|    Dec 8 Thu, 2016 11:25 am

വെട്ടിമുകളില്‍ മലയിടിച്ച് മണ്ണും കല്ലും കടത്തുന്നു; പരിസ്ഥിതിക്ക് ദോഷകരം

Published : 28th November 2016 | Posted By: SMR

ഏറ്റുമാനൂര്‍: പരിസ്ഥിതിക്കും ജനങ്ങള്‍ക്കും ദോഷകരമായി ഏറ്റുമാനൂര്‍ വെട്ടിമുകളില്‍ മണ്ണെടുപ്പും പാറപോട്ടിക്കലും നടക്കുന്നതായി പരാതി. വീട് വയ്ക്കാന്‍ ലഭിച്ച പെര്‍മിറ്റിന്റെ മറവിലാണ് മലയിടിച്ച് മണ്ണും കല്ലും കടത്തുന്നത്. 10 വര്‍ഷം മുമ്പ് നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഗ്രാമപ്പഞ്ചായത്ത് തടഞ്ഞിട്ടും മണ്ണെടുക്കുന്നത് തുടരുകയാണ്. അധികൃതരുടെ ഒത്താശയോടെ ഇതിനോടകം ഒന്നര ഏക്കറോളം ഭൂമി ഇടിച്ചു നിരത്തിയെന്ന് സമീപവാസികള്‍ പറയുന്നു. വെട്ടിമുകള്‍ ഷട്ടര്‍കവലയ്ക്കു സമീപമാണ് പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാക്കികൊണ്ട് സ്വകാര്യ വ്യക്തി മണ്ണെടുത്തു മാറ്റുന്നത്. ഇതോടൊപ്പം ഒരു പാറമടയും രൂപാന്തരപ്പെട്ടു വരുന്നു. ജാക്ക് ഹാമ്മര്‍, റോക്ക് ബ്രേക്കര്‍, ഹിറ്റാച്ചി തുടങ്ങിയ യന്ത്രങ്ങള്‍ ഉപയോഗിച്ച് പാറപൊട്ടിക്കല്‍ കൂടി ആരംഭിച്ചതോടെ സമീപവാസികളുടെ സൈ്വര്യ ജീവിതം നഷ്ടപ്പെടുകയാണ്. പാറ പൊട്ടിക്കാനുള്ള മാരകമായ കെമിക്കലുകള്‍ കിണറുകളിലേക്ക് പടര്‍ന്ന് കുടിവെള്ളം മലിനമാവുന്നു. ടോറസ്, ടിപ്പര്‍ ഇവയുടെ നിരന്തരമായ ഓട്ടം നാട്ടുകാര്‍ക്ക് ഭീഷണിയായി. 2006ല്‍ മണ്ണെടുക്കല്‍ ആരംഭിച്ച സമയത്ത് ഭാവിയിലെ പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ട സമീപവാസികള്‍ ഏറ്റുമാനൂര്‍ ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ക്കു പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ മണ്ണെടുപ്പ് തടഞ്ഞു. തുടര്‍ന്ന് ഈ സ്ഥലത്ത് വീടു വയ്ക്കാനുള്ള പെര്‍മിറ്റ് സ്ഥലമുടമ സ്വന്തമാക്കി. പിന്നെ ഇതിന്റെ മറവിലായി മണ്ണെടുപ്പ്. നാട്ടുകാര്‍ എതിര്‍ത്തതോടെ മണ്ണെടുപ്പ് അവധി ദിവസങ്ങളിലും മറ്റുമായി ചുരുക്കി. അമിതമായ തോതില്‍ പാറ പൊട്ടിക്കലും കൂടി ആരംഭിച്ചതോടെ നാട്ടുകാര്‍ പ്രത്യക്ഷസമരവുമായി രംഗത്തെത്തി. എന്നാല്‍ സംഭവത്തില്‍ ഇടപെട്ട ഏറ്റുമാനൂര്‍ പോലിസ് സ്ഥല ഉടമയ്ക്ക് അനുകൂലമായ നിലപാടിലാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇതിനോടകം നൂറു കണക്കിനു ലോഡ് മണ്ണ് ഇവിടെ നിന്നു മാറ്റിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇടയ്ക്ക് അധികൃതര്‍ സ്ഥലമുടമയില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്തിരുന്നു. എന്നിട്ടും മണ്ണെടുപ്പ് തുടര്‍ന്നു. ആയിരത്തോളം വരുന്ന ലോഡ് കരിങ്കല്ല് പൊട്ടിച്ചത് സ്ഥലത്ത് കൂട്ടിയിട്ടിട്ടുമുണ്ട്. മണ്ണും കരിങ്കല്ലും ഇവിടെ നിന്നു നീക്കം ചെയ്യുന്നത് മണ്ണ് മാഫിയായുടെ സഹകരണത്തോടെയാണെന്നാണ് ആരോപണം. ഒരു മാസം മുമ്പ് സമീപവാസിയായ ടി എം മാത്യു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നതാണ്. പ്രതിഷേധം ശക്തമാക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day