേയരായ ഇന്ത്യയടക്കം 24 രാജ്യങ്ങള്‍ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നുണ്ട്.
ഫുട്‌ബോളിന്റെ സ്വന്തം നാടായ കൊല്‍ക്കത്തയാണ് ടൂര്‍ണമെന്റിന്റെ ആറാമത്തെയും അവസാനത്തെയും വേദിയായി തിരഞ്ഞെടുക്കപ്പെട്ടത്. കൊല്‍ക്കത്തയിലെ പ്രശസ്തമായ സാള്‍ട്ട് ലേക്ക് സ്റ്റേഡിയമാണ് മല്‍സരത്തിനു വേദിയാവുക. ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട വേദി കൊച്ചിയായിരുന്നു. നേവി മുംബൈ, ഗുവാഹത്തി, ന്യൂഡല്‍ഹി, മഡ്ഗാവ് എന്നിവയാണ് ലോകകപ്പിന്റെ മറ്റു വേദികള്‍. ടൂര്‍ണമെന്റിന്റെ 17ാം എഡിഷനാണ് ഇന്ത്യയില്‍ നടക്കാനിരിക്കുന്നത്.  ഇന്ത്യയെക്കൂടാതെ ഏഷ്യയില്‍ നിന്ന് ഇറാന്‍, ഇറാഖ്, ജപ്പാന്‍, ഉത്തര കൊറിയ എന്നിവരാണ് ലോകകപ്പിന് യോഗ്യത നേടിയ മറ്റു രാജ്യങ്ങള്‍.
ടൂര്‍ണമെന്റിന്റെ ഫിക്‌സ്ചറും ഗ്രൂപ്പുകളും അടുത്ത വര്‍ഷം ജൂലൈ ഏഴിന് പ്രഖ്യാപിക്കും. ഫൈനലിന്റെ വേദിയും അന്നു മാത്രമേ അറിയാനാവുകയുള്ളൂ. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏറ്റവും വലിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കൂടിയാണിത്. ഫിഫയുടെ 23 അംഗ സംഘമാണ് ഇന്ത്യയിലെ വിവിധ വേദികള്‍ പരിശോധിച്ചത്.
കൊല്‍ക്കത്തയ്ക്ക് ലോകകപ്പ് ആതിഥേയത്വം ലഭിച്ചതില്‍ അതി യായ സന്തോഷവും അഭിമാനവുമുണ്ടെന്ന് ലോകകപ്പിന്റെ പ്രൊജക്ട് ഡയറക്ടര്‍ ജോയ് ഭട്ടാചാര്യ പറഞ്ഞു. ”രണ്ടു വര്‍ഷം മുമ്പാണ് ഞങ്ങള്‍ ലോകകപ്പിന്റെ വേദിയുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയിലെ സ്റ്റേഡിയം സന്ദര്‍ശിക്കുന്നത്. രണ്ടു വര്‍ഷം കൊണ്ട് ഈ സ്റ്റേഡിയ ത്തെ ലോകോത്തര നിലവാരത്തിലേക്ക് കൊണ്ടുവരാന്‍ നമുക്കുകഴിഞ്ഞു. ഈ സ്റ്റേഡിയത്തിനു ഇപ്പോള്‍ 30 വര്‍ഷം പ്രായം കുറഞ്ഞതുപോലെയാണ് അനുഭവപ്പെടുന്നത്”-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഞങ്ങള്‍ ഇതിനുമുമ്പ് ഈ സ്റ്റേഡിയം സന്ദര്‍ശിച്ചത്. അന്നു കുറച്ചു മിനുക്കുപണികള്‍ കൂടി തീരാനുണ്ടായിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച സ്റ്റേഡിയങ്ങളിലൊന്നായി ഇതു മാറിക്കഴിഞ്ഞു. അന്താരാഷ്ട്ര തലത്തിലും ഈ സ്റ്റേഡിയം ശ്രദ്ധിക്കപ്പെടും”-ഫിഫ സംഘത്തിലുണ്ടായിരുന്ന കോംപറ്റീഷന്‍ മേധാവി കൂടിയായ മരിയോണ്‍ മെയര്‍ വോല്‍ഫെല്‍ഡര്‍ വ്യക്തമാക്കി.
75 മുതല്‍ 80 ശതമാനം വരെ സ്റ്റേഡിയത്തിന്റെ മിനുക്കുപണികള്‍ കഴിഞ്ഞെന്നും അടുത്ത വര്‍ഷം ജനുവരി 31ന് ഇവ പൂര്‍ത്തിയാക്കുമെന്നും സംസ്ഥാന കായിക മന്ത്രി അരൂപ് ബിശ്വാസ് പറഞ്ഞു.
ലോകകപ്പ് ഫൈനലിന്റെ വേദിയായി കൊ ല്‍ക്കത്തയെ തിരഞ്ഞെടുക്കുമോയെന്ന ചോദ്യത്തിനു ടൂര്‍ണമെന്റ് ഡയറക്ടര്‍ ജാവിയര്‍ സെപ്പിയുടെ മറുപടി ഇതായിരുന്നു-ഫൈനല്‍ വേദി പ്രഖ്യാപിക്കുന്നതിനുമുമ്പ് ഈ സ്റ്റേഡിയങ്ങളുടെ പണി പൂര്‍ത്തിയാവേണ്ടതുണ്ട്. കാലാവസ്ഥ കൂടി കണക്കിലെടുത്ത് മാത്രമേ അടുത്ത വര്‍ഷം ഫൈനല്‍ വേദി തീരുമാനിക്കുകയുള്ളൂ.
നൈജീരിയയാണ് നിലവിലെ അണ്ടര്‍ 17 ലോകചാംപ്യന്‍മാര്‍. ഏറ്റവുമധികം ജേതാക്കളായ ടീമും നൈജീരിയയാണ്. അഞ്ചു വട്ടമാണ് ഈ ആഫ്രിക്കന്‍ രാജ്യം ലോകകിരീടമുയര്‍ത്തിയത്.
ബ്രസീല്‍ മൂന്നു തവണ ജേതാക്കളായപ്പോള്‍ ഘാനയും മെക്‌സിക്കോയും രണ്ടു തവണ ചാംപ്യന്‍മാരായി. സോവിയറ്റ് യൂനിയന്‍, സൗദി അറേബ്യ, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവര്‍ ഓരോ തവണ വെന്നിക്കൊടി പാറിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 40 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day