|    Dec 5 Mon, 2016 7:51 am

വീട്ടമ്മയുടെ മരണം ; ആശുപത്രിയുടെ അനാസ്ഥയ്‌ക്കെതിരേ പ്രതിഷേധം ശക്തമാവുന്നു

Published : 19th November 2016 | Posted By: SMR

അടൂര്‍: ഗര്‍ഭപാത്രം നീക്കുന്നതിനുള്ള ശസ്ത്രക്രിയ്ക്ക് ശേഷം  പഞ്ഞിത്തുണി വയറ്റിനുള്ളില്‍ വച്ച് തുന്നിക്കെട്ടിയതിനെ തുടര്‍ന്ന് വീട്ടമ്മ അണുബാധയേറ്റ് മരിച്ച സംഭവത്തില്‍ ജനറല്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധപ്പെരുമഴ. ബന്ധുക്കള്‍ മൃതദേഹവുമായി ആശുപത്രി ഉപരോധിച്ചപ്പോള്‍ വിവിധ രാഷ്ട്രീയ കക്ഷികള്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി.  പത്തനംതിട്ട അഴൂര്‍ ഇളങ്ങള്ളൂര്‍ മോഹനന്റെ ഭാര്യ അമ്പിളി (47) ആണ് അണുബാധയേറ്റ് ബുധനാഴ്ച കോട്ടയം മെഡിക്കല്‍ കോളജില്‍ മരിച്ചത്. കഴിഞ്ഞ മാസം 17നാണ് അമ്പിളിയുടെ ഗര്‍ഭപാത്രം നീക്കാന്‍ ശസ്ത്രക്രിയ നടത്തിയത്. 25ന് ഇവര്‍ ആശുപത്രി വിട്ടു. ഇക്കഴിഞ്ഞ അഞ്ചിന് ഗ്യാസിന്റെ പ്രശ്‌നം ഉണ്ടെന്ന് പറഞ്ഞ് വീണ്ടും ഇവര്‍ ആശുപത്രിയില്‍ ചികില്‍സ തേടി. വിശദമായ പരിശോധനയ്ക്കായി ഇവരെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ഇതിന് ശേഷം അടൂര്‍, പന്തളം എന്നിവിടങ്ങളിലെ രണ്ടു സ്വകാര്യ സ്‌കാനിങ് സെന്ററുകളില്‍ സ്‌കാനിങ് നടത്തി. വയറ്റില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായതായി കാണാതിരുന്നതിനെ തുടര്‍ന്ന് ഗ്യാസ് ട്രബിള്‍ സംബന്ധിച്ച് വിശദമായ പരിശോധനയ്ക്കായി ഇവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. വയറിനുള്ളില്‍ അണുബാധ ഉണ്ടെന്ന് മനസിലാക്കി 13ന് രാത്രി മെഡിക്കല്‍ കോളജില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി. വയറ്റില്‍ നിന്ന് 15 സെന്റിമീറ്റര്‍ നീളവും 10 സെന്റിമീറ്റര്‍ വീതിയും രണ്ടിഞ്ചു കനവുമുള്ള പഞ്ഞിത്തുണി പുറത്തെടുത്തു. ആദ്യം ശസ്ത്രക്രിയ നടത്തിയവര്‍ പഞ്ഞിക്കെട്ട് വയറ്റില്‍ മറന്നു വച്ചവെന്ന് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. പഞ്ഞിത്തുണി കുടുങ്ങിയത് മൂലം ആന്തരികാവയവങ്ങളും കുടലും ഒട്ടിപ്പിടിച്ച നിലയിലായിരുന്നു.ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ഇന്നലെയും ജനറല്‍ ആശുപത്രിയില്‍ ഡ്യൂട്ടിക്കുണ്ടായിരുന്നു. ഇവര്‍ രോഗികളെ പരിശോധിക്കുകയും ചെയ്തിരുന്നുവെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. തങ്ങള്‍ പരിശോധിക്കുകയും സ്‌കാന്‍ ചെയ്യുകയും ചെയ്തപ്പോള്‍ പഞ്ഞിത്തുണി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും സൂപ്രണ്ട് അറിയിച്ചു.വിവരം അറിഞ്ഞ് ഇന്നലെ രാവിലെ മുതല്‍ ആശുപത്രിയിലേക്ക് സമരപ്രളയമായിരുന്നു. 11 മണിയോടെ ഡോക്ടറെ സസ്‌പെന്റെ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി ജനറല്‍ ആശുപത്രിയിലേക്ക് നടത്തിയ  മാര്‍ച്ച് കവാടത്തില്‍ പോലിസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ ഡിസിസി ജനറല്‍ സെക്രട്ടറി എസ് ബിനു ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജോസ് പെരിങ്ങനാട് അധ്യക്ഷത വഹിച്ചു.ജി. മനോജ്, രമാ ജോഗീന്ദര്‍,മനു തയ്യില്‍,അലാവുദ്ദീന്‍, ഗോപുകരുവാറ്റ, അജികളയ്ക്കാട്, അനുഭദ്രന്‍, റിനോ പി രാജന്‍,അലക്‌സ്‌കോയിപുറത്ത്, ഒലികുളങ്ങര സുരേന്ദ്രന്‍ജോബോയി ജോസഫ്, ഷിഹാബുദ്ദീന്‍, രഞ്ജുവയല, എബിപന്തളം, അനന്ദു ബാലന്‍ സംസാരിച്ചു. ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ നേത്യത്വത്തില്‍ അടൂര്‍ ജനറല്‍ ആശുപത്രിയുടെ ഓഫിസ് ഉപരോധിച്ചു.ആരോപണ വിധേയായ ഡോക്ടര്‍ സരസ്വതിയമ്മയെ അവധിയില്‍ പ്രവേശിപ്പിക്കുന്നതിന് നിര്‍ദേശിക്കുമെന്ന് സമരം അറിഞ്ഞ്  ആശുപത്രിയിലെത്തിയ ഡിഎംഒ സോഫിയാബാനു സിപിഎം ഏരിയാ സെക്രട്ടറി പി ബി ഹര്‍ഷകുമാറുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായതിനെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു. ഏതാണ്ടിതേ സമയത്ത് തന്നെയാണ് മൃതദേഹവുമായി അമ്പിളിയുടെ ബന്ധുക്കളും ആംബുലന്‍സില്‍ ആശുപത്രി കവാടത്തില്‍ എത്തിയത്. ഡോക്ടര്‍ക്കെതിരേ നടപടി എടുക്കാമെന്ന് ഡിഎംഒ ഉറപ്പു നല്‍കിയ വിവരം ഇവരെ അറിയിച്ചതിനെ തുടര്‍ന്ന് മടങ്ങിപ്പോയി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day