|    Dec 11 Sun, 2016 3:27 pm
FLASH NEWS

വീറും വാശിയുമില്ലാതെ നേതാക്കള്‍; സമാധാനത്തിനു സര്‍വകക്ഷി പിന്തുണ

Published : 6th November 2016 | Posted By: SMR

കണ്ണൂര്‍: പതിവില്‍ നിന്നു വ്യത്യസ്തമായി വീറും വാശിയുമില്ലാതെ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ സംസാരിച്ചതോടെ ജില്ലാഭരണകൂടവും പോലിസും നടപ്പാക്കുന്ന സമാധാന ശ്രമങ്ങള്‍ക്ക് സര്‍വകക്ഷി യോഗത്തിന്റെ സമ്പൂര്‍ണ പിന്തുണ. മന്ത്രിമാരായ എ കെ ബാലന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം ചേര്‍ന്നത്. മുന്‍കാലങ്ങളിലെല്ലാം സമാധാന യോഗം അരങ്ങേറുമ്പോള്‍ അക്രമങ്ങളുടെ കണക്കുകള്‍ നിരത്തിയാണു നേതാക്കള്‍ സംസാരിക്കാറുണ്ടായിരുന്നത്.  ഇന്നലെ ചേര്‍ന്ന യോഗത്തില്‍ പൊതുവെ എല്ലാ നേതാക്കളും ശാന്തമായാണു പെരുമാറിയത്. കണ്ണൂരില്‍ ഇനിയൊരു രാഷ്ട്രീയ കൊലപാതകം നടക്കരുതെന്നു യോഗത്തില്‍ പങ്കെടുത്തവര്‍ ആഹ്വാനം ചെയ്തു. ഇനിയുണ്ടാവുന്ന ഏതൊരു കൊലപാതകത്തിന്റെയും ഉത്തരവാദിത്തം അത് ചെയ്ത കക്ഷിക്കായിരിക്കുമെന്നും അത് ഏറ്റെടുക്കാനും ന്യായീകരിക്കാനും ആരും മുന്നോട്ടുവരികയില്ലെന്നും യോഗത്തില്‍ തീരുമാനമായതായി മന്ത്രി എ കെ ബാലന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരമാണ് ജില്ലാതല സര്‍വകക്ഷി യോഗം ചേര്‍ന്നത്. യോഗത്തിലെ ചര്‍ച്ചകളും തീരുമാനങ്ങളും മുഖ്യമന്ത്രിയെ അറിയിക്കും. ഭീതിയില്ലാതെ ജോലിക്കു പോവാനും ആശങ്കയില്ലാതെ കുട്ടികളെ സ്‌കൂളിലയക്കാനും സമാധാനത്തോടെ വീടുകളില്‍ കിടന്നുറങ്ങാനുമുള്ള സാഹചര്യം ജില്ലയിലുണ്ടാവണം. കൊലയും അക്രമവും ജനങ്ങള്‍ക്ക് മടുത്തു. അവയ്ക്ക് നേതൃത്വം നല്‍കുന്നവരെ പരമപുച്ഛത്തോടെയാണ് ജനം കാണുന്നത്. സമാധാനത്തിന്റെ സന്ദേശം താഴേക്കിടയിലുള്ള ജനങ്ങളിലെത്തിക്കാന്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കഴിഞ്ഞമാസം ചേര്‍ന്ന സമാധാന യോഗത്തിന് സാധിച്ചതായും മന്ത്രി പറഞ്ഞു. സ്ഥലം എസ്‌ഐ കണ്‍വീനറും വില്ലേജ് ഓഫിസര്‍ ജോയിന്റ് കണ്‍വീനറുമായി വില്ലേജ് തലത്തില്‍ ചേരുന്ന സമാധാനകമ്മിറ്റികള്‍ കൂടുതല്‍ ഫലപ്രദമാക്കും. അനിഷ്ടസംഭവങ്ങളുണ്ടായാല്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ അപ്പപ്പോള്‍ ജില്ലാതല നേതാക്കളുടെ യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്യും. പ്രശ്‌നങ്ങളുണ്ടാവുന്നിടത്ത് ശാന്തിയാത്ര സംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. എല്ലാ പാര്‍ട്ടികളിലെയും ഓരോ ജില്ലാനേതാവിന് സംസാരിക്കാന്‍ അനുമതി നല്‍കി. 20ലേറെ പേര്‍ സംസാരിച്ചു. ഇതു ലംഘിക്കാന്‍ ശ്രമിച്ചവരെ മന്ത്രി ഇടപെട്ട് തടഞ്ഞു. പോലിസ് നടപടികളുടെ കാര്യത്തില്‍ ഒരു ഇടപെടലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുന്നില്ലെന്നും നിഷ്പക്ഷമായാണ് പോലിസ് പ്രവര്‍ത്തിക്കുന്നതെന്നും പി കെ ശ്രീമതി എംപി പറഞ്ഞു. പാര്‍ട്ടി നേതാക്കള്‍ മനസ്സു വച്ചാല്‍ ജില്ലയിലെ മുഴുവന്‍ രാഷ്ട്രീയ അക്രമങ്ങള്‍ക്കും അറുതിയാവുമെന്ന് കെ സി ജോസഫ് എംഎല്‍എ പറഞ്ഞു. അതേസമയം, ജില്ലയിലുണ്ടായിട്ടും ആരോഗ്യമന്ത്രി കെ കെ ശൈലജ യോഗത്തിനെത്തിയില്ല. യോഗത്തില്‍ കെ കെ രാഗേഷ് എംപി, എംഎല്‍എമാരായ ജെയിംസ് മാത്യു, ടി വി രാജേഷ്, കെ എം ഷാജി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി, എസ്പി സഞ്ജയ്കുമാര്‍ ഗുരുദിന്‍, എഡിഎം മുഹമ്മദ് യൂസുഫ്, വിവിധ പാര്‍ട്ടി നേതാക്കളായ പി ജയരാജന്‍, എം വി ജയരാജന്‍(സിപിഎം), കെ സി മുഹമ്മദ് ഫൈസല്‍(കോണ്‍ഗ്രസ്), കെ രഞ്ജിത്ത്(ബിജെപി), ശശിധരന്‍(ആര്‍എസ്എസ്), വി കെ അബ്ദുല്‍ ഖാദര്‍ മൗലവി(മുസ്്‌ലിംലീഗ്), സി പി മുരളി(സിപിഐ), കെ കെ ജയപ്രകാശ്(ജനതാദള്‍), വി വി കുഞ്ഞികൃഷ്ണന്‍, കെ കെ അബ്ദുല്‍ ജബ്ബാര്‍(എസ്ഡിപിഐ), ജബീന ഇര്‍ഷാദ്(വെല്‍ഫെയര്‍ പാര്‍ട്ടി), കളരിയില്‍ ശുക്കൂര്‍ (ഐഎന്‍എല്‍), ഇല്ലിക്കല്‍ അഗസ്തി, സി കെ നാരായണന്‍, എ ഗോപാലന്‍, ജോസ് ചെമ്പേരി, ജോര്‍ജ് വടകര, കെ കെ രാജന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക