|    Oct 28 Fri, 2016 6:07 am
FLASH NEWS

വീണ്ടും ഒരടി; കൊമ്പൊടിഞ്ഞ് ബ്ലാസ്റ്റേഴ്‌സ്

Published : 6th October 2016 | Posted By: SMR

പി എന്‍ മനു

കൊച്ചി:ഐഎസ്എല്ലിന്റെ മൂന്നാം സീസണില്‍ ഹോംഗ്രൗണ്ടിലും കേരള ബ്ലാസ്‌റ്റേഴ്‌സിന് രക്ഷയില്ല. കേവലം ഒരു ഗോളിന് മുന്‍ ചാംപ്യന്‍മാരായ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയോട് ബ്ലാസ്‌റ്റേഴ്‌സ് മുട്ടുമടക്കി. ഉദ്ഘാടനമല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനോടും ബ്ലാസ്‌റ്റേഴ്‌സ് ഇതേ മാര്‍ജിനില്‍ പരാജപ്പെട്ടിരുന്നു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മല്‍സരത്തില്‍ 53ാം മിനിറ്റില്‍ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ജാവി ലാറയുടെ വകയായിരുന്നു മല്‍സരവിധി നിര്‍ണയിച്ച ഗോള്‍. ഒരു ഗോള്‍ നേടുന്നതിനൊപ്പം 90 മിനിറ്റും കളംനിറഞ്ഞു കളിക്കുകയും ചെയ്ത ലാറയാണ് മാന്‍ ഓഫ് ദി മാച്ച്.
തോറ്റെങ്കിലും ആദ്യമല്‍സരത്തെ അപേക്ഷിച്ച് ബ്ലാസ്റ്റേഴ്‌സ് കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്തി. ബ്ലാസ്റ്റേഴ്‌സിനു വേണ്ടി അന്റോണിയോ ജര്‍മനാണ് ഏറ്റവു മികച്ച കളി പുറത്തെടുത്തത്. അതേസമയം, ഉജ്ജ്വല പ്രകടനം നടത്തിയ കൊല്‍ക്കത്ത അര്‍ഹിച്ച വിജയം കൂടിയായിരുന്നു ഇത്. അപകടകാരിയായ ഇയാന്‍ ഹ്യൂമിനെ പിടിച്ചുകെട്ടാന്‍ ബ്ലാസ്റ്റേഴ്‌സിനായെങ്കിലും ലാറയെ തടയുന്നതില്‍ വന്ന പിഴവാണ് വിനയായത്. ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മല്‍സരവും ഇതേ ഗ്രൗണ്ടിലാണ്. ഞായറാഴ്ച കൊച്ചിയില്‍ നടക്കുന്ന കളിയില്‍ ഡല്‍ഹി ഡൈനാമോസുമായാണ് ബ്ലാസ്‌റ്റേഴ്‌സ് കൊമ്പുകോര്‍ക്കുന്നത്.

അടിമുടി മാറി മഞ്ഞപ്പട

നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരായ ആദ്യ മല്‍സരത്തില്‍ 0-1നു പരാജയപ്പെട്ട ടീമില്‍ അടിമുടി മാറ്റങ്ങള്‍ വരുത്തിയാണ് കോച്ച് സ്റ്റീവ് കോപ്പല്‍ ബ്ലാസ്റ്റേഴ്‌സ് ഇലവനെ പ്രഖ്യാപിച്ചത്. അന്നത്തെ കളിയില്‍ പ്ലെയിങ് ഇലവനില്‍ കളിച്ച അഞ്ചു പേര്‍ മാത്രമാണ് ഇന്നലെ ആദ്യ ഇലവനിലെത്തിയത്. ആറു പേരെ കോച്ച് ഒഴിവാക്കി. മാര്‍ക്വി താരവും ക്യാപ്റ്റനുമായ ആരോണ്‍ ഹ്യൂസിനെ ഒഴിവാക്കിയതാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം.
പ്രതീക് ചൗധരി, മുഹമ്മദ് റഫീഖ്, ഫറൂഖ് ചൗധരി, എല്‍ഹാജി എന്‍ഡോയെ, ഡക്കന്‍സ് നാസോണ്‍, ജോസു എന്നിവരാണ് ഇന്നലെ പ്ലെയിങ് ഇലവനിലെത്തിയ ആറു പേര്‍. ആക്രമണത്തിന് മുന്‍തൂക്കം നല്‍കിയുള്ള 3-5-2 എന്ന ശൈലിയിലാണ് കോപ്പല്‍ ബ്ലാസ്റ്റേഴ്‌സിനെ അണിനിരത്തിയത്.
കൂടാതെ മലയാളമണ്ണിലെ ആദ്യ കളിയായിരുന്നിട്ടും ബ്ലാസ്റ്റേഴ്‌സിന്റെ പ്ലെയിങ് ഇലവനില്‍ ഒരു മലയാളി താരം പോലുമുണ്ടായിരുന്നില്ല. നോര്‍ത്ത് ഈസ്റ്റിനെതിരായ ആദ്യ മല്‍സരത്തില്‍ പ്ലെയിങ് ഇലവനിലുണ്ടായിരുന്ന മലയാളി സ്‌ട്രൈക്കര്‍ മുഹമ്മദ് റാഫി ഇന്നലെ സൈഡ്‌ബെഞ്ചിലായിരുന്നു.
മഞ്ഞപ്പടയുടെ രക്ഷകനായി സ്റ്റാക്ക്

കഴിഞ്ഞ രണ്ടു സീസണുകളിലും ഹോംഗ്രൗണ്ടിലെ ആദ്യ മല്‍സരം ജയിച്ചിട്ടുണ്ടെന്ന ആത്മവിശ്വാസത്തോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഇന്നലെ ബൂട്ടണിഞ്ഞത്. നാലാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍മുഖം വിറപ്പിച്ച് കൊല്‍ക്കത്തയുടെ ആദ്യ മുന്നേറ്റം. ഇയാന്‍ ഹ്യൂം വലതുവിങില്‍ നിന്ന് ബോക്‌സിനുള്ളിലേക്ക് നല്‍കിയ ക്രോസില്‍ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ഹെല്‍ഡര്‍ പോസ്റ്റിഗയുടെ ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പറന്നു.
ഒമ്പതാം മിനിറ്റില്‍ കൊല്‍ക്കത്തയ്ക്ക് ഫ്രീകിക്ക്. പന്ത് ഹെഡ്ഡ് ചെയ്യാനുള്ള  ശ്രമത്തിനിടെ ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ സെഡ്രിക് ഹെങ്‌ബെര്‍ട്ടുമായി ഹ്യൂം കൂട്ടിയിടിച്ചു വീണതിനെത്തുടര്‍ന്നായിരുന്നു ഫ്രീകിക്ക്. 17ാം മിനിറ്റില്‍ പോസ്റ്റിഗയെ പിന്‍വലിച്ച് കൊല്‍ക്കത്ത യുവാന്‍ ബെലന്‍കോസോയെ കളത്തിലിറക്കി. പരിക്കിനെത്തുടര്‍ന്നാണ് പോസ്റ്റിഗയെ കോച്ച് പിന്‍വലിച്ചത്.
19ാം മിനിറ്റില്‍ കൊല്‍ക്കത്തയുടെ തുടരെയുള്ള രണ്ടു ആക്രമണങ്ങളില്‍ നിന്ന് കഷ്ടിച്ചാണ് ബ്ലാസ്റ്റേഴ്‌സ് രക്ഷപ്പെട്ടത്. തൊട്ടടുത്ത മിനിറ്റില്‍ ലാറ ഇടത് വിങ് പൊസിഷനില്‍വെച്ച്‌ബോക്‌സിനുള്ളിലേക്ക് നല്‍കിയ ക്രോ സും ആരും കണക്ട് ചെയ്തില്ല. 22ാം മിനിറ്റിലും ബ്ലാസ്‌റ്റേഴ്‌സ് ഭാഗ്യം കൊണ്ടു മാത്രം ലീഡ് വഴങ്ങാതെ രക്ഷപ്പെട്ടു.
25ാം മിനിറ്റിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗത്തു നിന്ന് ഗോളെന്നുറച്ച ആദ്യ ഷോട്ടുണ്ടായത്. ഇടതുവിങിലൂടെ കൊല്‍ക്കത്ത പ്രതിരോധത്തെ കബളിപ്പിച്ച് ഇരച്ചുകയറിയ നാസോണിന്റെ ക്രോസില്‍ ജര്‍മന്റെ ഷോട്ട് വലയ്ക്ക് മുകളില്‍ പതിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പര്‍ സ്റ്റാക്കിന്റെ ചില മികച്ച സേവുകള്‍ ബ്ലാസ്‌റ്റേഴ്‌സിനെ ഗോള്‍ വഴങ്ങാതെ കാക്കുകയായിരുന്നു.
ലാറ ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് ഞെട്ടി

53ാം മിനിറ്റില്‍ സ്‌റ്റേഡിയത്തെ മൂകരാക്കി കൊല്‍ക്കത്ത നിറയൊഴിച്ചു. സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ലാറയാണ് മഞ്ഞപ്പടയെ ഞെട്ടിച്ച് ഗോള്‍ നേടിയത്. ബോക്‌സിനു പുറത്തുവച്ച് ലാറ തൊടുത്ത വലംകാല്‍ ഷോട്ട് ബ്ലാസ്‌റ്റേഴ്‌സിന്റെ വിശ്വസ്തനായ ഡിഫന്റര്‍ ജിങ്കാന്റെ കാലുകള്‍ക്കിടയില്‍ തട്ടി ദിശമാറി വലയില്‍ കയറുമ്പോള്‍ ഗോളി സ്റ്റാക്കിന് നോക്കി നില്‍ക്കാനെ സാധിച്ചുള്ളൂ. അതുവരെ ടീമിനായി ആര്‍പ്പുവിളിച്ച മഞ്ഞക്കുപ്പായക്കാര്‍ ഇതിനു ശേഷം നിശബ്ധരായി. ഈ ഗോളോടെ ബ്ലാസ്‌റ്റേഴ്‌സും പ്രതിരോധത്തിലേത്ത് വലിഞ്ഞു.  65ാം മിനിറ്റില്‍ ഗോളി സ്റ്റാക്കിനെ തിരിച്ചുവിളിച്ച ബ്ലാസ്‌റ്റേഴ്‌സ് ഇന്ത്യന്‍ ഗോള്‍കീപ്പര്‍ സന്ദീപ് നന്തിയെ കളത്തിലിറക്കി. മൂന്നു മിനിറ്റിനുള്ളില്‍ ഫറൂഖിനു പകരം ബ്ലാസ്റ്റേഴ്‌സ് ബെ ല്‍ഫോര്‍ട്ടിന് അവസരം നല്‍കി.
69ാം മിനിറ്റില്‍ റഫറിയുടെ മോശം തീരുമാനം ബ്ലാസ്‌റ്റേഴ്‌സിനെ ഗോള്‍ നേടുന്നതില്‍ നിന്നു തടഞ്ഞു. പ്രബീറിന്റെ ത്രൂബോള്‍ സ്വീകരിച്ച് ബെല്‍ഫോര്‍ട്ട് കുതിക്കുമ്പോള്‍ ഗോളി മാത്രമേ മുന്നിലുണ്ടായിരുന്നുള്ളൂ. എന്നാല്‍ റഫറി ഓഫ്‌സൈഡ് വിധിച്ചത് കൊല്‍ക്കത്തയെ രക്ഷിച്ചു. എന്നാല്‍ പന്ത് സ്വീകരിക്കുമ്പോള്‍ ബെല്‍ഫോര്‍ട്ട് ഓണ്‍സൈഡായിരുന്നെന്ന് റീപ്ലേകള്‍ തെളിയിച്ചു.
ഇഞ്ചുറിടൈമില്‍ ബ്ലാസ്‌റ്റേഴ്‌സ് താരം ബെല്‍ഫോര്‍ട്ട് കൊല്‍ക്കത്ത ബോക്‌സിനുള്ളില്‍ വീണെങ്കിലും ഡൈവാണെന്ന് ചൂണ്ടിക്കാട്ടി റഫറി മഞ്ഞക്കാര്‍ഡ് നല്‍കിയതോടെ പെനല്‍റ്റിയെന്ന ബ്ലാസ്റ്റേഴ്‌സിന്റെ മോഹവും പൊലിഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 40 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day