|    Dec 10 Sat, 2016 11:57 pm

വീട്ടുപയോഗത്തിനുള്ള എല്‍പിജി വില കൂട്ടി; വിമാന ഇന്ധനവില കുറച്ചു

Published : 2nd December 2016 | Posted By: SMR

ന്യൂഡല്‍ഹി: ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില സിലിണ്ടറിനു 2.07 രൂപ വര്‍ധിപ്പിച്ചു. രാജ്യത്ത് ആറു മാസത്തിനുള്ളില്‍ ഇത് ഏഴാം തവണയാണ് പാചകവാതകവിലയില്‍ വര്‍ധനയുണ്ടാവുന്നത്. ഡല്‍ഹിയില്‍ 14.2 കിലോയുള്ള പാചകവാതക സിലിണ്ടറിന് 432.71 രൂപയാണ് പുതുക്കിയ വില. കഴിഞ്ഞ മാസം ഒന്നിനു സിലിണ്ടറിന്റെ വിലയില്‍ 2.05 രൂപ വര്‍ധിപ്പിച്ചിരുന്നു. അതിനു മുമ്പ് ഒക്ടോബര്‍ 28ന് ഒന്നര രൂപയും കൂട്ടുകയുണ്ടായി. സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്റെ വില 54.5 രൂപയും വര്‍ധിപ്പിച്ചു. ഒരു വര്‍ഷത്തില്‍ ഓരോ വീടിനും അനുവദിച്ച 12 സിലിണ്ടറുകള്‍ക്കു പുറമേ വാങ്ങുന്ന സിലണ്ടറിനാണ് സബ്‌സിഡി ലഭിക്കാത്തത്. നേരത്തേ, മണ്ണെണ്ണവിലയില്‍ നാലാഴ്ച കൂടുമ്പോള്‍ വര്‍ധന വരുത്താന്‍ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നു. ഇതു പ്രകാരം ഇന്നലെ മുതല്‍ മണ്ണെണ്ണയുടെ വില 25 പൈസ വര്‍ധിച്ചു. പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും സബ്‌സിഡി വെട്ടിക്കുറച്ചുകൊണ്ടുവരുന്നതിനു വേണ്ടിയാണ് ഡീസല്‍വിലയുടെ കാര്യത്തില്‍ സ്വീകരിച്ച അതേ രീതി ഇക്കാര്യത്തിലും തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. അതേസമയം, വിമാന ഇന്ധനത്തിന്റെ വില 3.7 ശതമാനം കുറച്ചു. ജെറ്റ് ഓയില്‍ ഒരു കിലോ ലിറ്ററിന് 1881 രൂപയാണ് കുറച്ചത്. 48,379 രൂപയാണ് ഇപ്പോള്‍ ഒരു കിലോ ലിറ്റര്‍ വിമാന ഇന്ധനത്തിന്റെ വില. വിലയില്‍ മാറ്റമുണ്ടാവുന്നതിനു മുമ്പ് 50,260.63 ആയിരുന്നു ഇത്. രണ്ടു തവണ തുടര്‍ച്ചയായി വര്‍ധിപ്പിച്ചതിനു ശേഷമാണ് ഈ കുറവ്. കഴിഞ്ഞ ദിവസം പെട്രോള്‍ വില നേരിയ തോതില്‍ വര്‍ധിപ്പിച്ചിരുന്നു. പെട്രോള്‍ ലിറ്ററിന് 13 പൈസ വര്‍ധിപ്പിച്ചപ്പോള്‍ ഡീസല്‍ വില ലിറ്ററിന് 12 പൈസ കുറയ്ക്കുകയും ചെയ്തിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക