|    Oct 28 Fri, 2016 9:24 pm
FLASH NEWS

വെളിച്ചെണ്ണയ്ക്കും ഗോതമ്പിനും തുണിത്തരങ്ങള്‍ക്കും വില കൂടും

Published : 9th July 2016 | Posted By: SMR

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യബജറ്റില്‍ വെളിച്ചെണ്ണ, പായ്ക്കറ്റ് ഗോതമ്പ്, ഗോതമ്പുല്‍പന്നങ്ങള്‍, തുണിത്തരങ്ങള്‍, ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക് എന്നിവയ്ക്ക് വില കൂടും. ഗോതമ്പുല്‍പന്നങ്ങളായ ആട്ട, മൈദ, സൂജി, റവ എന്നിവയ്ക്ക് അഞ്ചുശതമാനം നികുതിയാണ് ഏര്‍പ്പെടുത്തിയത്. ഇതിലൂടെ 50 കോടിയുടെ അധികവരുമാനമാണ് പ്രതീക്ഷിക്കുന്നത്.
എംആര്‍പി രേഖപ്പെടുത്തി പായ്ക്കറ്റിലാക്കി വില്‍ക്കുന്ന ബസ്മതി അരിയുടെ നികുതി അഞ്ചുശതമാനമായി ഉയര്‍ത്തി. ഇതിലൂടെ 10 കോടിയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു. വെളിച്ചെണ്ണയ്ക്ക് അഞ്ചുശതമാനം നികുതിയാണ് കൂട്ടിയത്. ഇതിന്റെ വരുമാനം നാളികേര സംഭരണത്തിന് നല്‍കും. കൂടാതെ നാളികേരത്തിന്റെ താങ്ങുവില 25 രൂപയില്‍നിന്ന് 27 രൂപയാക്കി ഉയര്‍ത്തുകയും ചെയ്തു. റബറിന് ഏര്‍പ്പെടുത്തിയതുപോലെ കേരകര്‍ഷകരില്‍നിന്ന് തേങ്ങ സംഭരിക്കുന്ന പദ്ധതി നടപ്പാക്കി വില കര്‍ഷകന്റെ ബാങ്ക് അക്കൗണ്ടില്‍ നേരിട്ടെത്തിക്കും. 150 കോടിയുടെ അധികവരുമാനമാണ് ഇതിലൂടെ ലഭിക്കുമെന്ന് കരുതുന്നത്.
പാകം ചെയ്ത ഭക്ഷണ പദാര്‍ഥങ്ങളുടെ മേല്‍ ഏര്‍പ്പെടുത്തിയ നികുതി അതേപടി തുടരും. എന്നാല്‍, ബ്രാന്‍ഡഡ് റസ്റ്റോറന്റുകള്‍ പാചകം ചെയ്തുവരുന്ന ബര്‍ഗര്‍, പിസ, ടാക്കോസ്, ഡോനട്‌സ്, സാന്‍ഡ്‌വിച്ച്, ബര്‍ഗര്‍- പാറ്റി, പാസ്ത തുടങ്ങിയവയുടെയും ബ്രഡ് ഫില്ലിങ്ങുകള്‍, മറ്റ് പാകംചെയ്ത ഭക്ഷണപദാര്‍ഥങ്ങള്‍ തുടങ്ങിയവയുടെ മേല്‍ ഫാറ്റ് ടാക്‌സ് എന്ന നിലയില്‍ 14.5 ശതമാനം നികുതി ഏര്‍പ്പെടുത്തും. ഇതിലൂടെ 10 കോടിയുടെ അധികവരുമാനമാണ് പ്രതീക്ഷിക്കുന്നത്.
തുണിയുടെ ഒരുശതമാനം മൂല്യവര്‍ധിത നികുതി രണ്ടുശതമാനമാക്കി ഉയര്‍ത്തി. ഹോട്ടല്‍ ലക്ഷ്വറി നികുതി നിരക്കുകള്‍ കുറയ്ക്കും. പൂര്‍ണ ഇളവുള്ള വാടകയുടെ നിരക്ക് 200 രൂപയില്‍നിന്ന് 400 രൂപയായി ഉയര്‍ത്തും. 500 രൂപയ്ക്ക് മുകളില്‍ 1,000 രൂപ വരെ വാടകയുള്ള മുറികള്‍ക്ക് ആറുശതമാനവും 1,000ന് മുകളില്‍ വാടകയുള്ളവയ്ക്ക് 10 ശതമാനം നിരക്കിലുമായിരിക്കും നികുതി. പൊതുവായി നിരക്കില്‍ വരുത്തുന്ന ഈ കുറവുകള്‍ കാരണം 2014-15ല്‍ നല്‍കിയ ഇളവുകള്‍ പിന്‍വലിക്കും. ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക് പ്ലേറ്റുകള്‍, പ്ലാസ്റ്റിക് കപ്പുകള്‍, പ്ലാസ്റ്റിക് നിര്‍മിത ഡിസ്‌പോസിബിള്‍ ടംബ്ലറിനും നികുതി നിരക്ക് 20 ശതമാനമാക്കി. വെളിച്ചെണ്ണ ഉപയോഗിച്ച് നിര്‍മിക്കുന്ന അലക്കുസോപ്പ് ബാറുകളുടെയും കട്ടകളുടെയും നികുതി ഒരുശതമാനത്തില്‍നിന്ന് അഞ്ചുശതമാനമാക്കി ഉയര്‍ത്തി. ദ്രവീകൃത പ്രകൃതിവാതകം വാങ്ങുമ്പോള്‍ എഫ്എസിടി ഒടുക്കുന്ന നികുതി തിരികെ നല്‍കും. അതേസമയം, സിനിമയുടെ പകര്‍പ്പവകാശത്തിനും വില്‍പനയ്ക്കും ഉപയോഗ അവകാശം, കൈമാറ്റം ചെയ്യുന്നതിനും 2008ല്‍ നല്‍കിയിരുന്ന പൂര്‍ണ ഇളവ് പുനസ്ഥാപിക്കും.
ക്രാപ്പ് ബാറ്ററികളുടെ നികുതി നിരക്ക് അഞ്ചുശതമാനമാക്കി കുറയ്ക്കും. തെര്‍മോകോള്‍ (സ്‌റ്റേറോഫോം) നിര്‍മിതമായ ഡിസ്‌പോസിബിള്‍ പ്ലേറ്റുകളുടെയും കപ്പുകളുടെയും നികുതി നിരക്ക് അഞ്ചുശതമാനമാക്കി. മുനിസിപ്പല്‍ പ്ലാസ്റ്റിക് വേസ്റ്റിന് മേലുള്ള അഞ്ചുശതമാനം നികുതി എടുത്തുകളഞ്ഞു.
കോംപൗണ്ട് ചെയ്യുന്ന സ്വര്‍ണ വ്യാപാരികള്‍ക്കായി നഗരങ്ങളെ ഏതാനും വിഭാഗങ്ങളായി ക്ലാസിഫൈ ചെയ്ത് വ്യത്യസ്ത നിരക്കുകളില്‍ കോംപൗണ്ട് ചെയ്യുന്നതിനുള്ള ഭേദഗതി കൊണ്ടുവരും. അതോടൊപ്പം കോംപൗണ്ട് ചെയ്യാത്ത വ്യാപാരികളുടെ ടേണോവര്‍ കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day