|    Dec 3 Sat, 2016 10:06 am
FLASH NEWS

വെള്ളിയാഴ്ച പള്ളിയില്‍ പോവാന്‍ അനുവാദമില്ല; വിദ്യാര്‍ഥികള്‍ കോളജിനു മുമ്പില്‍ നമസ്‌കരിച്ചു

Published : 12th November 2016 | Posted By: SMR

കായംകുളം: ജുമുഅ നമസ്‌കാരത്തിനു പള്ളിയില്‍ പോവാന്‍ അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് വെള്ളാപ്പള്ളി എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍ കോളജിനു മുന്നില്‍ ജുമുഅ നമസ്‌കാരം നടത്തി. കോളജ് കവാടത്തിനു മുന്നില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറോളം പേര്‍ പങ്കെടുത്ത ജുമുഅ നമസ്‌കാരത്തിന് അലി അക്ബര്‍ മുസ്‌ല്യാര്‍ നേതൃത്വം നല്‍കി.
എന്‍ജിനീയറിങ് കോളജുകളില്‍ മുസ്‌ലിം വിദ്യാര്‍ഥികളുടെ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കു യൂനിവേഴ്‌സിറ്റികള്‍ ഇടപെട്ട് സമയക്രമീകരണം നടത്തിയിട്ടും ഇവിടത്തെ വിദ്യാര്‍ഥികള്‍ക്ക് ജുമുഅ നമസ്‌കാരത്തിനു പോവാന്‍ മാനേജ്‌മെന്റ് അനുമതി നല്‍കിയിരുന്നില്ല. മാനേജ്‌മെ ന്റിന്റെ നിലപാടിനെതിരേ ഒരാഴ്ചയായി സമരം നടത്തിവരുന്ന കെഎസ്‌യു കായംകുളം നിയോജകമണ്ഡലം കമ്മിറ്റിയാണ് വിദ്യാര്‍ഥികള്‍ക്ക് കോളജിനു മുന്നില്‍ നമസ്‌കാരത്തിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയത്.
കോളജില്‍ നിന്നു രണ്ടു കിലോമീറ്റര്‍ ദൂരം മാത്രമുള്ള പള്ളിയിലേക്ക് നമസ്‌കാരത്തിനു പോവാന്‍ കോളജ് ബസ് അനുവദിക്കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം മാനേജ്‌മെന്റ് തള്ളിക്കളഞ്ഞതാണ് കോളജ് കവാടത്തിനു മുന്നില്‍ ജുമുഅ സംഘടിപ്പിക്കാന്‍ കാരണമാക്കിയത്.
കഴിഞ്ഞ 28നു കോളജിലെ രണ്ടു വിദ്യാര്‍ഥികളെ മാനേജ്‌മെന്റിലെ ചിലര്‍ ആക്രമിച്ചതുമായി ബന്ധപ്പെട്ട് നടക്കുന്ന സമരം തുടരുകയാണ്. സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയെന്നു കാണിച്ച് 44 പെണ്‍കുട്ടികള്‍ ഒപ്പിട്ട പരാതിയില്‍ കോളജ് ട്രസ്റ്റ് സെക്രട്ടറിയും ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സുഭാഷ് വാസുവിനെതിരേ വള്ളികുന്നം പോലിസ് കേസെടുക്കുകയുണ്ടായി.
യൂനിവേഴ്‌സിറ്റി ചട്ടപ്രകാരം കോളജ് പ്രവൃത്തിസമയം ക്രമീകരിക്കുക, അമിതമായി പിഴ ഈടാക്കുന്നത് അവസാനിപ്പിക്കുക, ജുമുഅക്ക് പള്ളിയില്‍ പോവാന്‍ അവസരം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. വിദ്യാര്‍ഥികളോടൊപ്പം ആദ്യം സമരത്തിനിറങ്ങിയ എസ്എഫ്‌ഐ രണ്ടു ദിവസം മുമ്പ് വിദ്യാര്‍ഥികളുടെ ആവശ്യം മാനേജ്‌മെന്റ് അംഗീകരിച്ചുവെന്നു പറഞ്ഞു സമരമുഖത്തുനിന്നു പിന്മാറിയിരുന്നു.
വിദ്യാര്‍ഥികള്‍ക്ക് പള്ളിയി ല്‍ പോവാന്‍ അനുമതി നല്‍കുമെന്ന ഉറപ്പിലാണ് എസ്എഫ്‌ഐ സമരം ഒത്തുതീര്‍പ്പാക്കിയതെന്നും എന്നാല്‍ മാനേജ്‌മെന്റ് ഈ അനുമതി ലംഘിച്ചതിന്റെ പേരിലാണ് സമര പരിപാടിക്ക് നേതൃത്വം നല്‍കിയതെന്നും കെഎസ്‌യു നിയോജകമണ്ഡലം കമ്മിറ്റി അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day